കൊല്‍ക്കത്ത : രാമനവമി ദിനമായ ഞായറാഴ്ച ബംഗാളിലെങ്ങും റാലികളും വര്‍ണശബളമായ ഘോഷയാത്രകളും സംഘടിപ്പിച്ചു ബിജെപിയുടെയും തൃണൂമൂല്‍ കോണ്‍ഗ്രസിന്റെയും ‘രാഷ്ട്രീയ യുദ്ധം’. ബംഗാളിലെ ഹിന്ദുക്കളെ ഏകീകരിക്കാനുള്ള ആദ്യ നീക്കമെന്ന വിശേഷണത്തോടെയാണു ബിജെപി സംസ്ഥാന ഘടകം ബംഗാളിലെങ്ങും രാമനവമി റാലികള്‍ സംഘടിപ്പിച്ചത്. ഇതോടെ ബംഗാളിന്റെ ചരിത്രത്തിലാദ്യമായി രാമനവമി റാലികളുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.
മഹാനവമി റാലിയും മറ്റു ഹൈന്ദവ ഉല്‍സവങ്ങളും ബിജെപിയുടെ കുത്തകയല്ല എന്നു തെളിയിക്കുന്നതിനായിരുന്നു ഇത്. ബംഗാള്‍ ജനതയെ രാമനവമി ദിനത്തിന്റെ പേരില്‍ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാനാണു തങ്ങള്‍ റാലികളും ഘോഷയാത്രകളും സംഘടിപ്പിക്കുന്നതെന്നും തൃണമൂല്‍ വ്യക്തമാക്കി.
പതിവുള്ളതുപോലെ ഇക്കുറി ആയുധങ്ങളുമായി റാലി നടത്താന്‍ അനുവദിക്കില്ലെന്നു ബിജെപിയെ ഉദ്ദേശിച്ചു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. പാരമ്പര്യമെന്ന ഘടകം ചൂണ്ടിക്കാട്ടി ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തു ബിജെപി സംസ്ഥാന ഘടകവും രംഗത്തെത്തിയതോടെ വ്യാപകമായ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെയാണ് ഇത്തവണ റാലികള്‍ സംഘടിപ്പിക്കപ്പെട്ടത്. സംസ്ഥാനത്ത് അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തങ്ങള്‍ നടത്തിയ റാലിയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തതായി ബിജെപി സംസ്ഥാന ഘടകം അവകാശപ്പെട്ടു. ഹിന്ദുവിരുദ്ധത മുഖമുദ്രയാക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സംസ്ഥാനത്തെ ഹിന്ദുക്കളെ ഒന്നിപ്പിക്കാനുള്ള ആദ്യ ശ്രമമാണു രാമനവമി റാലികളെന്നും ബിജെപിയുടെ ബംഗാളിലെ അധ്യക്ഷന്‍ ദിലീപ് ഘോഷ് വ്യക്തമാക്കി.
മുതിര്‍ന്ന ബിജെപി നേതാക്കളായ മുകുള്‍ റോയി, സായന്തന്‍ ബസു തുടങ്ങിയവരെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ രാമനവമി റാലിയില്‍ പങ്കാളികളായി. ഇതിനു മറുപടിയായി മുതിര്‍ന്ന നേതാക്കളെ അണിനിരത്തിയായിരുന്നു തൃണമൂലിന്റെയും രാമനവമി റാലികള്‍. മുതിര്‍ന്ന മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സദന്‍ പാണ്ഡെ തുടങ്ങിയവര്‍ തൃണമൂല്‍ റാലികളിലും പങ്കെടുത്തു.
തൃണമൂല്‍ കോണ്‍ഗ്രസ് പോലും രാമനവമി ആഘോഷിക്കാന്‍ മുന്നിട്ടിറങ്ങുന്നതു തങ്ങളുടെ ഹിന്ദുത്വ അജന്‍ഡയുടെ വിജയമാണെന്നു ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ അവകാശപ്പെട്ടു. ബംഗാളില്‍ മാറ്റം അനിവാര്യമാണ് എന്നതിന്റെ തെളിവാണു മമത ബാനര്‍ജിയുടെ പാര്‍ട്ടി പോലും രാമനവമി ആഘോഷിക്കുന്നതും റാലികള്‍ സംഘടിപ്പിക്കുന്നതും. ഹിന്ദുത്വത്തിനു മുന്നില്‍ മമത മുട്ടുമടക്കിയതിന്റെ തെളിവാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
Post Your Comments