ചെങ്ങന്നൂരിൽ പണിയാൻ പോകുന്ന ഇടത്താവളം വിഷയത്തിൽ പ്രതികരണവുമായി കുമ്മനം രാജശേഖരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരാന്‍റെ പന്തിയിലെ വിളമ്പ്’ എന്നൊരു പ്രയോഗം ദേവസ്വംമന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ കേൾക്കാതിരിന്നിട്ടുണ്ടാകില്ലെന്നും ഇതാണ് ചെങ്ങന്നൂരിൽ കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികൾ നിർമ്മിക്കാൻ പോകുന്ന ഇടത്താവള സമുച്ചയത്തിന്‍റെ കാര്യത്തിൽ സംഭവിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. കേന്ദ്രസ്ഥാപനങ്ങൾ നൽകിയ പണം ഉപയോഗിച്ച് തന്നെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അത് സമ്മതിക്കാനുള്ള മര്യാദ കാണിക്കാത്തതിന് കാരണം കടകംപള്ളിയുടെ ദുരഭിമാനമാണെന്നും കുമ്മനം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ആരാന്‍റെ പന്തിയിലെ വിളമ്പ്’ എന്നൊരു പ്രയോഗം ദേവസ്വംമന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ കേൾക്കാതിരിന്നിട്ടുണ്ടാവില്ല. ഇതാണ് ചെങ്ങന്നൂരിൽ കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികൾ നിർമ്മിക്കാൻ പോകുന്ന ഇടത്താവള സമുച്ചയത്തിന്‍റെ കാര്യത്തിൽ സംഭവിക്കുന്നത്. 2018 മാർച്ച് 20 ന് തിരുവിതാംകൂർ ദേവസ്വംബോർഡ് കമ്മീഷണർ എൻ വാസുവും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കേരള റീട്ടെയില്‍ ഹെഡ് നവീന്‍ ചരണും ഒപ്പിട്ട കരാർ അനുസരിച്ചാണ് ക്ഷേത്രഭൂമിയിൽ ശബരിമല തീർത്ഥാടകർക്കായി ഇടത്താവള സമുച്ചയം പണിയാൻ ധാരണയായത്. ഇതിൽ കേന്ദ്ര സർക്കാരിന് യാതൊരു പങ്കാളിത്തവും ഇല്ലെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്യേശിച്ചുള്ളതാണ്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാരുമായി ബന്ധമില്ലെന്ന കടകംപള്ളിയുടെ നിലപാട് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതാണോ?. കേന്ദ്രപൊതുമേഖലാ സ്ഥാനങ്ങളിൽ കേന്ദ്ര സർക്കാരിന് പങ്കില്ലെങ്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സംസ്ഥാന സർക്കാരിന് എന്താണ് പങ്കാളിത്തം?. ദേവസ്വം കമ്മീഷണർ ഒപ്പിടുന്ന കരാറിന്‍റെ പിതൃത്വം സംസ്ഥാന സർക്കാരിനാണെങ്കിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഒപ്പിടുന്ന കരാറിന് ആർക്കാണ് അവകാശമുള്ളതെന്ന് കടകംപള്ളി പറയണം. ഇവിടെയാണ് ഞാൻ ആദ്യം ചൂണ്ടിക്കാണിച്ച ചോറൂണിന്‍റെ കഥ പ്രസക്തമാകുന്നത്.
കരാർ അനുസരിച്ച് കെട്ടിടം പണിയുന്നതിനുള്ള ചെലവ് പൂർണ്ണമായും വഹിക്കുന്നത് കേന്ദ്ര കമ്പനികളാണ്. അതായത് സംസ്ഥാന സർക്കാരിനോ ദേവസ്വം ബോർഡിനോ പണമില്ലാത്തതിനാൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനം പണം മുടക്കുന്നു. കടകംപള്ളി സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ നയിക്കുന്ന സംസ്ഥാന സർക്കാരിന് കീഴിൽ നൂറോളം പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടായിട്ടും എന്തിനാണ് കേന്ദ്ര സർക്കാരിനെ ഇതിന് ആശ്രയിക്കുന്നത്?. കാരണം കൈയിട്ടുവാരി വിഴുങ്ങി നിങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളെ അഷ്ടിക്ക് വകയില്ലാത്ത ഗതിയിലാക്കി. കേരളത്തിലെ ഏതെങ്കിലും ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഇത്രയും പണം മുടക്കാൻ ഗതിയുണ്ടോ ശ്രീ.കടകംപള്ളി സുരേന്ദ്രൻ?
അതു പോകട്ടെ ഇത്തരം സൗകര്യങ്ങൾ ഒരുക്കുകയെന്നത് കോടികൾ വരുമാനമുണ്ടാക്കുന്ന ദേവസ്വം ബോർഡിന്‍റെ ധാർമ്മിക ബാധ്യതയല്ലേ? അത് നിറവേറ്റാൻ എന്താണ് തടസ്സമെന്ന് അങ്ങ് വിശദീകരിക്കണം.
