സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു.
ബസ് യാത്രക്കാരായ സ്ത്രീകൾ ടിക്കറ്റെടുക്കാൻ തയ്യാറാകാത്ത സംഭവങ്ങളുണ്ടെന്ന് ഫെഡറേഷൻ കത്തിൽ സൂചിപ്പിച്ചു. ‘തങ്ങൾ പണം നൽകില്ലെന്നും ടിക്കറ്റ് ചാർജ് സർക്കാർ നൽകുമെന്നും പറഞ്ഞ് വനിതാ യാത്രക്കാർ പ്രശ്നമുണ്ടാക്കുന്ന സ്ഥിതി ആണെന്നും’- കത്തിൽ പറയുന്നു.
ഗവൺമെന്റ് ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നതാണ് കർണാടകയിൽ കോൺഗ്രസിന്റെ അഞ്ചാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം. മംഗളൂരുവിലെ ഒരു പൊതു റാലിയിൽ വച്ചാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇത് പ്രഖ്യാപിച്ചത്. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുന്ന ആദ്യ ദിവസം തന്നെ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്നും രാഹുൽ ഗാന്ധി അന്ന് പറഞ്ഞിരുന്നു.
എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഓരോ കുടുംബത്തിലെയും സ്ത്രീക്ക് 2,000 രൂപ പ്രതിമാസ സഹായം, ഒരു ബിപിഎൽ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും 10 കിലോ അരി സൗജന്യം, ബിരുദധാരികളായ യുവാക്കൾക്ക് എല്ലാ മാസവും 3,000 രൂപ എന്നിവയാണ് കോൺഗ്രസിന്റെ മറ്റ് നാല് വാഗ്ദാനങ്ങൾ.
Post Your Comments