KeralaLatest NewsNews

വയല്‍ക്കിളികളുടെ നേതൃത്വം ഏറ്റെടുക്കാന്‍ ബി.ജെ.പി: സമരപ്പന്തലിന് തീയിട്ടത് നന്ദിഗ്രാം വെടിവയ്പ് വാര്‍ഷികത്തില്‍

കണ്ണൂര്‍: മഹാരാഷ്ട്രയിലെ കര്‍ഷകസമര വിജയത്തില്‍ അഭിമാനിക്കുന്ന സി.പി.എമ്മിനു തങ്ങള്‍ ഭരിക്കുന്ന കേരളത്തില്‍, പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ നടക്കുന്ന കര്‍ഷകസമരം പ്രതിസന്ധിയാകുന്നു. വയലും തോടും ഇല്ലാതാക്കിക്കൊണ്ടുള്ള വികസനത്തെ പിന്തുണയ്ക്കില്ലെന്ന പ്രഖ്യാപനവുമായി കീഴാറ്റൂരില്‍ ”വയല്‍ക്കിളികള്‍” നടത്തുന്ന സമരത്തിന്റെ നേതൃത്വം ബി.ജെ.പി. ഏറ്റെടുക്കും. ഇതിനു മുന്നോടിയായി ബി.ജെ.പി. സംസ്ഥാന പരിസ്ഥിതി സെല്‍ ഭാരവാഹികള്‍ 22-ന് കീഴാറ്റൂര്‍ സന്ദര്‍ശിക്കും.തൃച്ചംബരത്തു നടന്നത് വ്യക്തിപരമായ പ്രശ്നങ്ങളെച്ചൊല്ലിയുള്ള അക്രമമാണെന്നും പ്രതികള്‍ക്കു സംഘപരിവാറുമായി ബന്ധമില്ലെന്നും ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു.

കീഴാറ്റൂരില്‍ ഇവര്‍ കലാപത്തിനു ശ്രമിച്ചെന്നത് സി.പി.എമ്മും പോലീസും കൂടി കെട്ടിച്ചമച്ച വാര്‍ത്തയാണ്. കൃഷിയിടം സംരക്ഷിക്കാനായി അണികളടക്കം ചെങ്കൊടിയുമായി സമരത്തിനിറങ്ങിയ കണ്ണൂര്‍ കീഴാറ്റൂര്‍ വയലിലെ സമരം മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണു സി.പി.എമ്മിനെ വലയ്ക്കുന്നത്. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ കൃഷിയിടം സംരക്ഷിക്കാനിറങ്ങിയ കര്‍ഷകര്‍ക്കു നേരേ സി.പി.എം. ഭരണത്തില്‍ പോലീസ് വെടിയുതിര്‍ത്തിന്റെ വാര്‍ഷികദിനത്തില്‍ ഇന്നലെ കീഴാറ്റൂരില്‍ കര്‍ഷകരുടെ ആത്മഹത്യാഭീഷണി മുഴങ്ങിയതും സമൂഹമാധ്യമങ്ങളില്‍ ആളിപ്പടരുന്നു.

കീഴാറ്റൂരിലെ വയല്‍ക്കിളി കൂട്ടായ്മയുടെ സമരപ്പന്തല്‍ സി.പി.എം. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി കത്തിച്ചതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി.56 കുടുംബങ്ങള്‍ ഭൂമി വിട്ടുനല്‍കാന്‍ തയാറാണെന്നും നാലു കുടുംബങ്ങള്‍ മാത്രമാണു സമരരംഗത്തുള്ളതെന്നും സര്‍ക്കാര്‍ വാദിക്കുമ്പോഴും വയോധികരും സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേരാണ് ഇന്നലെ കീഴാറ്റൂരിലെ സമരഭൂമിയില്‍ അണിനിരന്നത്. ഇതിനെ കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെയാണ് ”വയല്‍ക്കിളികള്‍” എന്ന പേരില്‍ സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ച്‌ സമരം ശക്തമാക്കിയത്.

ഇവര്‍ക്കൊപ്പം ചേര്‍ന്ന പതിനൊന്ന് പാര്‍ട്ടി അംഗങ്ങളെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു. സംഘര്‍ഷഭരിതമായ മണിക്കൂറുകള്‍ക്കു ശേഷം വഴങ്ങിയ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷമായിരുന്നു സമരപ്പന്തലിനു തീയിട്ട് സി.പി.എം പ്രവര്‍ത്തകരുടെ പ്രകടനം. എതിര്‍ക്കാന്‍ ശ്രമിച്ചവരെ വിരട്ടിയോടിച്ചു. അപ്പോഴെല്ലാം പോലീസ് കാഴ്ചക്കാരായെന്ന് ആക്ഷേപമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button