കണ്ണൂര്‍: ശുഹൈബ് വധക്കേസില മുഖ്യപ്രതി ആകാശ് തില്ലങ്കേരി പെണ്‍കുട്ടിക്കൊപ്പം ജയിലില്‍ കഴിഞ്ഞ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നല്‍കിയ പരാതിയില്‍ ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ച കേസിലെ പ്രതികള്‍ക്ക് ജയിലില്‍ വഴിവിട്ട സഹായങ്ങള്‍ ലഭിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ രംഗത്തു വന്നിരുന്നു.
ഷുഹൈബ് വധക്കേസിലെ പ്രതി ആകാശിന് കഴിഞ്ഞ ദിവസം മുഴുവന്‍ കൂത്തുപറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിക്കൊപ്പം ജയിലില്‍ കഴിയാന്‍ ഉദ്യോഗസ്ഥര്‍ അവസരമൊരുക്കിയെന്നായിരുന്നു സുധാകരന്‍റെ പരാതി. മൂന്ന് ദിവസത്തോളം പെണ്‍കുട്ടി ജയിലില്‍ കയറിയിറങ്ങിയെന്നും ആരോപണമുണ്ട്. ഷുഹൈബ് കേസിലെ പ്രതികളുടെ സെല്‍ പൂട്ടാറില്ലെന്നും ഇവര്‍ക്ക് ജയിലില്‍ വലിയ സ്വാതന്ത്ര്യമാണെന്നും സുധാകരന്‍റെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ആകാശ് അടക്കമുള്ള പ്രതികള്‍ കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലിലാണ് കഴിയുന്നത്. ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെ സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. സിപിഎം പ്രവർത്തകരാണ് കൊല നടത്തിയതെങ്കിൽ അവർക്ക് ജയിലിൽ എല്ലാ സുഖസൗകര്യങ്ങളും ഗവണ്മെന്റ് നൽകുമെന്നും സുധാകരൻ ആരോപിച്ചിരുന്നു.
Post Your Comments