താങ്കൾ ഭരിച്ചതും ഇപ്പോൾ ഭരിക്കുന്നതുമായ വകുപ്പുകളുടെ കീഴിൽ നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടല്ലോ?. അവയിലെതെങ്കിലും ഒന്നിന് ഇത്തരമൊരു ദൗത്യം ഏറ്റെടുക്കാനുള്ള ഗതിയുണ്ടോ?. KSRTCയെ ഭരിച്ച് മുടിച്ച് ഇന്ന് ഈ കാണുന്ന കോലത്തിലാക്കിയത് താങ്കളുടെ സഹപ്രവർത്തകരാണ്.
ആയ കാലത്ത് എല്ലുമുറിയെ പണിയെടുത്ത തൊഴിലാളിക്ക് നിങ്ങൾ തിരികെ നൽകിയത് പട്ടിണിയും പരിവട്ടവും മാത്രമാണ്.
ശബരിമല സീസണിൽ മാത്രം ലാഭത്തിലാകുന്ന KSRTCക്ക് ഇത്തരമൊരു പദ്ധതി നടപ്പാക്കാൻ എന്തേ കഴിയാതെ പോയി? ശബരിമല സീസണിൽ മാത്രം 10,000 കോടി രൂപയുടെ റവന്യൂ വരുമാനം സംസ്ഥാന സർക്കാരിന് ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത് താങ്കളുടെ സഹപ്രവർത്തകനായ പഴയ ദേവസ്വം മന്ത്രി ജി സുധാകരനാണ്. ഇതിന് പുറമേയാണ് വൈദ്യുത വകുപ്പിനും ടൂറിസം വകുപ്പിനും ഉണ്ടാകുന്ന വരുമാനം. ഇവർക്കൊന്നും ഇത്തരമൊരു ഇടത്താവളം പണിത് ഭക്തൻമാർക്ക് നൽകണമെന്ന് തോന്നാഞ്ഞത് എന്തുകൊണ്ടാണ്.
ഇനി കാര്യത്തിലേക്ക് വരാം.30 വർഷത്തെ പാട്ടക്കാലാവധിയിലാണ് ദേവസ്വം വകുപ്പ് പെട്രോൾ പമ്പ് പണിയാൻ എണ്ണക്കമ്പനികൾക്ക് ഭൂമി വിട്ടു നൽകുന്നത്. ചെങ്ങന്നുരിന് പകരമായി നൽകുന്ന വണ്ടാനത്തെ ഭൂമി വില അനുസരിച്ച് 4.12 കോടി രൂപയാണ് പാട്ടം ഇനത്തിൽ എണ്ണക്കമ്പനി ദേവസ്വത്തിന് നൽകേണ്ടത്. എന്നാൽ കമ്പനി ഇവിടെ ചെലവഴിക്കുന്നത് 10 കോടിയാണ്. കേരളത്തിൽ മൊത്തം 11 ഇടത്താവളങ്ങൾക്കായി പാട്ടം ഇനത്തിൽ 41.87 കോടി രൂപ മാത്രമേ കമ്പനി ചെലവഴിക്കേണ്ടതുള്ളൂ. എന്നാൽ 86.82 കോടിയാണ് കേന്ദ്ര കമ്പനിയുടെ മുതൽ മുടക്ക്. ഈ ഇടപാടിൽ എന്താണ് ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും അനുവദിക്കുന്ന സൗജന്യം?.
അപ്പോള്‍ കാര്യങ്ങൾ വ്യക്തമാണ്. കേന്ദ്രസ്ഥാപനങ്ങൾ നൽകിയ പണം ഉപയോഗിച്ച് തന്നെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അത് സമ്മതിക്കാനുള്ള മര്യാദ കാണിക്കാത്തതിന് കാരണം താങ്കളുടെ ദുരഭിമാനം മാത്രമാണ്. കേന്ദ്ര സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്ന് കൈനീട്ടി പണം ചോദിച്ചു വാങ്ങുക, പിന്നീട് അവരെ ഭർത്സിക്കുക. ഈ നയം താങ്കളേപ്പോലെ മാന്യനായ ഒരു വ്യക്തിക്ക് ചേർന്നതാണോ എന്ന് കടകംപള്ളി ചിന്തിക്കണം. അതിനാൽ താങ്കള്‍ നടത്തിയ ‘എട്ടുകാലി മമ്മൂഞ്ഞ്’ പ്രയോഗം താങ്കൾക്ക് തന്നെയാണ് ചേരുന്നതെന്ന് മനസ്സിലായിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
Post Your Comments