തിരുവനന്തപുരം: ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി. മുരളീധരന് രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍നിന്നാണ് അദ്ദേഹത്തെ രാജ്യസഭാ അംഗമായി തെരഞ്ഞെടുത്തത്. ഒഴിവുകളുടെയും സ്ഥാനാര്‍ഥികളുടെയും എണ്ണം തുല്യമായതോടെ വോട്ടെടുപ്പ് വേണ്ടിവന്നില്ല. മത്സരരംഗത്തുണ്ടായിരുന്ന ആറു പേരും വിജയിച്ചതായി മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറി വിലാസ് അത്വാലെ പ്രഖ്യാപിച്ചു.
കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേകര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ എന്നിവരാണു മുരളീധരനു പുറമേ വിജയിച്ച ബി.ജെ.പി. സ്ഥാനാര്‍ഥികള്‍. മുതിര്‍ന്ന പത്രപ്രവര്ത്തകന് കുമാര്‍ കേത്കര്‍ (കോണ്‍ഗ്രസ്), വന്ദന ചവാന് (എന്‍.സി.പി), അനില്‍ ദേശായി (ശിവസേന) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
മൂന്നു സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള അംഗബലമാണു മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപിക്കുള്ളത്. കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന എന്നിവര്‍ക്ക് ഓരോ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ശേഷിയുണ്ട്. പ്രതിപക്ഷ വോട്ടുകളില്‍ കണ്ണുനട്ട് സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ വിജയ രാഹത്കറിനെക്കൊണ്ടും ബിജെപി. പത്രിക സമര്‍പ്പിച്ചിരുന്നു. അവര്‍ ഇന്നലെ പത്രിക പിന്‍വലിച്ചതോടെയാണു വോട്ടെടുപ്പ് ഒഴിവായത്.
Post Your Comments