ദുബായ് : ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതി കൊലക്കേസ് പ്രതി രൂപം മാറ്റി ദുബായിലെത്തിയപ്പോള്‍ പൊലീസ് വിരിച്ച വലയില്‍ കുടുങ്ങി. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി പ്രതി രൂപം മാറ്റം വരുത്തിയാണ് പ്രതിയായ യുവാവ് ദുബായില്‍ എത്തിയത്.
. പാക്കിസ്ഥാനില്‍ വച്ച് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി ദുബായിലേക്കു കടന്ന പാക്ക് പൗരനെ ദുബായ് പൊലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്ത് പാക്കിസ്ഥാന് കൈമാറി. പാക്കിസ്ഥാനിലെ കൊഹാട്ടില്‍ ജനുവരിയിലാണ് സംഭവം നടന്നത്. അസ്മ റാണി എന്ന മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ മുജാഹിദ് അഫ്രിദി എന്ന ഇരുപത്തിയഞ്ചുകാരാന് വെടിവച്ചു കൊല്ലുകയായിരുന്നു.
തുടര്‍ന്നു പാക്കിസ്ഥാന് വിട്ട പ്രതിയെ തേടി ഇന്റര്‍പോള്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. പാക്കിസ്ഥാനില്‍ നിന്നും രക്ഷപ്പെട്ട പ്രതി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ദുബായില്‍ എത്തിയതെന്ന് ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖാലിഫ അല്‍ മറി പറഞ്ഞു. തിരിച്ചറിയുന്നതില്‍ നിന്നും രക്ഷപ്പെടാനായി പ്രതി രൂപം മാറ്റിയിരുന്നു. താടിയും മുടിയും വടിച്ചുകളഞ്ഞ ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരെ പറ്റിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പക്ഷേ, ഉദ്യോഗസ്ഥര്‍ ഇയാളെ തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഒരിക്കലും പൊലീസ് പിടി വീഴില്ലെന്നു കരുതി ജീവിച്ചിരുന്ന അഫ്രീദി, പൊലീസ് പിടിയിലായപ്പോള്‍ ഞെട്ടിപ്പോയെന്നും മേജര്‍ ജനറല്‍ വ്യക്തമാക്കി. തൊട്ടടുത്ത ഗള്‍ഫ് രാജ്യത്തുനിന്നും അഫ്രീദി ദുബായില്‍ എത്തിയതു മുതല്‍ കര്‍ശന നിരീക്ഷണത്തിലായിരുന്നുവെന്ന് ദുബായ് പൊലീസ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫേഴ്സ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂറി വ്യക്തമാക്കി.
ഇന്റര്‍പോളുമായി നല്ല സഹകരണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ പാക്ക് അധികൃതരില്‍ നിന്നും ഒരു അപേക്ഷ ലഭിച്ചു. മുജാഹിദ് അഫ്രീദി എന്നു പേരുള്ള ഒരു ക്രിമിനലിനെ പിടികൂടാന്‍ സഹായിക്കണമെന്നായിരുന്നു ഇത്. ഇയാള്‍ ദുബായില്‍ എത്തിയിട്ടുണ്ടെന്ന് മനസിലാക്കി. പിന്നീട് പ്രതി കഴിയുന്ന സ്ഥലം മനസിലാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പാക്കിസ്ഥാന് ഇന്റര്‍പോളിനോട് വിവരങ്ങള്‍ അറിയിക്കുകയും അതേതുടര്ന്ന് ദുബായ് പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തതോടെയാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചതെന്നും അസിസ്റ്റന്റ് കമാന്‍ഡര്‍ വ്യക്തമാക്കി. അറസ്റ്റിലായ അഫ്രീദി മറ്റൊരു കൊലപാതകക്കേസിലെയും പ്രതിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments