കൊല്ലം: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയ്ക്കും കാമുകനും ഇരട്ടജീവപര്യന്തം കഠിനതടവും പിഴയും. മേലില ഇരുങ്ങൂര്‍ കിഴക്കേത്തെരുവില്‍ പള്ളത്ത് വീട്ടില്‍ സുരേഷ് (43)നെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സുശീല(39) കാമുകന് പട്ടാഴി തെക്കേത്തേരി കരിക്കത്തില്‍ വീട്ടില്‍ സെല്‍വരാജ് (42)എന്നിവര്‍ക്കാണ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജ് അഞ്ച് ഷേര്‍ലി ദത്ത് ഇരട്ടജീവപര്യന്തം കഠിനതടവും പിഴയും വിധിച്ചത്.
ഐപിസി 302 പ്രകാരം ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും പിഴയൊടുക്കാത്തപക്ഷം മൂന്നുവര്‍ഷം കഠിനതടവ്. ഗൂഡാലോചനക്ക് 120 ബി പ്രകാരം ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും പിഴയൊടുക്കാത്തപക്ഷം ഒരുവര്‍ഷം കഠിന തടവ്. തെളിവ് നശിപ്പിക്കലിന് വകുപ്പ് 201 പ്രകാരം അഞ്ച് വര്‍ഷം തടവും 25000 രൂപ പിഴയും പിഴയൊടുക്കാത്തപക്ഷം ഒരുവര്‍ഷം തടവ്. 203 പ്രകാരം ഒരുവര്‍ഷം തടവും 10000 രൂപ പിഴയും പിഴയൊടുക്കാത്തപക്ഷം ആറ് മാസം തടവുമാണ് ഇരുവര്‍ക്കും ലഭിച്ചിരിക്കുന്നത്. പിഴയായി ഈടാക്കുന്ന തുകയില്‍ രണ്ട് ലക്ഷം രൂപ മരിച്ച സുരേഷിന്റെ പെണ്മക്കള്ക്ക് നല്‍കണമെന്നും വിധിന്യായത്തില്‍ പറയുന്നു. വിധി കേള്‍ക്കാനായി മരിച്ച സുരേഷിന്റെ സഹോദരി സുഭദ്രയും ഭര്‍ത്താവ് നടരാജനുമടക്കം നിരവധി ബന്ധുക്കള്‍ കോടതിയില്‍ എത്തിയിരുന്നു.
Also Read : മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയത് വീട്ടുവേലക്കാരന് : നാടിനെ നടുക്കിയ സംഭവം ഇങ്ങനെ
കേസിനാസ്പദമായ സംഭവമിങ്ങനെ:
2013 മാര്‍ച്ച് 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുശീലയുമായുള്ള ബന്ധത്തെ എതിര്‍ത്ത സുരേഷിനെ സഹോദരി പട്ടാഴി തെക്കേത്തേരിയിലുള്ള മണിയുടെ വീട്ടില്‍വെച്ച് കെഎസ്ഇബി ജീവനക്കാരനായ ശെല്‍വരാജ് തന്ത്രപരമായി ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടുപോയി തെക്കേത്തേരിയിലുള്ള ആള്‍പാര്‍പ്പില്ലാത്ത റബര്‍ പുരയിടത്തില്‍ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇതിന് ശേഷം മൃതദേഹം റബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടു. പിന്നീട് സുരേഷിനെ കാണാനില്ലെന്ന് സുശീല കുന്നിക്കോട് പൊലീസില്‍ പരാതി നല്കി. സുരേഷിന്റെ തിരോധാനത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ഇതോടെ പ്രതികള്‍ റബര്‍ തോട്ടത്തില്‍ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് ചാക്കിലാക്കി സെല്‍വരാജിന്റെ മാരുതി കാറിനുള്ളില്‍ കയറ്റി തലവൂര്‍ കുര കെഐപി കനാലിന് സമീപമുള്ള ആള്‍പാര്‍പ്പില്ലാത്ത റബര്‍ പുരയിടത്തിലെ ഒഴുക്കു ചാലില്‍ കൊണ്ടിട്ടു.
Also Read : ഫ്രീസറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: തന്റെ മകന് ഇത് ചെയ്യാനാകില്ലെന്ന് പ്രതിയുടെ അമ്മ
നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അറസ്റ്റ് ചെയ്യുന്നതിനിടെ സെല്‍വരാജ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ മുറിവുണ്ടാക്കി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് 48 സാക്ഷികളെ വിസ്തരിച്ചു. 61 രേഖകളും 31 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിച്ചു. സിഐ ആര്. വിജയന്റെ നേതൃത്വത്തിലായിരന്നു കേസ് അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വിനു കരുണാകരന് ഹാജരായി.
Post Your Comments