കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിനെതിരായ തെളിവുകള്‍ അന്വേഷണസംഘത്തിനു കൈമാറാമെന്ന് റിമാന്‍ഡ് പ്രതികളില്‍ ഒരാള്‍ അറിയിച്ചു. കുറ്റകൃത്യത്തിനു മുന്നോടിയായി കേസിലെ ഒന്നാം പ്രതി സുനില്‍കുമാറും (പള്‍സര്‍ സുനി) ദിലീപും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പൊലീസിനു കൈമാറാമെന്നാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഒരു പ്രതി അടുത്ത ബന്ധു മുഖേന സൂചിപ്പിച്ചത്. തെളിവുകള്‍ കൈമാറുന്നതിനു പുറമെ കോടതിയെ ഇക്കാര്യം നേരിട്ടു ബോധിപ്പിക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.
ഇതിന്റെ മേല്‍നടപടികള്‍ സംബന്ധിച്ച് അന്വേഷണസംഘം നിയമോപദേശം തേടും. കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിപ്പട്ടികയിലുള്ളയാളെ മാപ്പുസാക്ഷിയാക്കുന്ന കീഴ്വഴക്കമില്ലാത്ത സാഹചര്യത്തിലാണ് പ്രതികളിലൊരാളുടെ ഈ ‘കൂറുമാറ്റം’ പൊലീസ് രഹസ്യമായി സൂക്ഷിച്ചു നിയമോപദേശം തേടുന്നത്. അടുത്ത ബന്ധുവഴി പ്രതി അന്വേഷണ സംഘവുമായി ബന്ധപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു.
കോടതിയില്‍ ജാമ്യാപേക്ഷ വരുമ്പോള്‍ പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരിക്കുന്നതിനുള്ള തന്ത്രമായാണ് ഇതിനെ പൊലീസ് ആദ്യം കണ്ടത്. എന്നാല്‍, പ്രതി പിന്നീടു കൈമാറിയ രഹസ്യവിവരങ്ങള്‍ പരിശോധിച്ചു നിജസ്ഥിതി ബോധ്യപ്പെട്ട ശേഷമാണ് അന്വേഷണസംഘം ഇപ്പോഴിതിനെ ഗൗരവത്തോടെ കാണുന്നതെന്നാണ് സൂചന.
നിലവില്‍ സുനില്‍കുമാറിനു പുറമേ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ കൊരട്ടി തിരുമുടിക്കുന്ന് പൗവത്തുശേരിയില്‍ മാര്‍ട്ടിന്‍ ആന്റണി ,തമ്മനം മണപ്പാട്ടിപറമ്പില്‍ മണികണ്ഠന്‍ ,കതിരൂര്‍ മംഗലശേരി വി.പി. വിജേഷ്, ഇടപ്പള്ളി കുന്നുംപുറം പാലിക്കാമ്പറമ്പില്‍ സലിം (വടിവാള്‍ സലിം) ,തിരുവല്ല പെരിങ്ങറ പഴയ നിലത്തില്‍ പ്രദീപ് ,പത്തനംതിട്ട കോഴഞ്ചേരി സ്‌നേഹഭവനില്‍ സനില്‍കുമാര്‍ (മേസ്തിരി സനില്‍) എന്നിവരാണ്. ഇവരിൽ ആരാണ് തെളിവ് നൽകാമെന്ന് പറഞ്ഞതെന്ന വിവരം പോലീസ് ഇനിയും വെളിയിൽ വിട്ടിട്ടില്ല.
Post Your Comments