Latest NewsIndiaNews

കാട്ടുതീ : 15 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി : കാണാതായ 25 പേര്‍ക്ക് വ്യാപക തെരച്ചില്‍ : ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടതായി സൂചന

കുമളി : കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കൊരങ്ങണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് വിദ്യാര്‍ഥി സംഘത്തെ കാണാതായി. കോയമ്പത്തൂര്‍ ഈറോഡ്, തിരുപ്പൂര്‍, സേലം എന്നിവിടങ്ങളിലെ സ്വകാര്യ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണു കാണാതായത്. ട്രക്കിങ്ങിനു പോയവരാണു കാട്ടിനുള്ളില്‍ കുടുങ്ങിയത്. 40 പേരാണു സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ 15 പേരെ രക്ഷപ്പെടുത്തി. പലരും പൊള്ളലേറ്റ് അവശ നിലയിലാണ്.

പരുക്കേറ്റവരെ തേനിയിലെ ബോധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ തേനി കലക്ടര്‍ എം. പല്ലവി ബല്‍ദേവ് സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചു. 25 പേര്‍ ഇപ്പോഴും വനത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വനംവകുപ്പു മന്ത്രിക്കു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. സംഭവത്തിന്മേല്‍ അന്വേഷണം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു

വ്യോമ സേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ കൊരങ്ങണി വനമേഖലയിലെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്‌നിശമനസേനാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വ്യോമസേനയ്ക്കു കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശം നല്‍കി. തേനി ജില്ലാ കലക്ടറുമായും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു മന്ത്രി ചര്‍ച്ച നടത്തി.

അതിനിടെ 15 പേര്‍ രക്ഷപ്പെട്ട് അടിവാരത്തിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടതായി സൂചനയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കൊളുക്കുമല കാണാനെത്തി മടങ്ങുന്നതിനിടെയാണു കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. പ്രകൃതി പഠനയാത്രയുടെ ഭാഗമായി കൊളുക്കുമലയില്‍നിന്നു കൊരങ്ങിണിയിലെത്തിയതായിരുന്നു സംഘം.

shortlink

Related Articles

Post Your Comments

Related Articles


Back to top button