KeralaLatest NewsNews

സംസ്ഥാനത്ത് മൂന്നാം നമ്പര്‍ അപായ സൂചന : അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം :ന്യൂനമര്‍ദം കേരളതീരത്തോട് അടുക്കുന്നതിനിടെ അതീവജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പര്‍ അപായ സൂചന ഉയര്‍ത്തി. പുനരധിവാസ കേന്ദ്രങ്ങള്‍ തയാറാക്കാന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. അടിയന്തര ഘട്ടം നേരിടാന്‍ തയാറാകണമെന്ന് വൈദ്യുതി ബോര്‍ഡിനും നിര്‍ദേശമുണ്ട്.

തുറമുഖങ്ങളെ ബാധിക്കും വിധം ന്യൂനമര്‍ദം ശക്തി പ്രാപിക്കുമ്പോഴാണ് മൂന്നാം നമ്പര്‍ അപായ സൂചന നല്‍കാറുള്ളത്. ഈ സാഹചര്യത്തില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ ആയിരിക്കും. തുറമുഖത്ത് അതിശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗം 60-90 കിലോമീറ്ററിലേക്കുയര്‍ന്നാല്‍ രണ്ടാം നമ്പര്‍ അപായ സൂചന നല്‍കും, തുറമുഖം വിടുന്ന കപ്പലുകള്‍ക്കും മറ്റു മത്സ്യബന്ധന യാനങ്ങള്‍ക്കും അപകടമുണ്ടാക്കുന്നതായിരിക്കും അന്നേരത്തെ കാറ്റ്.

കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. ന്യൂനമര്‍ദപാത്തി തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ അകലെ മാത്രമാണ്. തെക്കു-പടിഞ്ഞാറന്‍ മേഖലയിലാണു തീവ്രന്യൂനമര്‍ദം രൂപം കൊണ്ടിട്ടുള്ളതെന്നും സാഹചര്യം അടിയന്തരമായി വിലയിരുത്താന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

എല്ലാ തീരദേശ ദുരിതാശ്വാസ കേന്ദ്രങ്ങളും തയാറാക്കി വയ്ക്കാനും ഇവയുടെ താക്കോല്‍ തഹസില്‍ദാര്‍മാരുടെ കയ്യില്‍ സൂക്ഷിക്കാനും ജില്ലാ കലക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കെഎസ്ഇബിയുടെ കാര്യാലയങ്ങള്‍ അടിയന്തിരഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ഒരുക്കുക, തീരദേശ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 15 വരെ  മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

ശ്രീലങ്കയ്ക്കു സമീപമുണ്ടായ ന്യൂനമര്‍ദം ശക്തി പ്രാപിച്ചു പടിഞ്ഞാറ്‌വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു മാലദ്വീപിനു സമീപമെത്തുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. തെക്കന്‍ കേരളത്തില്‍ ഇന്നുംനാളെയും മഴയ്ക്കും കടലില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും തിരമാലകള്‍ 3.2 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉച്ചയ്ക്കു പുറപ്പെടുവിച്ച അവലോകനത്തില്‍ കന്യാകുമാരിക്കു തെക്കു ശ്രീലങ്കയ്ക്കു തെക്കുപടിഞ്ഞാറ് ഉള്‍ക്കടലില്‍ ഉണ്ടായിട്ടുള്ള ന്യുനമര്‍ദം, തീവ്ര ന്യുനമര്‍ദം ആയി എന്നാണ് സൂചിപ്പിക്കുന്നത്.

തിരുവനന്തപുരത്തിനു 390 കിലോമീറ്റര്‍ തെക്ക്-തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദം, വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയും 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദം ആകുകയും ചെയ്യുമെന്നാണു നിരീക്ഷണം. കടലിനുള്ളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും, തിരമാല സാധാരണയില്‍നിന്നു 2.5- 3.8 മീറ്റര്‍ വരെയും ഉയരും. തെക്കന്‍ കേരളത്തില്‍ ഈ മാസം 15 വരെ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button