തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സൂപ്പർക്ലാസ് ബസുകളിൽ യാത്രക്കാരെ നിറുത്തിക്കൊണ്ടുപോകുന്നത് വിലക്കിയ ഹൈക്കോടതി വിധി മറികടക്കാൻ മോട്ടോർവാഹന ചട്ടം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനം. ഒരു നിശ്ചിത ശതമാനം യാത്രക്കാർക്ക് നിന്ന് യാത്ര ചെയ്യാൻ ഇതുവഴി സാധിക്കും. മോട്ടോർവാഹന ചട്ടം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സർക്കാരിന് കത്ത് നൽകിയിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിച്ച സർക്കാർ ചട്ടം പരിഷ്‌ക്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകും.
യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും കെ.എസ്.ആർ.ടി.സിയുടെ അവസഥ പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. അടുത്ത ആഴ്‌ച തന്നെ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കുമെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി. കേരള മോട്ടോർവാഹനചട്ടം 267(2) ആണ് സൂപ്പർക്ലാസ് ബസുകളിൽ അനുവദിച്ചിട്ടുള്ള സീറ്റുകളേക്കാൾ കൂടുതൽ യാത്രക്കാരെ കയറ്റുന്നത് വിലക്കുന്നത്. ഈചട്ടം ഭേദഗതി ചെയ്യാനുള്ള അവകാശം സർക്കാരിനുണ്ട്. ഇതിന് കോടതിവിധി തടസമാകില്ലെന്നാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ച നിയമോപദേശം.
Post Your Comments