Latest NewsArticleWomenNews Story

വിശ്വാസം അതല്ലേ എല്ലാം… അഞ്ചര പവനില്‍ നാല് പവനും മെഴുക്!

പെണ്ണായാല്‍ പൊന്നുവേണം.. പെണ്ണിന് പൊന്നണിയാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പെണ്ണിന്റെ ഈ പൊന്നിനോടുള്ള ആഗ്രഹത്തെ അക്ഷയത്രിതീയ മുതല്‍ പല പേരുകളില്‍ കച്ചവടക്കാര്‍ മുതലാക്കുന്നുമുണ്ട്. ഇതിനെല്ലാം പിന്നില്‍ താരങ്ങള്‍ അണിനിരക്കുന്ന പരസ്യത്തിനു പ്രധാന പങ്കുണ്ട്. സിനിമാ താരങ്ങളുടെ പരസ്യ പ്രചാരണം കണ്ടു മനം മയങ്ങി സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്… മേക്കപ്പ് കൊണ്ടും അഭിനയം കൊണ്ടും ആളെ പറ്റിക്കുന്ന പരസ്യങ്ങളുമായി എത്തുന്നവരെ വിശ്വസിക്കരുത്. പ്രമുഖ താരങ്ങള്‍ അതും ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരവും മലയാളത്തിന്റെ ലേഡി സൂപ്പര്‍താരവും വിശ്വാസം അതല്ലേ എല്ലാം എന്ന് പറഞ്ഞു ആകര്‍ഷകമായ ഓഫറുകള്‍ നിരത്തുകയും ചെയ്യുമ്പോള്‍, ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാതെ മലയാളികള്‍ സ്വര്‍ണ്ണത്തിനായി ജൂവലറികള്‍ കയറിയിറങ്ങുന്നു. എന്നാല്‍ വിവിധ ജൂവലറികളുടെ പരസ്യം കണ്ട് സ്വര്‍ണം വാങ്ങാന്‍ തിരക്ക് കൂട്ടുന്നവര്‍ അറിയാന്‍ ഇതാ ഒരു വാര്‍ത്ത. അഞ്ച് വര്‍ഷം മുന്‍പ് വാങ്ങിയ അഞ്ചര പവന്‍ സ്വര്‍ണം പണയം വെക്കാന്‍ കൊണ്ടു പോയപ്പോള്‍ അതില്‍ സ്വര്‍ണ്ണത്തിന്റെ അളവ് വെറും ഒന്നര പവന്‍ മാത്രം! അഞ്ചു പവനില്‍ ബാക്കി മുഴുവന്‍ മെഴുകായിരുന്നു. 4 പവന്‍ സ്വര്‍ണത്തിന്റെ എന്ന് കരുതി നല്‍കിയ പണം മെഴുകിനായിരുന്നു. ഇതാണോ വിശ്വാസം!

തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ജൂവലേഴ്സില്‍ നിന്നും നെയ്യാറ്റിന്‍കര സ്വദേശികള്‍ വാങ്ങിയ സ്വര്‍ണ്ണമാണ് മെഴുകായി മാറിയിരിക്കുന്നത്. എന്തായാലും സംഭവം പൊലീസ് കേസാകും എന്ന ഘട്ടം വന്നതോടെ പണം നല്‍കി തടി തപ്പിയിരിക്കുകയാണ് ജുവല്ലറി ഉടമകള്‍. കൂടാതെ വരുമാന മാര്‍ഗ്ഗത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഈ വാര്‍ത്ത മുഖ്യ ധാര മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.

ജൂവലറിയില്‍ നിന്നും കല്യാണ ആവശ്യത്തിന് 2013 നവംബറില്‍ ആണ് ആന്റീക് മോഡല്‍ നെക്‌ളേസ് 49.580 ഗ്രാം ഇതില്‍ കല്ലിന്റെ തൂക്കം കഴിച്ച്‌ 43.5 ഗ്രാം ഏകദേശം 5.5 പവന്‍ വാങ്ങിയത്. എന്നാല്‍ 17-03-2018-ല്‍ ബാങ്കില്‍ പണയം വയ്ക്കാന്‍ കൊടുത്തപ്പോള്‍, ബാങ്ക് അപ്രൈസറുടെ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന വിവരമായിരുന്നു. അതിലെ സ്വര്‍ണം വെറും 12 ഗ്രാം മാത്രം അതായത് വെറും ഒന്നര പവന്‍. സ്വര്‍ണാഭരണത്തിന്റെ അകഭാഗത്ത് മെഴുകു കട്ടകള്‍ നിറച്ചു വെച്ചിരിക്കയായിരുന്നു. അങ്ങനെ ബാക്കി 4 പവന്റെ കാശ് മുഴുവന്‍, ആഭരണത്തിന്റെ അകത്തു നിറച്ചിരുന്ന മെഴുകിനായിരുന്നു നല്‍കിയത്. ഇതോടെ ആഭരണം വാങ്ങിയ ജുവലറിയില്‍ തിരിച്ചു കൊണ്ടു ചെന്നപ്പോള്‍ ബ്രാഞ്ച് മാനേജര്‍ പറഞ്ഞതാകട്ടെ ഇത്തരം ആഭരണം മെഴുകില്‍ ആണ് നിര്‍മ്മിക്കുന്നതെന്നും, അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നുമാണ്. ഏതായാലും മെഴുകിന് സ്വര്‍ണത്തിന്റെ വില നല്‍കാന്‍ തയ്യാറുള്ള ആരെങ്കിലും ഉണ്ടാവുമോ എന്ന ചോദ്യം കസ്റ്റമര്‍ തിരിച്ചു ചോദിച്ചു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ മുഴുവന്‍ കാശും ഉപഭോക്താകള്‍ക്ക് തിരികെ നല്‍കി കേസ് ഒത്തു തീര്‍പ്പാക്കി.

എന്നാല്‍ ഇത് ആദ്യ സംഭവം ആയിരിക്കുമോ? പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന നാണക്കേടുകള്‍ കൊണ്ട് ഇത്തരം സംഭവങ്ങള്‍ പുരത്തിയിക്കാത്ത എത്രയോ പേര്‍ ഉണ്ടാകും. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ പേരില്‍ പറ്റിക്കപ്പെടുന്ന വാര്‍ത്തകള്‍ നിരന്തരം വരുകയാണ്. അതില്‍ നിന്നും പാഠം പഠിക്കാത്ത മലയാളികള്‍ക്ക് ഇതാ ഒരു പുതിയ പാഠം കൂടി. വിശ്വാസം അതല്ലേ എല്ലാം എന്ന് പരസ്യ വാചകം മാത്രമാക്കി മാറ്റുന്ന വ്യവസായികള്‍ക്ക് മുന്നില്‍ പറ്റിക്കപ്പെടാന്‍ ഇനിയും മലയാളികള്‍ മാത്രമല്ല … സ്വര്‍ണ്ണത്തിനോട് ആഗ്രഹമുള്ള എല്ലാ സ്ത്രീകളും ബാക്കി..

കാലില്‍ സ്വര്‍ണ്ണം ധരിക്കുന്നത് ദോഷമോ?

പവിത്ര പല്ലവി

shortlink

Related Articles

Post Your Comments

Related Articles


Back to top button