ബംഗളൂരു : ന്യൂജെന്‍ യുവാക്കളുടെ സങ്കല്‍പ്പങ്ങള്‍ മാറുകയാണ്. കയ്യില്‍ സ്വിസ് വാച്ച്. കാലില്‍ അഡിഡാസിന്റെ ഷൂ. പാട്ടു കേള്‍ക്കാന്‍ ഐപോഡ്. കഴിക്കാന്‍ കെഎഫ്സി അങ്ങനെയായിരുന്നു ന്യൂജെനറേഷന്കാരുടെ ജീവിതം. വിദേശ ബ്രാന്‍ഡുകളോടും കമ്പനികളോടുമുള്ള ഇന്ത്യക്കാരന്റെ പ്രിയം ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല. ഒരു വിദേശ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി കൂടി കിട്ടിയാല്‍ പിന്നെ അവതാരലക്ഷ്യം പൂര്‍ത്തിയായി.
എന്നാല്‍ ജോലിയുടെ കാര്യത്തിലെ ഈ വിദേശകമ്പനി ഭ്രമത്തിനു മാറ്റം വന്നു കൊണ്ടിരിക്കുന്നതായാണ് ഏറ്റവും പുതിയ വിവരം. ഇന്ത്യന്‍ പ്രഫഷനലുകള്‍ക്ക് ഇപ്പോള്‍ ഇന്ത്യയിലെ ടെക്ക്, മൊബൈല്‍, ഇന്റര്‍നെറ്റ് കമ്പനികളോടാണു പ്രിയമെന്നു സാമൂഹിക മാധ്യമമായ ലിങ്ക്ഡ് ഇന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടു ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യന്‍ പ്രഫഷനലുകള്‍ ഏറ്റവുമധികം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന 25 കമ്പനികളുടെ റാങ്കിങ്ങില്‍ ഇത്തവണ ആദ്യമെത്തിയത് ഡയറക്ടി, ഫ്ളിപ്പ്കാര്‍ട്ട്, പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് എന്നിവയാണ്. പട്ടികയില്‍ ഈ മൂന്നു ഇന്ത്യന്‍ കമ്പനികള്‍ക്കും പിന്നിലായി നാലാമതും ഏഴാമതും ഒക്കെയാണ് ആമസോണിന്റെയും ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്ഫബറ്റിന്റെയുമൊക്കെ സ്ഥാനം.
ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കുന്ന പ്രഫഷനലുകളുടെ, സാമൂഹികമാധ്യമത്തിലെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തയാറാക്കിയത്. രണ്ടു വര്‍ഷം തുടര്‍ച്ചയായി രണ്ടാം സ്ഥാനത്തു നിന്ന ശേഷമാണ് ആമസോണ്‍ നാലാം സ്ഥാനത്തേക്ക് ഇറങ്ങിയത്.
ഓയോ, ഒല, മേയ്ക്ക് മൈ ട്രിപ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണു പട്ടികയിലുള്ള മറ്റ് ഇന്ത്യന്‍ കമ്പനികള്‍. ഡൊമൈന്‍ പോര്‍ട്ട്ഫോളിയോ റജിസ്ട്രി റാഡിക്സ്, വോയിസ് കോളിങ് ആപ്പ് റിങ്കോ, മെസേജിങ് ടൂള്‍ ഫ്ലോക്, ഡിജിറ്റല്‍ മീല്‍ വൗച്ചര്‍ സേറ്റ എന്നിവയെല്ലാം മുംബൈ അടിസ്ഥാനമായുള്ള ഡയറക്ടി കമ്പനിയുടെ സംഭാവനയാണ്. മക്കന്‍സി, ഇവൈ, അഡോബ്, മോര്ഗന് സ്റ്റാലി, ജനറല്‍ ഇലക്ട്രിക്, യൂണിലിവര്‍, ഗോള്‍ഡ്മാന്‍ സാക്സ്, പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളും പട്ടികയിലുണ്ട്.
Post Your Comments