KeralaLatest NewsNews

ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മലയാളി അറസ്റ്റില്‍

നെടുങ്കണ്ടം: കാനഡയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ സംഘത്തിലെ പ്രധാനിയായ കട്ടപ്പന നത്തുകല്ല് കൈപ്പകശേരിയില്‍ ദേവസ്യ യോഹന്നാന്‍(സാജന്‍-52) അറസ്റ്റില്‍. 32 പേരില്‍ നിന്നായി 80 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ദേവസ്യയ്‌ക്കെതിരെയുള്ള പരാതി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍, കൊല്ലം, എറണാകുളം സ്വദേശികളാണ് ദേവസ്യയുടെ തട്ടിപ്പിനിരയായത്. അതേസമയം വിസ തട്ടിപ്പിനു രാജ്യാന്തര ബന്ധമുള്ളതായാണ് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ സ്‌പെഷല്‍ സ്‌ക്വാഡ് നല്‍കുന്ന വിവരങ്ങള്‍.

ദേവസ്യ തട്ടിപ്പ് നടത്തിയ രീതികള്‍ ഇങ്ങനെ:

കഴിഞ്ഞ വര്‍ഷമാണ് കാനഡയില്‍ ജോലി നല്‍കാമെന്ന വ്യാജേന ഉദ്യോഗാര്‍ഥികളില്‍ നിന്നും ഇയാള്‍ പണം വാങ്ങിയത്.
തസ്തികയനുസരിച്ചു മൂന്നു മുതല്‍ ഏഴു ലക്ഷം വരെ പലരില്‍നിന്നും ഈടാക്കിയിട്ടുണ്ട്. പിന്നീട് ഇവരെ ചൈന വഴി കാനഡയില്‍ എത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ചൈന പ്രവിശ്യയിലെ മക്കാവേ വരെ എത്തിച്ചെങ്കിലും കാനഡയിലേക്കു കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെ ഉദ്യോഗാര്‍ഥികളെ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു.

വാഗ്ദാനം ചെയ്ത ജോലിയോ നല്‍കിയ തുകയോ ലഭിക്കാതെ വന്നതോടെ ഇവര്‍ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ പരാതി നല്‍കി. ഇന്റര്‍നെറ്റ് വഴി ലഭിക്കുന്ന പരസ്യത്തിലൂടെ കാനഡയില്‍ ഒഴിവുകളുള്ള കമ്ബനിയിലേക്കാണ് പ്രതിയുടെ നേതൃത്വത്തില്‍ ഉദ്യോഗാര്‍ഥികളെ കണ്ടെത്തിയത്.
അതാതു കമ്ബനിയില്‍നിന്നു ജോലിയുമായി ബന്ധപ്പെട്ടു ലഭിക്കുന്ന രേഖകള്‍ ഇവര്‍ക്കു കൈമാറി വിശ്വാസം പിടിച്ചുപറ്റി. അതിനുശേഷം ഇവരില്‍നിന്നു ലക്ഷങ്ങള്‍ ഈടാക്കി നെടുമ്ബാശേരിയില്‍ നിന്നു കയറ്റി അയയ്ക്കുകയായിരുന്നു. മൂന്നാറില്‍നിന്നു നിരവധി പേരെ ഇത്തരത്തില്‍ കാനഡയിലേക്കു കയറ്റിയയച്ചിട്ടുള്ളതായി പ്രതി പറയുന്നു.
കട്ടപ്പന, നെടുങ്കണ്ടം പോലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരേ അഞ്ച് കേസുകള്‍ നിലവിലുണ്ട്. അഞ്ചു പേരില്‍ നിന്നായി 20 ലക്ഷം രൂപയാണ് കബളിപ്പിച്ചത്.

ആറുമാസം നീണ്ട അന്വേഷണത്തിനൊടുവില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നുമാണ് ഇയാളെ വലയിലാക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതിയുമായെത്തുമെ ന്നാണ് കരുതുന്നത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിന് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. തട്ടിപ്പില്‍ ഉള്‍പ്പെട്ട കരുനാഗപ്പള്ളി സ്വദേശിയെ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കി. രാജ്യത്തിനകത്തും പുറത്തുമായി പ്രതി ഉള്‍പ്പെട്ട സംഘം കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു നടത്തിയതായാണ് കണക്കുകള്‍. മക്കാവു, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍നിന്നും രാജ്യാന്തര ബന്ധമുള്ള മാഫിയാ സംഘത്തിലെ കണ്ണിയാണ് ദേവസ്യയെന്നും പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button