
ബംഗളുരു: ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നത് സിദ്ധരാമയ്യ സര്‍ക്കാറിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ലിംഗായത്ത് എന്ന വിഭാഗത്തില്‍ തങ്ങളെ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് വീരശൈവ ലിംഗായത്തുകള്‍ മുന്നോട്ടുവന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
ആള്‍ ഇന്ത്യ വീരശൈവ ലിംഗായത്ത് മഹാസഭയുടെ പ്രസിഡന്‍റും കോണ്‍ഗ്രസ് എം.എല്‍.എയുമായ ഷമനൂര്‍ ശിവശങ്കരപ്പയും മകനും സംസ്ഥാന മന്ത്രിയുമായ എസ്.എസ് മല്ലാകാര്‍ജുനയും തീരുമാനം നടപ്പാക്കിയാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന് പ്രസ്താവിച്ചു. ഷമനൂര്‍ ശിവശങ്കരപ്പ സര്‍ക്കാരിന്‍റെ തീരുമാനത്തെ തിങ്കളാഴ്ച സ്വാഗതം ചെയ്തിരുന്നു. എന്നാൽ രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം മലക്കം മറിഞ്ഞതും കടകവിരുദ്ധമായ തീരുമാനം പ്രഖ്യാപിച്ചതും.
“തിങ്കളാഴ്ച ഞാന്‍ പെട്ടെന്ന് തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. ബസവ തത്വങ്ങളെ അംഗീകരിക്കുന്നവരെ ലിംഗായത്ത് ആയി പരിഗണിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനയച്ച ശുപാര്‍ശയില്‍ പറയുന്നത്. എന്നാല്‍ വീരശൈവര്‍ ബസവണ്ണ ജീവിച്ചിരുന്ന 12ാം നൂറ്റാണ്ടിന് മുന്‍പ് തന്നെ വീരശൈവ സമുദായം ഉണ്ടായിരുന്നു. സര്‍ക്കാര്‍ ഞങ്ങളെ പറ്റിക്കുകയായിരുന്നു” ഷമനൂര്‍ ശിവശങ്കരപ്പ പറഞ്ഞു.
Post Your Comments