കട്ടപ്പന : “നമ്മള് കീഴടക്കുന്നത് പര്‍വതങ്ങളെയല്ല… നമ്മളെത്തന്നെയാണ്… ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കി ശൗര്യത്തോടെ വനിതാദിനം ആഘോഷിക്കൂ!” വനിതാദിനം സാഹസികമായി ആഘോഷിക്കാനായി ചെന്നൈ ട്രെക്കിങ് ക്ലബ് കൊളുക്കുമലയിലേക്കു ക്ഷണിച്ചത് ഇങ്ങനെയാണ്. വനിതാദിനം ആഘോഷിക്കാന്‍ മലകയറിയവരെ കാത്തിരുന്നത് ദുരന്തമായിരുന്നു, കാട്ടുതീയുടെ രൂപത്തില്‍! ട്രെക്കിങ്ങിന് ആളുകളെ ക്ഷണിച്ച് ചെന്നൈ ട്രെക്കിങ് ക്ലബിന്റെ ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് അറിയിപ്പ് വന്നത്. രജിസ്ട്രേഷനായി ക്ലബിന്റെ വെബ്സൈറ്റിന്റെ ലിങ്കും നല്‍കിയിരുന്നു.
1500 രൂപയും ചെന്നൈയില്‍നിന്നു തേനി വരെയുള്ള യാത്രപ്പടിയുമായിരുന്നു ചെലവ്. ഒന്പതിനു വൈകിട്ട് ചെന്നൈയില്‍നിന്നു പുറപ്പെട്ട് 12-നു രാവിലെ ചെന്നൈയില്‍ തിരിച്ചെത്താനായിരുന്നു പദ്ധതി. കൂടാതെ സംഘാടകരായി ദിവ്യ, നിഷ എന്നിവരുടെ പേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രയില്‍ കരുതേണ്ട ഭക്ഷണം, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, പുതപ്പ്, ടോര്‍ച്ച് തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും അറിയിച്ചിരുന്നു. 2008 ഫെബ്രുവരി 22-നാണ് ചെന്നൈ ട്രെക്കിങ് ക്ലബ് ആരംഭിച്ചത്. സാമൂഹിക, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ്മ സജീവമാണ്. മരത്തൈ നടീല്‍, തടാകങ്ങളും കടല്‍ത്തീരങ്ങളും വൃത്തിയാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
വര്‍ഷംതോറും മാരത്തണും സംഘടിപ്പിക്കാറുണ്ട്.
പത്തു വര്‍ഷത്തിനിടെ ഇവര്‍ രാജ്യത്തെ അറിയപ്പെടുന്ന യാത്രാ കൂട്ടായ്മയായി മാറി. ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ 46,500-ല്‍പ്പരം അംഗങ്ങളുണ്ട്. വാരാന്ത്യത്തിലും അവധിദിനങ്ങളിലുമാണ് പശ്ചിമഘട്ട മലനിരകളിലേക്കും മരുഭൂമികളിലേക്കും ട്രെക്കിങ് സംഘടിപ്പിക്കുന്നത്. ഇടയ്ക്കിടെ ഹിമാലയ യാത്രയുമുണ്ട്. ആറായിരത്തില്‍പ്പരം സജീവ അംഗങ്ങളുള്ള ക്ലബ് രാജ്യത്താകമാനം മുന്നൂറില്‍പ്പരം ട്രെക്കിങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Post Your Comments