Weekened GetawaysNorth IndiaHill StationsTravel

മഴയിൽ കുതിർന്ന് നൈനിത്താൾ

ശിവാനി ശേഖർ

കുഞ്ഞുങ്ങൾക്ക് വേനലവധി വരുമ്പോഴാണ് നമ്മളിൽ പലരും ഒരു യാത്രയെക്കുറിച്ച് ആലോചിക്കുന്നത് തന്നെ! അങ്ങനെയൊരു ജൂൺമാസത്തിലാണ് വിക്കെൻഡ് ട്രിപ്പ് (ഡൽഹിയിൽ നിന്ന്) എന്ന ആശയവുമായി നൈനിത്താൾ മാടിവിളിക്കുന്നത്. ഹിൽസ്റ്റേഷനുകൾ മടുത്തു തുടങ്ങിയെങ്കിലും (വേറൊന്നും കൊണ്ടല്ല; എവിടെയും ഒരേ പോലെയുള്ള കാഴ്ച്ചകൾ,ആന്തരാവയവങ്ങളെ ഇളക്കി മറിച്ച് ഛർദ്ദി സമ്മാനിക്കുന്ന ഹെയർപിൻ വളവുകൾ!! ഓരോ വളവ് തിരിയുംതോറും കണ്ണ് നൃത്തം പഠിക്കുകയാണെന്നു തോന്നും.. പിന്നെ എന്തായിരിക്കുമെന്ന് പറയണ്ടല്ലോ!)അത്ര താല്പര്യമുണ്ടായിരുന്നില്ല.

ദില്ലിയിൽനിന്നും ഏകദേശം 7മണിക്കൂർ നീളുന്നയാത്ര! വഴികളിൽ ട്രാഫിക് പ്രശ്നങ്ങൾക്ക് രാത്രി യാത്ര തന്നെയാണ് ഉത്തമം.അങ്ങനഞ രാത്രി 12മണിയോടുകൂടി ഞങ്ങൾ യാത്ര പുറപ്പെട്ടു. കാലത്ത് ഏകദേശം 7 മണിയോടുകൂടി എത്താം എന്ന ഉദ്ദേശ്യത്തിൽ.ഇത്തവണ കുത്തനെയുള്ള കയറ്റം തുടങ്ങുന്നതിന് മുന്നേതന്നെ ഞാൻ ഛർദ്ദിയെ അകറ്റി നിർത്താനുള്ള ടാബ്ലറ്റും കഴിച്ച് “എന്നെ തോല്പിക്കാനാവില്ല മക്കളേ എന്ന ഡയലോഗും കാച്ചി കാറിന്റെ പിൻസീറ്റിൽ കയറി കണ്ണുമടച്ചൊരു കിടപ്പ് കിടന്നു!!

പുലർച്ചെ കാറിന്റെ ചില്ലുഗ്ലാസിൽ മഴത്തുള്ളികൾ മണിനൂപുരങ്ങൾ കിലുക്കുന്നത് കേട്ടാണ് ഉണർന്നത്! അപ്പോഴേക്കും ഞങ്ങൾ ഹിമവാന്റെ സ്വർഗ്ഗഭൂമിയിൽ എത്തിയിരുന്നു.അനന്തവിഹായസ്സിലെ മണിമേടയിലിരുന്നാരോ പവിഴമുത്തുകൾ പോലെ മഴ പൊഴിയിച്ചു കൊണ്ടേയിരുന്നു..ആ മഴയിൽ പൂത്തുലഞ്ഞ് അനുപമസുന്ദരിയായി നൈനിത്താൾ! ആരും പ്രണയിച്ചു പോകുന്ന മാദകസൗന്ദര്യം.നൈനിത്താളിലേക്ക് വരാൻ മടിച്ച മനസ്സിനെ (അല്ലെങ്കിലും മനസ്സങ്ങിനെയാണല്ലോ.എപ്പോഴും രണ്ടു തട്ടിൽ! ഒന്നിലും ഉറച്ചു നില്ക്കില്ല.) ഒരു നിമിഷം ശപിക്കാൻ തോന്നി!

ഹിമാലയൻ മലനിരകളിലെ വജ്രനക്ഷത്രമെന്നറിയപ്പെടുന്ന നൈനിത്താൾ.നൈനത്തടാകത്തിന് ചുറ്റുമായി പരന്നുകിടക്കുന്ന സ്വപ്നഭൂമി.ഈ തടാകം സതീദേവിയുടെ നയനങ്ങളാണെന്നാണ് സങ്കല്പം! കത്തിക്കരിഞ്ഞ സതീദേവിയുടെ ശരീരവും വഹിച്ച് കൊണ്ട് പരമശിവൻ കുപിതനായി കടന്നുപോയ വഴിയാണത്രേ ഇത്.ആസമയത്ത് ദേവിയുടെ നയനങ്ങൾ ഇവിടെ അടർന്നു വീണെന്നും അത് തടാകമായി രൂപപ്പെട്ടെന്നുമാണ് വിശ്വാസം!. ഇതിന്റെ വടക്ക് തീരത്തായി നൈനാദേവിയുടെ ക്ഷേത്രവുമുണ്ട്.ഇന്ത്യയിലെ 61 ശക്തിപീഠങ്ങളിൽ ഒന്നാണിത്.

