KeralaLatest NewsNews

വീട്ടുകാരോടുള്ള വൈരാഗ്യം ഇവരെ ദമ്പതികളായി അഭിനയിപ്പിച്ചത് എട്ടു കൊല്ലം : വ്യത്യസ്തമായ പരാതി ഇങ്ങനെ

തിരുവനന്തപുരം: എട്ടുവർഷം ദമ്പതികളായി അഭിനയിച്ചു ജീവിച്ച യുവാവിന്റെയും യുവതിയുടെയും കഥ വനിതാ കമ്മിഷൻ അദാലത്തിൽ വേറിട്ടതായി. വീട്ടുവീഴ്ചയ്ക്കു തയാറാണോ എന്ന ചോദ്യത്തോട് ആദ്യം പ്രതികരിച്ചില്ലെങ്കിലും പിന്നീട് അവർ സമ്മതം മൂളി. എന്നാൽ യുവാവ് തന്റെ നിലപാടു മയപ്പെടുത്തിയില്ല. വീട്ടുകാരോടുള്ള വൈരാഗ്യംമൂലം ഒരു പെൺകുട്ടിയുടെ ജീവിതമാണ് ഇല്ലാതാകുന്നതെന്നും രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ അടുത്ത ഹിയറിങ്ങിൽ ഹാജരാകണമെന്നും കമ്മിഷൻ നിർദേശിച്ചു.

വ്യത്യസ്തങ്ങളായ തട്ടിപ്പിന്റെയും വഞ്ചനയുടെയും കഥാവിവരണത്തിനു വേദിയാകുകയായിരുന്നു അദാലത്. 150 പരാതി പരിഗണിച്ചതിൽ 51 കേസുകൾക്കു പരിഹാരമായി. സുഹൃത്തിനു ബാങ്ക് വായ്പയെടുക്കാൻ ജാമ്യം നിന്നു കിടപ്പാടം നഷ്ടപ്പെട്ട റിട്ട. ഉദ്യോഗസ്ഥയുടെ പരാതി ഉൾപ്പടെ 83 കേസുകൾ അടുത്ത അദാലത്തിലേക്കു മാറ്റി. നാലു കേസുകളിൽ പരാതിക്കാരായ ദമ്പതികൾക്കു കൗൺസലിങ് നൽകും. 12 പരാതിയിൽ പൊലീസിന്റെ റിപ്പോർട്ട് തേടാനും കമ്മിഷൻ തീരുമാനിച്ചു.

ചെയർപഴ്സൻ എം.സി.ജോസഫൈൻ, കമ്മിഷൻ അംഗങ്ങളായ ഷിജി ശിവജി, ഇ.എം.രാധ എന്നിവർ വാദം കേട്ടു. കൂട്ടുകാരിയെ സഹായിച്ചു കിടപ്പാടം നഷ്ടപ്പെട്ട വീട്ടമ്മയുടെ പരാതിയായിരുന്നു ഇന്നലെ പരിഗണിച്ച പ്രധാന കേസ്. എതിർ കക്ഷികൾ ഹാജരാകാത്തതിനാൽ പ്രശ്നപരിഹാരം ഉണ്ടായില്ല. പരാതി വാസ്തവമായിരിക്കില്ല എന്നാണു കമ്മിഷൻ ആദ്യം കരുതിയത്. എന്നാൽ ഇത്രയും നാൾ ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കുകയായിരുന്നുവെന്ന യുവതിയുടെ വെളിപ്പെടുത്തൽ കമ്മിഷൻ അംഗങ്ങളെ ഞെട്ടിച്ചു. അടുത്ത സിറ്റിങ്ങിൽ എതിർകക്ഷിയെ ഹാജരാക്കാൻ പൊലീസിനു നിർദേശം നൽകി. വിവാഹം കഴിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഒരു വർഷക്കാലം ഒരുമിച്ചു കഴിഞ്ഞശേഷം മലപ്പുറം സ്വദേശി ഉപേക്ഷിച്ച അങ്കണവാടി ടീച്ചറായിരുന്നു മറ്റൊരു പരാതിക്കാരി.

മറ്റൊരാളെ വിവാഹം ചെയ്യാനിരിക്കുന്ന യുവാവിനെക്കുറിച്ച് അന്വേഷിച്ച് ഏഴു ദിവസത്തിനുള്ളിൽ പൊലീസ് റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ നിർദേശിച്ചു. ഒരുമിച്ചു കഴിയാൻ യുവതി തയാറാണ്. പക്ഷേ യുവാവിനു സമ്മതമല്ല. തന്റെ ഇഷ്ടം നോക്കാതെ കല്യാണം നടത്തിയ വീട്ടുകാരോടുള്ള വൈരാഗ്യമാണ് യുവാവിന്റെ എതിർപ്പിനു കാരണം. യുവതിയുടെ ബന്ധ​ുക്കളാണു കമ്മിഷനെ സമീപിച്ചത്. സഹകരണസംഘം സെക്രട്ടറിയും ജീവനക്കാരനും തമ്മിലുള്ള കേസിൽ താക്കീതു നൽകി ഇരു കക്ഷികളെയും മടക്കിവിട്ടു. എൺപതു കഴിഞ്ഞ മാതാവിനെ സംരക്ഷിക്കേണ്ട ചുമതലയെ ചൊല്ലിയുള്ള തർക്കവും കമ്മിഷനു മുന്നിലെത്തി. അവശയായ അമ്മയെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നത് ഒഴിവാക്കി ഇളയ മകൻ കൂട്ടിക്കൊണ്ടുപോകാനും മറ്റു മക്കൾ അമ്മയെ വേണ്ടപോലെ പരിചരിക്കാനും നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button