ദമ്മാം•നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗവും, ഇന്ത്യൻ എംബസ്സി ഹെൽപ്പ്ഡെസ്‌ക്കും നടത്തിയ പരിശ്രമങ്ങൾക്ക് ഒടുവിൽ, രണ്ടു ഇന്ത്യൻ വനിതകൾ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ നിന്നും നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാമിൽ ഗദ്ദാമയായി (ഹൌസ്മൈഡ്) ജോലി ചെയ്തിരുന്ന തെലുങ്കാന ഹൈദരാബാദ് സ്വദേശിനി അസ്മ ബീഗം, ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിനി മങ്കമ്മ പൊങ്കാനി എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.
ഒന്നരവർഷം മുൻപാണ് അസ്മ ബീഗം സൗദിയിൽ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിയ്‌ക്കെത്തിയത്. ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും ആ വലിയ വീട്ടിലെ എല്ലാ പണിയും കൃത്യമായി ചെയ്തിരുന്ന അവർക്ക്, ശമ്പളം വല്ലപ്പോഴുമേ കിട്ടിയുള്ളൂ. ഏഴു മാസത്തെ ശമ്പളം കുടിശ്ശികയായി മാറിയതോടെ, അവർ ആ വീട്ടിൽ നിന്നും പുറത്തു കടന്ന്, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസുകാർ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു.
മങ്കമ്മ പൊങ്കാനി ഒരു വർഷത്തിന് മുൻപാണ് സൗദിയിൽ ജോലിയ്‌ക്കെത്തിയത്. വളരെ മോശം ജോലി സാഹചര്യങ്ങളും, ശമ്പളം കൃത്യമായി കിട്ടാത്തതും കാരണം, ആ വീട്ടിൽ നിന്നും ഒളിച്ചോടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിയ്ക്കുകയായിരുന്നു. പോലീസുകാർ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു
അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് രണ്ടുപേരും സ്വന്തം അനുഭവം വിവരിച്ച്, എങ്ങനെയും പെട്ടെന്ന് നാട്ടിലേയ്ക്ക് മടങ്ങാൻ സഹായിയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യ പ്രവർത്തകരും ഇവരുടെ സ്പോൺസറെ നിരന്തരമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയെങ്കിലും അവർ സഹകരിയ്ക്കാൻ തയ്യാറാകാതെ കൈയൊഴിഞ്ഞു.
തുടർന്ന് മഞ്ജു രണ്ടുപേർക്കും ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ ഔട്ട്പാസ്സും, വനിതാ അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്സിറ്റും, എടുത്തു കൊടുത്തു. ഇന്ത്യൻഎംബസ്സി ഹെൽപ്‌ഡെസ്‌ക്ക് തലവൻ മിർസ ബൈഗ് രണ്ടു പേർക്കും വിമാനടിക്കറ്റ് നൽകി.
സഹായിച്ചവർക്കെല്ലാം നന്ദി പറഞ്ഞു രണ്ടുപേരും നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments