തിരുവനന്തപുരം : തിരുവനന്തപുരം പോത്തന്‍കോടുള്ള ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ വിദേശ വനിതയുടെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു. ഒരാഴ്ച തികഞ്ഞിട്ടും കണ്ടെത്താനാകാതെ പൊലീസ് നട്ടം തിരിയുകയാണ്. ഫോണും പാസ്പോർട്ടുമെല്ലാം ഉപേക്ഷിച്ച് ഒരു ഓട്ടോയിൽ കയറി കോവളത്തുപോയ ലിഗയെ കുറിച്ച് പിന്നീട് ഒരു അറിവുമില്ലെന്നാണ് സഹോദരിയുടെ പരാതി. കഴിഞ്ഞ ദിവസം ഓച്ചിറയിൽ വച്ച് ലിഗയെ ചിലർ കണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പോത്തൻകോട് എസ്.ഐയും സംഘവും അവിടെ എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
നീല നിറത്തിലുള്ള ടീ ഷർട്ടും കറുത്ത ലെഗിൻസുമാണ് കാണാതാകുമ്പോൾ ലിഗ ധരിച്ചിരുന്നത്. വിഷാദ രോഗത്തിന്റെ ചികിത്സയ്ക്കായാണ് കഴിഞ്ഞ മാസം 21ന് അയർലന്റുകാരിയായ ലിഗ സ്ക്രോമെനും സഹോദരി ലിൽസിയും പോത്തൻകോട് അരുവിക്കരകോണത്തുള്ള ആശുപത്രിയിലെത്തുന്നത്. ലിഗയെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എംബസിയ്ക്കും ബന്ധുകൾ പരാതി നൽകിയിരുന്നു.
എന്നാൽ ഇതുകൊണ്ടൊന്നും പ്രയോജനം ലഭിക്കാത്തതിനെ തുടർന്ന് ലിഗയെ കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ബന്ധുക്കൾ. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0471 – 2716100 , 9497980148 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് പോത്തൻകോട് പൊലീസ് അറിയിച്ചു. മുമ്പ് വർക്കലയിൽ വച്ചും ലിഗയെ കാണാതായി പരാതിയുണ്ടായിരുന്നു. അന്ന് നടത്തിയ അന്വേഷണത്തിനൊടിൽ യുവതിയെ ബീച്ചിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
Post Your Comments