Latest NewsNewsBusiness

എസ്.ബി.ഐയിലും തട്ടിപ്പ് : 800 കോടിയ്ക്ക് മുകളില്‍ തിരിച്ചടയ്ക്കാതെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ഉടമകള്‍ മുങ്ങി

ചെന്നൈ : പഞ്ചാബ് നാഷനല്‍ ബാങ്കിനു (പിഎന്‍ബി) പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും (എസ്ബിഐ) തട്ടിപ്പ്. ചെന്നൈ ആസ്ഥാനമായ കനിഷ്‌ക് ഗോള്‍ഡ് കമ്പനി 824.15 കോടി രൂപ വായ്പയെടുത്തു മുങ്ങിയെന്നാണു റിപ്പോര്‍ട്ട്. ജനുവരിയില്‍ നടന്ന തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സിബിഐയ്ക്കു പരാതി നല്‍കിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഭൂപേഷ് കുമാര്‍ ജെയിന്‍, ഭാര്യ നീത ജെയിന്‍ എന്നിവരാണു കനിഷ്‌ക് ജ്വല്ലറി ശൃംഖലയുടെ പ്രമോട്ടര്‍മാരും ഡയറക്ടര്‍മാരും. എസ്ബിഐയുടെ നേതൃത്വത്തില്‍ 14 പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണു കനിഷ്‌കിനു വായ്പ നല്‍കിയത്. പലിശയുള്‍പ്പെടെ 1000 കോടി രൂപയ്ക്കു മുകളില്‍ തിരിച്ചടയ്ക്കാനുണ്ട്. 2017 മാര്‍ച്ചിലാണു കമ്പനി തിരിച്ചടവ് മുടക്കിയത്. ആദ്യം എട്ടു ബാങ്കുകള്‍ക്കും പിന്നീട് 14 ബാങ്കുകള്‍ക്കും പണമടയ്ക്കുന്നത് നിര്‍ത്തി.

തിരിച്ചടവ് മുടങ്ങിയതോടെ മാര്‍ച്ച് 25ന് കനിഷ്‌കിന്റെ കോര്‍പറേറ്റ് ഓഫിസിലും ഫാക്ടറിയിലും ഷോറൂമിലും ബാങ്ക് അധികൃതര്‍ എത്തി. പക്ഷെ എല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. തുടര്‍ന്നു നവംബറില്‍, കനിഷ്‌ക് കമ്പനി അക്കൗണ്ട് തട്ടിപ്പാണെന്ന് എസ്ബിഐ റിസര്‍വ് ബാങ്കിനെ അറിയിച്ചു. ജനുവരി 25ന് തട്ടിപ്പു നടന്നെന്നാണു എസ്ബിഐ സിബിഐയെ അറിയിച്ചത്. ബാങ്കുകള്‍ക്കു ജ്വല്ലറി ഉടമകളെ ബന്ധപ്പെടാനായിട്ടില്ല.

ജ്വല്ലറി ഉടമകള്‍ മൗറിഷ്യസിലേക്കു കടന്നെന്നാണു കരുതുന്നത്. സിബിഐ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തെന്നാണ് അറിയുന്നത്. എസ്ബിഐയെ കൂടാതെ, പഞ്ചാബ് നാഷനല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, യൂകോ ബാങ്ക്, തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍ ബാങ്ക് എന്നിവയാണു തട്ടിപ്പിന് ഇരയായത്.

എസ്ബിഐ (215 കോടി), പിഎന്‍ബി (115 കോടി), യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (50 കോടി), സിന്‍ഡിക്കേറ്റ് ബാങ്ക് (50 കോടി) എന്നിവരാണ് കൂടുതല്‍ കബളിക്കപ്പെട്ടത്. വജ്രവ്യാപാരി നീരവ് മോദിയും വ്യാപാര പങ്കാളിയും അമ്മാവനുമായ മൊഹുല്‍ ചോക്‌സിയും പിഎന്‍ബിയില്‍ 13,000 കോടിയുടെ തട്ടിപ്പാണു നടത്തിയത്. ഇവര്‍ക്കെതിരെ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button