തിരുവനന്തപുരം സബ് കളക്ടറും കോണ്‍ഗ്രസ് എം എല്‍ എ ശബരി നാഥിന്റെ ഭാര്യയുമായ ദിവ്യ എസ് അയ്യര്‍ വീണ്ടും കുരുക്കില്‍. ഭര്‍തൃപിതാവിന്റെ സുഹൃത്തിന് കുടുംബത്തിനും ചട്ടം ലംഘിച്ചു ഭൂമി പതിച്ചു നല്കിയെന്ന പരാതി നിലനില്‍ക്കുമ്പോള്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ പുതിയ ആരോപണം ഉയരുകയാണ്. വര്‍ക്കലയിലെ ഭൂമി ഇടപാടിനു പിന്നാലെ കാട്ടാക്കട കുറ്റിച്ചല്‍ പഞ്ചായത്തില്‍ സബ് കളക്ടര്‍ ഇടപെട്ട ഭൂമി ഇടപാടില്‍ ക്രമവിരുദ്ധ നടപടികളുണ്ടായെന്നാണ് ആക്ഷേപം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് റവന്യൂ മന്ത്രി ലാന്റ് റവന്യൂ കമ്മീഷണറോട് നിര്‍ദേശിച്ചു.
വര്‍ക്കല അയിരൂരിലെ റോഡിനോട് ചേര്‍ന്ന 27 സെന്റ് സ്ഥലം സ്വകാര്യ വ്യക്തിക്ക് തിരിച്ചു നല്‍കിയ സബ് കളക്ടറുടെ നടപടി നേരത്തെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദവും. തിരുവനന്തപുരത്തെ കുറ്റിച്ചല്‍ പഞ്ചായത്തില്‍ ചന്തപ്പറമ്പിനോട് ചേര്‍ന്ന ഒരേക്കറോളം വരുന്ന ഭൂമിയില്‍ പത്ത് സെന്റ് സ്വകാര്യ വ്യക്തിക്ക് പതിച്ചുനല്‍കിയ സബ് കളക്ടറുടെ നടപടിയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. വര്‍ക്കലയില്‍ കോണ്‍ഗ്രസ് ബന്ധമുള്ള വ്യക്തിക്ക് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി തിരിച്ചുനല്‍കിയതിനു സമാനമായി കുറ്റിച്ചല്‍ പഞ്ചായത്തിലും കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധമുള്ള വ്യക്തിക്കാണ് ഭൂമി കൈമാറിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള നസീറിനാണ് ഭൂമി പതിച്ചുനല്‍കിയത്. വില്ലേജ്, പഞ്ചായത്ത് രേഖകളില്‍ പുറമ്പോക്കാണെന്ന് രേഖപ്പെടുത്തിയ ഭൂമിയില്‍ നിന്നാണ് നസീറിന് പതിച്ചുനല്‍കിയതെന്ന് ആരോപണമുണ്ട്. ഭൂമി വിട്ടുനല്‍കണമെന്ന് നസീര്‍ നേരത്തെ ആവശ്യമുന്നയിക്കുകയും പലതവണ പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
വര്‍ക്കല, കാട്ടാക്കട വിവാദം ശക്തമാകുമ്പോള്‍ ദിവ്യ കലക്ടര്‍ പദവി ദുരുപയോഗം ചെയ്തുവെന്നു വിമര്‍ശനം ശക്തമാകുകയാണ്. കൂടാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വ്യക്തികള്‍ക്ക് ആണ് ദിവ്യ ഭൂമി പതിച്ചു നല്‍കിയതെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ഭര്‍ത്താവിനെ മണ്ഡലത്തില്‍ ഇത്തരം ഒരു പ്രവര്‍ത്തി നടത്തിയത്തിനു ശബരിനാഥിന്റെ പിന്തുണയും ഉണ്ടെന്നും പരോക്ഷ ആരോപണം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിവാദ ഭൂമി ഇടപാടുകള്‍ അന്വേഷിക്കാന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
കാര്‍ത്തികേയന്‍ സമ്പാദിച്ച പേര് മകനും മരുമകളും കൂടി കളങ്കപ്പെടുത്തുമ്പോള്‍
വര്‍ഷങ്ങളായി അവകാശതര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയാണിത്. ഏഴ് തവണ നസീറിന്റെ അപേക്ഷ റവന്യൂ ഉദ്യോഗസ്ഥര്‍ അന്വേഷണ ശേഷം തള്ളിയിരുന്നു. 2015ലാണ് ഏറ്റവും ഒടുവില്‍ നസീര്‍ പരാതി സമര്‍പ്പിച്ചത്. ഇതുപ്രകാരം തഹസില്‍ദാര്‍ അന്വേഷണം നടത്തുകയും പഞ്ചായത്ത് പുറമ്പോക്കാണ് നസീര്‍ ആവശ്യപ്പെടുന്ന സ്ഥലമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് സബ് കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടതും വില ഈടാക്കി നസീറിന് പത്ത് സെന്റ് പതിച്ചുനല്‍കിയതും. 17.07.2017ല്‍ ആണ് ഭൂമി പതിച്ചു നല്‍കാന്‍ സബ് കലക്ടറുടെ ഉത്തരവ് വന്നത്. എന്നാല്‍ മുമ്പ് തഹസില്‍ദാറും ജില്ലാ കലക്ടര്‍മാരും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അപേക്ഷ തള്ളിയ സംഭവം അന്വേഷിക്കാതെ ഏകപക്ഷീയമായാണ് സബ് കലക്ടര്‍ തീരുമാനമെടുത്തതെന്നാണ് ആരോപണം. ഇപ്പോള്‍ അരക്കോടിയിലേറെ വിലവരുന്ന വസ്തുവാണ് മാര്‍ക്കറ്റ് വില താഴ്ത്തിക്കാണിച്ച് 6,75,000 എന്ന തുകക്ക് പതിച്ചു നല്‍കിയിരിക്കുന്നത്. ഗുണഭോക്താവിനെ മാത്രം വിളിച്ച് ഹിയറിംഗ് നടത്തിയെന്ന ആരോപണവും സബ് കലക്ടര്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.
നസീറിന്റെ നിലപാടുകള്‍ പരിശോധിച്ചാണ് ദിവ്യ എസ് അയ്യര്‍ നടപടിയെടുത്തത്. വര്‍ഷങ്ങളായി കരമടച്ച് വരുന്ന ഭൂമിയാണിതെന്ന് നസീര്‍ പറയുന്നു. തന്റെ കൈവശമുള്ള ഭൂമിയാണിതെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഭൂമി വിട്ട് നല്‍കിയപ്പോള്‍ നിശ്ചയിച്ച വില അധികമാണെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ തന്റെ ഭാഗത്ത് യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്ന് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പ്രതികരിച്ചു. എല്ലാ രേഖകളും കൃത്യമായി പരിശോധിച്ച ശേഷമാണ് താന്‍ നടപടിയെടുത്തതെന്ന് സബ് കളക്ടര്‍ വ്യക്തമാക്കുന്നു. വര്‍ക്കലയിലെ ഭൂമി ഇടപാടിന്റെ കാര്യത്തിലും സമാനമായ നടപടി തന്നെയാണ് സ്വീകരിച്ചതെന്നും സബ് കളക്ടര്‍ വിശദീകരിച്ചു.
അനില്‍ കുമാര്‍
Post Your Comments