തിരുവനന്തപുരം: കാര്യവട്ടം കുരിശടി സ്വദേശികളായ ഷിഹാബുദ്ദീന്‍ – ബുഷ്‌റ ദമ്പതികളുടെ ഏകമകന്‍ മൂന്നര വയസുകാരന്‍ ഇഹ്‌സാനുല്‍ ഹക്കിന് ആശ്വാസമായി സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷന്‍. ഗുരുതര പ്രമേഹം ബാധിച്ച ഇഹ്‌സാനുല്‍ ഹക്കിന് 5.5 ലക്ഷം വിലയുള്ള അത്യാധുനിക ഇന്‍സുലിന്‍ പമ്പ് അടങ്ങിയ കിറ്റ് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നല്‍കി. കൃത്യസമയത്ത് ആവശ്യമായ അളവില്‍ ഇന്‍സുലിന്‍ നല്‍കുന്ന സംവിധാനമാണ് ഇന്‍സുലിന്‍ പമ്പ്. ചെറിയൊരു സൂചി ശരീരത്തിനോട് ചേര്‍ത്തുവച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ മന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു.
ഒരു വര്‍ഷം മുമ്പാണ് ഇഹ്‌സാനുലിന് പ്രമേഹ രോഗം ടൈപ്പ് 1 ഉള്ളതായി കണ്ടെത്തിയത്. പനി വന്നു കുറഞ്ഞെങ്കിലും പിന്നീട് അബോധവസ്ഥയിലായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി ഐ.സി.യു.വില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. പരിശോധനയില്‍ നിന്നും പ്രമേഹം കൂടിയ അവസ്ഥയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഒരു മാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു.
കുറച്ച് നാളുകള്‍ക്ക് ശേഷം കുട്ടിയുടെ ഷുഗര്‍ ലെവല്‍ കൂടുകയും പെട്ടെന്ന് താഴുകയും ചെയ്തു. ഇന്‍സുലിന്‍ കുത്തിവയ്പ്പിനേക്കാള്‍ നല്ലതാണ് ഇന്‍സുലിന്‍ പമ്പെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് കുട്ടിക്ക് ഇന്‍സുലിന്‍ പമ്പ് ഘടിപ്പിച്ചു. സ്വകാര്യ കമ്പനി വാടകയടിസ്ഥാനമാക്കിയാണ് ഇത് നല്‍കിയത്. മാസം തോറും നല്ലൊരു തുക വാടകയ്ക്കും മറ്റുമായി ചെലവായി.
അറബിക് ടീച്ചറായ ബുഷ്‌റ, മകന് അസുഖം കൂടിയതോടെ ജോലി രാജി വയ്ക്കുകയുമായിരുന്നു. കാര്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ഷിഹാബുദ്ദീന് മകന്റെ ചികിത്സാ ചെലവ് താങ്ങുന്നതിനപ്പുറമായിരുന്നു. അങ്ങനെയാണ് അവര്‍ ആരോഗ്യ വകുപ്പ് മന്ത്രിയെ സമീപിച്ചത്. ആ കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ടയുടന്‍ മന്ത്രി വേണ്ട സഹായം ചെയ്യുന്നതിനായി സാമൂഹ്യ സുരക്ഷാമിഷനെ ചുമതലപ്പെടുത്തി. കുട്ടികള്‍ക്കുള്ള പ്രമേഹ ചികിത്സയ്ക്കായുള്ള ‘മിഠായി’ പദ്ധതി നിലവില്‍ വന്നാലുടന്‍ ഇത് പരിഗണിക്കാമെന്നുറപ്പു നല്‍കിയിരുന്നു.
പക്ഷെ ടെണ്ടര്‍ നടപടികള്‍ സാങ്കേതികമായി വൈകിയതു കാരണം മിഠായി പദ്ധതി തുടങ്ങാന്‍ കാലതാമസം വന്നതോടെ അവര്‍ വീണ്ടും മന്ത്രിയെ കണ്ടു. തുടര്‍ന്ന് അടിയന്തിരമായി ഈ കുട്ടിക്ക് സഹായം ചെയ്യാന്‍ മന്ത്രി നിര്‍ദേശിച്ചു. അങ്ങനെയാണ് സാമൂഹ്യ സുരക്ഷാമിഷന്റെ ഫണ്ടുപയോഗിച്ച് 5.5 ലക്ഷം വിലയുള്ള ഇന്‍സുലിന്‍ പമ്പ് വാങ്ങി നല്‍കിയത്. മിഠായി പദ്ധതി പ്രാവര്‍ത്തികമായാല്‍ കുട്ടിയുടെ ചികിത്സയ്ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് മന്ത്രി പറഞ്ഞു.
Post Your Comments