Latest NewsNewsGulf

വിമാന യാത്രക്കാര്‍ക്കായി ലഗേജ് സംബന്ധിച്ച് ദുബായ് വിമാനത്താവള അധികൃതരുടെ അറിയിപ്പ്

ദുബായ് : വിമാനയാത്രക്കാര്‍ക്കായി ലഗേജ് സംബന്ധിച്ച് ദുബായ് വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് ഇറക്കി. ലോകത്തെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളില്‍ ഒന്നാണ് ദുബായ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ നിരന്തരം ഉപയോഗിക്കുന്ന വിമാനത്താവളം. പലപ്പോഴും നമ്മുടെ യാത്രകള്‍ക്കിടെ വില്ലനായി വരുന്ന ഒന്നാണ് ബാഗേജ് പ്രശ്‌നങ്ങള്‍. കൃത്യമായി ലഗേജ് പാക്ക് ചെയ്താല്‍ യാത്രക്കാര്‍ക്ക് അവരുടെ സമയവും പണവും ലാഭിക്കാം എന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്ന ഉപദേശം. ദുബായ് വിമാനത്താവളം വഴിയുള്ള യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ നിരവധി നേട്ടങ്ങളുണ്ട്.

ലഗേജുകളുടെ ഒരു വശം നിര്‍ബന്ധമായും പരന്നതായിരിക്കണം. ഉരുണ്ടതോ, കൃത്യമായ ആകൃതിയില്ലാത്തതോ ആയ ലഗേജുകള്‍ അനുവദിക്കുന്നതല്ല.

100 മില്ലിയില്‍ കൂടുതലുള്ള ദ്രാവക പദാര്‍ഥങ്ങള്‍ ഹാന്‍ഡ് ലഗേജില്‍ സൂക്ഷിക്കാന്‍ പാടില്ല.

ദ്രാവക പദാര്‍ഥങ്ങള്‍ തെളിഞ്ഞതും അടച്ചുറപ്പുള്ളതുമായ പ്ലാസ്റ്റിക് ബാഗില്‍ വേണം സൂക്ഷിക്കാന്‍.

സാധാരണയായി രണ്ടു തരത്തിലുള്ള ബാഗേജ് ആണ് രാജ്യാന്തര യാത്രകള്‍ക്ക് അനുവദിക്കുക. 32 കിലോയില്‍ കൂടുതല്‍ ഇല്ലാത്തവയായിരിക്കണം ഇത്. ഓരോ വിമാനക്കമ്പനിയുടെയും നിയമം വ്യത്യസ്തമായിരിക്കും. അതിനാല്‍ യാത്രയ്ക്ക് മുന്‍പ് ഇക്കാര്യത്തില്‍ ഉറപ്പ് വരുത്തണം.

90 സെന്റീമീറ്ററില്‍ അധികം നീളം, 75 സെന്റീമീറ്ററില്‍ അധികം ഉയരം, 60 സെന്റീമീറ്ററില്‍ അധികം വീതി അല്ലെങ്കില്‍ പരന്ന ആകൃതിയില്‍ ഇല്ലാത്ത ലഗേജുകള്‍ എന്നിവ ഓവര്‍ സൈസ്ഡ് ബാഗേജ് കൗണ്ടറില്‍ ആണ് പരിശോധിക്കുക. ഇതിന് കൂടുതല്‍ സമയം ആവശ്യമാണ്. യാത്രയ്ക്ക് മുന്‍പ് ഈ പരിശോധനയ്ക്കുള്ള സമയം കൂടി കരുതണം.

നിശ്ചിത ഭാരത്തില്‍ കൂടുതല്‍ സാധനങ്ങള്‍ ലഗേജില്‍ ഉണ്ടെങ്കില്‍ അവയ്ക്ക് പ്രത്യേകം പണം നല്‍കണം. അല്ലെങ്കില്‍ ഇവ റീപായ്ക്ക് ചെയ്യേണ്ടി വരും.

പുതിയ നിയമം അനുസരിച്ച് സംശയകരമായ രീതിയില്‍ കാണുന്ന ലഗേജ് ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് എയര്‍പോര്‍ട്ട് സെക്യൂരിറ്റി (ജിഡിഎഎസ്) അധികൃതര്‍ക്ക് പരിശോധിക്കാവുന്നതാണ്. ഇതിന് ലഗേജിന്റെ ഉടമസ്ഥനായ യാത്രക്കാരന്റെ സാന്നിധ്യം ആവശ്യമില്ല. ഇതിലുണ്ടാകുന്ന കോട്ടങ്ങള്‍ ജിഡിഎഎസിന്റെ ഉത്തരവാദിത്തവും അല്ല.

ശ്രദ്ധിക്കാം ചില പൊതുകാര്യങ്ങള്‍

സ്വകാര്യ വസ്തുക്കള്‍ ഹാന്‍ഡ് ലഗേജില്‍ തന്നെ സൂക്ഷിക്കുക.

എളുപ്പത്തില്‍ എടുക്കാന്‍ സാധിക്കുന്ന സ്ഥലത്ത് ലാപ്‌ടോപ്പ് സൂക്ഷിക്കുക. സുരക്ഷാ പരിശോധന സമയത്ത് പ്രത്യേക ട്രേ ലാപ് ടോപ് പരിശോധനയ്ക്കായി ലഭിക്കും.

എപ്പോഴും യാത്രയ്ക്ക് പോകുമ്പോള്‍ പഴയ ബാഗേജ് ടാഗുകള്‍ നീക്കം ചെയ്യുക. വിവിധ ബാഗേജ് ടാഗുകള്‍ കണ്ടാല്‍ ഒരു പക്ഷേ, ബാഗേജ് സിസ്റ്റം നിങ്ങളുടെ ലഗേജ് നിരാകരിക്കും.

കഴിയുന്നതും കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ ലഗേജ് കൊണ്ടുപോകുന്നത് ഒഴിവാക്കുക. ഇത്തരം ലഗേജുകള്‍ കൈകൊണ്ടാണ് പരിശോധിക്കുക. അതിനാല്‍ തന്നെ കൂടുതല്‍ സമയമെടുക്കും. കൂടാതെ, ഇത്തരം കാര്‍ബോര്‍ഡ് പെട്ടികള്‍ക്ക് ഉറപ്പും കുറവായിരിക്കും.

ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ മറക്കരുത്.

ദുബായ് വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയത്

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button