കൊച്ചി: അഴിമതിയും ഗുരുതരമായ പെരുമാറ്റദൂഷ്യവും തെളിഞ്ഞതിനെ തുടര്‍ന്ന് മൂവാറ്റുപുഴ സബ് ജഡ്ജിയായിരുന്ന കെ. സന്തോഷ്‌കുമാറിനെ തരംതാഴ്ത്തിക്കൊണ്ട് ഗവര്‍ണര്‍ ഉത്തരവിട്ടു. ഹൈക്കോടതി നല്‍കിയ ശുപാര്‍ശ അനുസരിച്ചാണ് ഗവര്‍ണറുടെ നടപടി. കീഴ്‌ക്കോടതി ന്യായാധിപന്മാരെ നിയമിക്കുന്നതും നടപടി എടുക്കുന്നതും ഗവര്‍ണറാണ്. സന്തോഷ്‌കുമാറിനെ മുന്‍സിഫായിട്ടാണ് തരംതാഴ്ത്തിയിരിക്കുന്നത്.
ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സന്തോഷ്‌കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ശേഷം കേരളത്തില്‍ എവിടെയെങ്കിലും മുന്‍സിഫായി നിയമനം നല്‍കുമെന്ന് ഹൈക്കോടതി വൃത്തങ്ങള്‍ അറിയിച്ചു. നിയമനം നല്‍കിക്കഴിഞ്ഞാലും അദ്ദേഹത്തെ നിരീക്ഷിക്കും. മൂവാറ്റുപുഴയിൽ സബ് ജഡ്ജിയായി ജോലി നോക്കവേ അനുകൂലമായ വിധി എഴുതാന്‍ ചിലരില്‍ നിന്ന് സന്തോഷ്‌കുമാര്‍ പണം കൈപ്പറ്റിയിരുന്നതായി ആരോപണം ഉണ്ടായിരുന്നു.
ഒരു ന്യായാധിപന് ചേരാത്ത രീതിയിലുള്ള ഗുരുതരമായ പെരുമാറ്റദൂഷ്യവും ആരോപിക്കപ്പെട്ടു. തുടർന്ന് ഹൈക്കോടതി നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ പെരുമാറ്റ ദൂഷ്യങ്ങള്‍ തെളിഞ്ഞതിനാല്‍ ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാരും പങ്കെടുത്ത യോഗമാണ് സന്തോഷ്‌കുമാറിനെ തരംതാഴ്ത്താന്‍ ശുപാര്‍ശ നല്‍കിയത്. കേരള സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ചാണ് നടപടി. ഇതിനെതിരേ സന്തോഷ്‌കുമാറിന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ വ്യവസ്ഥയുണ്ട്.
Post Your Comments