“നൈനത്തടാക”ത്തിലും ,”സാത് താൾ”ലും ബോട്ടിങ്ങ് സൗകര്യമുണ്ട്.”ടിഫിൻ ടോപ്പി”ൽ നിന്നുള്ള ഹിമമണിഞ്ഞ മലനിരകളുടെ മനോഹരദൃശ്യം വർണ്ണനകൾക്കു മപ്പുറത്താണ്!നൈനിത്താൾ എന്ന മനോഹരിയുടെ അഴകിനെ അടുത്തറിയാൻ കേബിൾ കാറിലെ സഞ്ചാരവും കൂടിയായാൽ യാത്ര ധന്യമാവും!

മഴയുടെ തീവ്രത കൂടിയും കുറഞ്ഞുമങ്ങനെ പെയ്തു കൊണ്ടേയിരുന്നു..ടൂറിസ്റ്റുകളായെത്തിയ അധികമാൾക്കാരും ഹോട്ടൽമുറികളിലേക്ക് പിൻവലിഞ്ഞു തുടങ്ങിയിരുന്നു…ഇറങ്ങിയവരാകട്ടെ സാധാരണ കുടയുടെ രണ്ടിരട്ടിയോളം വലുപ്പമുള്ള കുടയുടെ കൂട്ട് തേടിയിരുന്നു…

ഞങ്ങൾ മാത്രം മഴത്തുള്ളിക്കിലുക്കത്തിൽ മതിമറന്ന്,അവയോട് കിന്നാരം പറഞ്ഞ്,അവയുടെ സംഗീതത്തിൽ സ്വയമലിഞ്ഞ് ്നൈനിത്താളിന്റെ ഹൃദയത്തിലൂടെ ഒഴുകി നടന്നു.മേഘങ്ങൾക്കു തൊട്ടു താഴെ നിന്ന് മഴത്തുള്ളികളെ കൈക്കുടന്നയിൽ വാരിയെടുത്ത് നെഞ്ചോട് ചേർത്തു..ഈ ദേവഭൂമിയുടെ മടിത്തട്ടിലേക്ക്, ഈ മഴക്കുറുമ്പിയുടെ കൈ പിടിച്ച് ഇനിയുമിനിയും ഇവിടെയ്ക്കെത്താനാകണമേയെന്ന് പ്രാർത്ഥിച്ചു.ഓക്കും, പൈൻമരങ്ങളും ഇടതൂർന്ന് നില്ക്കുന്ന നൈനിത്താളിനോട് വിട പറയുമ്പോൾ ഞങ്ങൾക്കൊപ്പം മഴക്കുറുമ്പിയും ചിണുങ്ങിത്തുടങ്ങിയിരുന്നു… അകലം കൂടുന്തോറും അവളുടെ ചിണുങ്ങലും നേർത്ത് നേർത്ത് ഇല്ലാതെയായി!
—————————————–
പ്രധാനപ്പെട്ട സന്ദർശന സ്ഥലങ്ങൾ

1. Naina Devi Temple
2. Tibetan Market
3. Eco cave gardens
4. Sat Tal
5. Tiffin Top etc..

ഭക്ഷണം

Veg& Non veg.. കിട്ടുന്ന ധാരാളം റെസ്റ്റോറന്റുകളുണ്ട്.കഴിവതും നോൺ വെജ് ഒഴിവാക്കിയാൽ പണികിട്ടാതെ സൂക്ഷിക്കാം!( ഇല്ലെങ്കിൽ ചിലപ്പോൾ പണി കിട്ടും (കിട്ടി..അതോണ്ടാ)

ഡൽഹിയിൽ നിന്നും റോഡ് മാർഗം പോകുന്നവർ ജാഗ്രതൈ.!

റോഡ് മാർഗം ഏകദേശം 7 മണിക്കൂർ യാത്രയുണ്ട് നൈനിത്താളിലേക്ക്.ട്രെയിൻ മാർഗ്ഗവും പോകാവുന്നതാണ്.. ഏറ്റവും അടുത്ത സ്റ്റേഷൻ “കാത്ഗോഡം” ആണ്.. അവിടുന്ന് 17 കിലോമീറ്റർ ദൂരം നൈനിത്താളിലേക്ക്.
കുത്തനെയുള്ള കയറ്റത്തിൽ വണ്ടിയോടിക്കാനുള്ള ധൈര്യമുണ്ടെങ്കിൽ മാത്രം സ്വന്തം വണ്ടിയെടുത്തു പോവുക.. കാരണം എവിടെയെങ്കിലും സഡൻബ്രേക്കിടേണ്ടി വന്നാൽ വണ്ടി മുന്നോട്ട് തന്നെ പോകുമെന്ന് ഒരുറപ്പുമില്ല… പിന്നോട്ട് പോയ ചരിത്രമാണ് കൂടുതലും! പിന്നെ ഞാനീ വഴി വന്നിട്ടേയില്ല എന്നമട്ടിൽ കണ്ണും പൂട്ടി സുഖനിദ്ര പ്രാപിക്കാം..അതല്ല,ഡ്രൈവിങ്ങിൽ “ജാക്കിച്ചാനാണ് “എന്ന തോന്നലുണ്ടെങ്കിൽ ഒരു കൈ നോക്കാവുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button