എറണാകുളത്തുനിന്നും ഒരല്പം സഞ്ചരിച്ച് ഗോശ്രിപ്പാലം കടന്നാല്‍ വല്ലാര്‍പ്പാടത്തെത്താം. ഈ ദ്വീപിലെ പ്രധാന ആകര്‍ഷണിയ കേന്ദ്രം വല്ലാര്‍പാടംപളളിയാണ്. കരുണ തുളുമ്പുന്ന ഇവിടുത്തെ മാതാവ് നാട്ടുകാര്‍ക്ക് വല്ലാര്‍പാടത്തമ്മയാണ്. മീന്‍പിടുത്തം ഉപജീവനമാക്കിയ മനുഷ്യരുടെ ഒരിക്കലും വറ്റാത്ത പ്രതീക്ഷയാണ് ഉണ്ണി ഈശോയെയും കയ്യിലേന്തി നില്ക്കുന്ന ഈ മാതാവിന്റെ തിരുരൂപം. കായലും കടലും ചേര്‍ന്ന ഭൂപ്രകൃതിയില്‍ വെളളത്തിലെ അപകടങ്ങള്‍ ജീവിതത്തോടൊപ്പം തന്നെ പതിയിരിക്കുന്നതിനാല്‍ ഏതൊരു ജലയാത്രയിലും ഇവിടുത്തെ ആളുകള്‍ കൂട്ടിനായി വല്ലാര്‍പാടത്തമ്മയെ വിളിക്കുന്നു. ഈ പതറാത്ത വിശ്വാസത്തിനു പിന്നിലൊരു ഐതിഹ്യകഥയുണ്ട്.
വല്ലാര്‍ പാടം പളളിയുടെ അടുത്തു സ്ഥിതി ചെയ്തിരുന്ന പുരാതനമായ പളളിയില്‍ വീടെന്ന നായര്‍തറവാട്ടിലെ മീനാക്ഷിയെന്ന സ്ത്രീയും അവരുടെ മകനും കൂടി മട്ടാഞ്ചേരിക്ക് വളളത്തില്‍ യാത്രചെയ്യുകയായിരുന്നു. പെട്ടെന്നുണ്ടായ ഒരു കൊടുങ്കാറ്റില്‍പ്പെട്ട വഞ്ചി തകര്‍ന്ന് അമ്മയും മകനും ജീവന്‍ രക്ഷിക്കാനായി പാറക്കൂട്ടങ്ങളില്‍ പിടിച്ച് മൂന്നുദിവസം കിടന്നു. തങ്ങളുടെ ജീവരക്ഷക്കായി അവര്‍ മാതാവിനെ വിളിച്ച് കരഞ്ഞെന്നും രക്ഷനല്കിയാല്‍ ജീവിതം മാതാവിന്റെ സേവക്കായി മാറ്റിവെക്കാമെന്നും അപേക്ഷിച്ചപ്പോള്‍ ഒരത്ഭുതം സംഭവിച്ചത്രെ. അപകടം നടന്ന ആ മൂന്നാം നാളില്‍ വല്ലാര്‍പ്പാടത്തെ പളളിവികാരിയുടെ സ്വപ്‌നത്തില്‍ വന്ന മേരിമാതാവ് അപകടവാര്‍ത്ത കാട്ടിക്കൊടുത്തെന്നും അച്ചന്‍ മുക്കുവരെ അയച്ച് സ്വപ്‌നത്തില്‍ കണ്ട സ്ഥലത്തുനിന്നും മീനാക്ഷിഅമ്മയെയും കുട്ടിയെയും രക്ഷിച്ചു എന്നുമാണ് കഥ. മീനാക്ഷിയമ്മ തന്റെ സത്യം പാലിക്കാനായി ക്രിസ്തുമതം സ്വീകരിച്ച് പളളി പരിസരത്തുതന്നെ ശിഷ്ടജീവിതം മകനോടൊപ്പം ജീവിച്ചെന്നും പറയപ്പെടുന്നു. മീനാക്ഷിയമ്മയുടെ കുടുംബവീട് എന്നു വിശ്വസിക്കപ്പെടുന്ന തറവാട് വല്ലാര്‍പാടത്തു പള്ളിക്കു സമീപത്തായി ഇപ്പോഴും നിലനില്ക്കുന്നു. ഈ സംഭവത്തോടെയാണ് വല്ലാര്‍പാടത്തെ മേരിമാതാവ് കടലിലെ രക്ഷകയെന്ന സങ്കല്പം നിലവില്‍ വന്നത്. ഇപ്പോഴും മീനാക്ഷിയമ്മയുടെ തറവാട്ടില്‍ നിന്നാണ് വല്ലാര്‍പാടം പളളിയിലെ പെരുന്നാളിനുളള ആരംഭചടങ്ങുകള്‍ തുടങ്ങുന്നത്. വല്ലാര്‍പാടം പള്ളിയില്‍, മാതാവിന്റെ കാരുണ്യം നേടിയ മീനാക്ഷി അമ്മയുടെയും മകന്റെയും ചിത്രമുണ്ട്.
