മുംബൈ : ലോക വാഹന വിപണിയില്‍ ജര്‍മനിയെ പിന്തള്ളി ഇന്ത്യ. ലോകത്തെ അഞ്ചാമത്തെ വലിയ വാഹന വിപണിയെന്ന നേട്ടത്തിലേക്കാണ് ഇന്ത്യ ഓടിക്കയറിയത്. വാണിജ്യ , യാത്രാവാഹന വിഭാഗങ്ങളിലായി ഇന്ത്യയില്‍ മൊത്തം 40 ലക്ഷത്തോളം വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം വിറ്റു. അതായത് ഇന്ത്യയിലെ മൊത്തം വാഹന വില്‍പ്പനയില്‍ 9.5% വര്‍ധന. അതേസമയം 2.8% വളര്‍ച്ച കൈവരിച്ചെങ്കിലും ജര്‍മനിയിലെ മൊത്തം വാഹന വില്‍പ്പന 38 ലക്ഷം യൂണിറ്റായി ചുരുങ്ങി.
മാരുതി സുസുക്കിയുടെ വിറ്റാര ബ്രേസ, ഹ്യുണ്ടായ് ക്രേറ്റ തുടങ്ങിയവ ഉള്‍പ്പെട്ട യൂട്ടിലിറ്റി വാഹന വിഭാഗമാണ് ഇന്ത്യയുടെ നേട്ടത്തിനു പിന്നില്‍. ടാറ്റ നെക്സോണ്‍, ജീപ് കോംപസ്, ഫോക്സ്വാഗന് ടിഗ്വന്‍, സ്കോഡ കോഡിയൊക് തുടങ്ങിയവയുടെ വരവും തിളക്കം കൂട്ടി.
സാമ്പത്തികമേഖലയിലെ പുത്തനുണര്‍വും അടിസ്ഥാന സൗകര്യ വികസനത്തിനു കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പ്രധാന്യവും വാണിജ്യ വാഹനങ്ങളില്‍ അമിത ഭാരം കയറ്റുന്നതിനുള്ള വിലക്കുമൊക്കെ ഈ സാമ്പത്തിക വര്‍ഷത്തിലും രാജ്യത്തെ വാഹന വില്‍പ്പനയ്ക്ക് ഊര്‍ജം പകരുമെന്ന പ്രതീക്ഷയിലാണ് വിപണി.
Post Your Comments