Latest NewsNewsIndia

സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം തടയാന്‍ കര്‍ശന നടപടികളുമായി യോഗി ആദിത്യനാഥ്

ലക്നൗ: ഗുണ്ടകളുടെ വിളയാട്ടത്തിന് അറുതിവരുത്താന്‍ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ കഴിഞ്ഞ 24 മണിക്കൂറിനകം യുപിയില്‍ അരങ്ങേറിയത് ആറ് ഏറ്റുമുട്ടലുകള്‍. ഇതില്‍ രണ്ട് കൊടുംകുറ്റവാളികള്‍ രണ്ടിടത്ത് പൊലീസുമായി ഉണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഡല്‍ഹിയുടെ അടുത്ത പ്രദേശമായ നോയ്ഡയിലും സഹാരണ്‍പുരിലും ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടുപേരെ പൊലീസ് വെടിവച്ചിട്ടത്. വിവിധ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ അഞ്ചുപേര്‍ക്ക് ഈ ഏറ്റുമുട്ടലുകളില്‍ പരിക്കേറ്റിട്ടുണ്ട്.

യുപിയില്‍ കൊടുംകുറ്റവാളികള്‍ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന് അടുത്തിടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം ഗുണ്ടാ ഓപ്പറേഷന്‍ പലയിടത്തായി നടന്നത്.

നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേരാണ് ഇപ്പോള്‍ കൊല്ലപ്പെട്ടവര്‍. തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട, ഒട്ടേറെ കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ശ്രാവണ്‍ ചൗധരിയാണ് നോയിഡ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇയാള്‍ക്കെതിരെ നോയിഡയിലും ഡല്‍ഹിയിലും നിരവധി കേസുകളുണ്ട്.

രണ്ടു പൊലീസ് സ്റ്റേഷനില്‍ നിന്നും അരലക്ഷം രൂപ വീതം ഇയാളെ പിടികൂടുന്നവര്‍ക്കായി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വെടിവയ്പില്‍ ഇന്‍സ്പെക്ടര്‍ക്കും രണ്ടു പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കും പരുക്കേറ്റിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇയാളുടെ ഒളിവിടം കണ്ടെത്തി പൊലീസ് വളഞ്ഞത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ വെടിയുതിര്‍ത്തു.

പ്രത്യാക്രമണത്തില്‍ വെടിയേറ്റു വീണ ശ്രാവണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇയാളില്‍ നിന്ന് ഒരു എകെ 47 തോക്കും ഒരു നാടന്‍ തോക്കും പിടിച്ചെടുത്തു. ഇയാള്‍ നോയിഡയിലെ ഒരു സ്ഥലത്ത് എത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് ഓപ്പറേഷന്‍. പൊലീസിനെ കണ്ടതോടെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ശ്രാവണ്‍ എന്ന് പൊലീസ് പറഞ്ഞു.

തലയ്ക്കു കാല്‍ ലക്ഷം രൂപ വിലയിട്ട കുറ്റവാളി കഴിഞ്ഞ ദിവസം രാത്രി സഹാറന്‍പുര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അഹ്സാന്‍ എന്നയാളാണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഒരുലക്ഷം രൂപയും ഒരു പിസ്റ്റളും ബൈക്കും സംഭവസ്ഥലത്തു നിന്നു പിടിച്ചെടുത്തു. ഒരു പൊലീസുകാരനും ഏറ്റുമുട്ടലിനിടെ പരുക്കേറ്റു.

ഇന്നലെ പുലര്‍ച്ചെയാണ് ഈ സംഭവം. ബൈക്കില്‍ എത്തി പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഒരാള്‍ രക്ഷപ്പെട്ടുവെന്ന സന്ദേശം ലഭിച്ചാണ് ഇയാളെ പിന്തുടര്‍ന്നത്. പണം കൈക്കലാക്കാനുള്ള ശ്രമത്തിനിടെ നവാബിനെ ഇയാള്‍ വെടിവച്ചതായും പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞയുടന്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി. ചില്‍ക്കാന റോഡിലെ ചെക്ക് പോയിന്റിലേക്ക് അമിത വേഗതയില്‍ ബൈക്കില്‍ രണ്ടുപേര്‍ എത്തി. തടഞ്ഞപ്പോള്‍ വെടിയുതിര്‍ത്തു. ഇതോടെയാണ് പൊലീസ് തിരിച്ചും വെടിവച്ചതും അഹ്സാന്‍ കൊല്ലപ്പെടുന്നതും.

ദാദ്രിയില്‍ ഉണ്ടായ മറ്റൊരു വെടിവയ്പില്‍ ജിതേന്ദര്‍ എന്ന ഒരു കുറ്റവാളിക്ക് പരിക്കേറ്റു. ഇയാളുടെ പക്കല്‍ നിന്ന് 25,000 രൂപ കണ്ടെടുത്തു. ഇവിടെയും പൊലീസിന് നേരെ വെടിവയ്പുണ്ടായി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button