ആദ്യമുണ്ടായിരുന്ന വല്ലാര്‍പാടം പളളി പോര്‍ട്ടുഗിസുകാരാണ് പണിതത്, 1524ല്‍. ചര്‍ച്ച് ഓഫ് ഹോളിസിപിരിറ്റ് എന്ന പേരിലായിരുന്നു ആ പഴയപളളി അറിയപ്പെട്ടിരുന്നത്. വെളളപ്പൊക്കത്തില്‍ പോര്‍ട്ടുഗിസുകാര്‍ പണിത പളളി തകര്‍ന്നപ്പോള്‍ ഉണ്ണി ഈശോയുടെയും മാതാവിന്റെയും ചിത്രം കായലില്‍ ഒഴുകിപ്പോയി. ഈ ചിത്രം പിന്നീട് കണ്ടെത്തി തിരിച്ചെടുത്തെത്തിച്ചത് അന്നത്തെ കൊച്ചിരാജാവിന്റെ ദിവാന്‍ ആയിരുന്ന പാലിയത്ത് രാമന്‍വലിയച്ചനായിരുന്നു. ഒരു ബോട്ടില്‍ സഞ്ചരിച്ചാണ് അദ്ദേഹം വെളളത്തില്‍ നിന്നും ചിത്രം എടുത്തത്. അദ്ദേഹം പുതിയപളളി പണിയാനായി ഒന്നരയേക്കര്‍ സ്ഥലവും നല്കി. കൂടാതെ പളളിക്കായി രണ്ട് വിളക്കും ഒരു വര്‍ഷത്തേക്ക് അത് തെളിക്കാനുളള എണ്ണയും നല്കി. ദിവാന്‍ നല്കിയ സ്ഥലത്താണ് ഇപ്പോഴത്തെ പളളി സ്ഥിതി ചെയ്യുന്നത്. പുതിയപള്ളിക്ക് നല്‍കിയ പേര് ഔര്‍ലോഡി ഓഫ് റാന്‍സം എന്നായിരുന്നു. പിന്നീടത് വല്ലാര്‍പാടം പളളിയെന്നും വല്ലാര്‍പാടത്തമ്മയെന്നും പ്രശസ്തമായി. രാമന്‍ വലിയച്ചനോടുളള കടപ്പാടിന്റെയും ആദരവിന്റെയും സൂചനയായി പുതിയ പള്ളി പണിത 1676 മുതല്‍ ദേവാലയത്തിനുള്ളിലെ, രാമന്‍വലിയച്ചന്‍ നല്‍കിയ വിളക്കില്‍ തിരിതെളിച്ചു പോരുന്നു. പള്ളി പെരുന്നാളിന്റെ സമയത്ത് സെപ്തംബര്‍ 24ന് ഈ വിളക്കു കെടുത്തും, പിന്നീട് പാലിയത്തു നിന്നുളള ഒരംഗം വന്ന് പുതിയവര്‍ഷത്തേക്കുളള വിളക്കു തെളിയിക്കും. ഈ ചടങ്ങ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴും നിലനില്‍ക്കുന്നു.
വല്ലാര്‍പാടത്തമ്മയുടെ അനുഗ്രഹത്താല്‍ ആഗ്രഹസാഫല്യം നടന്നവര്‍ നന്ദിസൂചകമായി പളളിമുറ്റവും പരിസരവും അടിക്കുന്ന നേര്‍ച്ചയും ഇവിടെയുണ്ട്. വൈറ്റ് വാഷിന്റെ വെണ്മയാണ് ഈ പളളിക്കുളളത്. മേരിമാതാവിന്റെ അത്ഭുതങ്ങള്‍ ‘വല്ലാര്‍പാടത്തമ്മ’ എന്ന പേരില്‍ ടെലിവിഷന്‍ പരമ്പരക്കും വിഷയമായി.
മത്സ്യത്തൊഴിലാളികള്‍ പുതിയ ബോട്ടുവാങ്ങിയാല്‍ പളളിയിലെത്തിച്ച് അനുഗ്രഹം വാങ്ങുക പതിവാണ്. കടലിലിറങ്ങും മുമ്പെ മാതാവിന്റെ മുന്നിലെത്തി കാത്തുകൊളളണേ എന്നു പ്രാര്‍ത്ഥിച്ചു പോകുന്നതും ഇവിടെ പതിവാണ്. കടലോരപ്രദേശമായതിനാല്‍ കാറ്റും അപകടങ്ങളും ഇവിടെ പതിവാണ്,എല്ലാ ദുരിതങ്ങളില്‍ നിന്നും തങ്ങളെ കാത്തുരക്ഷിക്കാന്‍ അമ്മ ഉണ്ടെന്ന വിശ്വാസത്തിലാണ് ഇവിടുത്തുകാരുടെ ഓരോ ജലയാത്രകളും.
ബെസേലിക്ക പദവിയിലുളള ദേശിയ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടത്തേക്ക് തീര്‍ത്ഥാടകര്‍ ധാരാളമായി എത്തുന്നു. സെപ്തംബര്‍ മാസത്തില്‍ നടക്കുന്ന ഇവിടുത്തെ പെരുന്നാള്‍ പ്രശസ്തമാണ്. ഒരാഴ്ച നീണ്ടുനില്ക്കുന്ന വ്യാപാരം നിരവധി ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.
ലോകരക്ഷക്കായി തന്റെ ഉണ്ണിയുടെ കുരിശിലേറ്റം കാണേണ്ടി വന്ന മേരിമാതാവ് ഒരു ദേശത്തിന്റെ രക്ഷാദൈവമാകുന്ന കാഴ്ചയാണ് വല്ലാര്‍പാടത്തേത്.
Post Your Comments