ജീവിക്കുന്നത് പോലെ തന്നെ മരിക്കാനും ഒരാള്‍ക്ക് അവകാശമുണ്ട്. അന്തസ്സുള്ള മരണത്തിനായി ദയാവധം നടപ്പില്ലാക്കണമെന്ന ഹര്‍ജികള്‍ക്ക് ഇനി അനുകൂലവിധിയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസം പുറത്തുവന്ന സുപ്രീം കോടതിയുടെ വിധി പ്രകാരം നിഷ്‌ക്രിയ ദയാവധത്തിന് ഉപാധികളോടെ അനുമതി. എന്താണ് ദയാവധം? ചികിത്സിച്ചു ഭേദമാക്കാനാകാത്ത രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന രോഗികളെ അവരുടെ അനുവാദപ്രകാരം മരിക്കാനനുവദിക്കുന്നതാണ് ദയാവധമെന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. ദയാവധത്തിനെ കുറിക്കാന്‍ യൂത്തനേസ്യ എന്ന ഗ്രീക്ക് പദമാണ് ഇംഗ്ളിഷില്‍ ഉപയോഗിക്കുന്നത്. ചികത്സിച്ചു ഭേദമാക്കാനാകാത്ത രീതിയില്‍ രോഗം ബാധിച്ചവരെ മരിക്കാന്‍ വിടുന്നതിനെയാണ് വൈദ്യശാസ്ര്തം ഈ പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്.
സ്വമേധയോ , സ്വമേധയല്ലാതെയോ , സക്രിയമായോ നിഷ്ക്രിയമായോ ഉള്ളവ എന്നിങ്ങനെ നാല് തരത്തിലാണ് ദയാവധം. നിഷ്ക്രിയ ദയാവധം പൊതുവേ കുറ്റകരമല്ല എന്നാണ് കരുതപ്പെടുന്നതെങ്കിലും ഇന്ത്യയില്‍ ദയാവധം സംബന്ധിച്ച് നിയമങ്ങളില്‍ വ്യക്തതയില്ലാത്തത് ഇത്രയും കാലംപ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കിയിരുന്നു. അതുകൊണ്ടുതന്നെ നിഷ്ക്രിയ ദയാവധത്തെപ്പോലും കൊലക്കുറ്റമായോ ആത്മഹത്യക്ക് സഹായിക്കുന്നതിന് തുല്യമായോ നീതിപീഠത്തിന് കണക്കാക്കാവുന്നതാണ്.
രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്പ് ജീവച്ഛവാവസ്ഥയിലോ ചികിത്സിച്ചു ഭേദമാക്കാന്‍ വയ്യാത്ത അവസ്ഥയിലോ ഉള്ള രോഗികള്‍ക്ക് നിