KeralaLatest NewsNews

കീഴാറ്റൂരില്‍ തുറന്ന പോരിനൊരുങ്ങി സിപിഎമ്മും വയല്‍ക്കിളികളും

കണ്ണൂര്‍: വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ നാളെ കീഴാറ്റൂരിലേക്കു മാര്‍ച്ച്‌ നടത്താനിരിക്കെ, പുറത്തുനിന്നുള്ളവരെ കീഴാറ്റൂരില്‍ കയറ്റില്ലെന്ന് സി.പി.എമ്മിന്റെ മുന്നറിയിപ്പ്. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇന്നു കീഴാറ്റൂരിലേക്കു മാര്‍ച്ച്‌ നടത്തും.പരിസ്ഥിതി പ്രവര്‍ത്തകരെയും പൊതു പ്രവര്‍ത്തകരെയും സംഘടിപ്പിച്ച് സമരം കൂടുതല്‍ വിപുലപ്പെടുത്താനാണ് വയല്‍ക്കിളികളുടെ നീക്കം.

ദേശീയ പാത ബൈപാസിനെതിരെ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ ആശയപരമായി പല തവണ പ്രതിരോധിച്ചു മടങ്ങിയ സിപിഎം ഇനിയവരെ തെരുവില്‍ തന്നെ നേരിടാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സമരസമിതിയും കാവല്‍പ്പുരയും രൂപീകരിച്ച തുടര്‍ന്നുള്ള ദിവസങ്ങളില്‍ വയല്‍ക്കിളികളെ മുഖാമുഖം നേരിടാനാണ് പാര്‍ട്ടി തീരുമാനം. കീഴാറ്റൂരില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നുമാണ് സമരത്തിനൊരുങ്ങുമ്പോള്‍ സിപിഎമ്മിന്റെ നിലപാട്. .

ഇതിനിടെ സി.പി.എമ്മിന്റെ ഭീഷണി ഉയര്‍ന്നതോടെ സംഘര്‍ഷ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് നല്‍കി. മാര്‍ച്ചിനെത്തുന്നവരെ തടയാന്‍ നീക്കമുണ്ടെന്നും സംശയിക്കപ്പെടുന്നു. ആരെങ്കിലും പാര്‍ട്ടിഗ്രാമത്തില്‍ പ്രവേശിച്ചാല്‍ തടയുമെന്നാണ് സി.പി.എം. സൂചിപ്പിക്കുന്നത്. തളിപ്പറമ്ബ് ടൗണ്‍ സ്‌ക്വയര്‍ പരിസരത്തുനിന്ന് ഉച്ചയ്ക്കു രണ്ടു മണിയോടെ കീഴാറ്റൂരിലേക്കു മാര്‍ച്ച്‌ തുടങ്ങും. കീഴാറ്റൂര്‍ വയലില്‍ സമരപ്പന്തല്‍ പുനഃസ്ഥാപിച്ചശേഷം പൊതുയോഗവുമുണ്ടാവും.

കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികള്‍ക്കു പിന്തുണയുമായി ചലച്ചിത്രനടനും സംവിധായകനുമായ ജോയ് മാത്യു കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ചു. ബൈപാസ് വിഷയത്തില്‍ സര്‍ക്കാര്‍ മര്‍ക്കടമുഷ്ടി വെടിയണമെന്ന് അദ്ദേഹം പറഞ്ഞു. കീഴാറ്റൂരിലേത് കുടിവെള്ളത്തിന്റെയും ജൈവവൈവിധ്യങ്ങളുടെ നിലനില്‍പ്പിന്റെയും പ്രശ്‌നമാണ്. ഇതിനെ പ്രാദേശിക പ്രശ്‌നമായി ചുരുക്കരുത്. ഇത്രയും സജീവമായ ഒരു വയല്‍പ്രദേശത്തെ എങ്ങനെയാണ് നശിപ്പിക്കാന്‍ തോന്നുന്നത്. ഇത്രയും ജനങ്ങളുടെ സങ്കടത്തിന് മുകളില്‍കൂടി എങ്ങനെയാണ് വാഹനമോടിച്ച്‌ പോവുക. – ജോയ് മാത്യു ചോദിച്ചു.

സിപിഎമ്മിന്റേയും വയല്‍ക്കിളികളുടേയും സമരപരിപാടികള്‍ അടുത്തടുത്ത ദിവസങ്ങളില്‍ നടക്കുമ്പോള്‍ കനത്ത പൊലീസ് കാവലിലാണ് കീഴാറ്റൂര്‍ ഗ്രാമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button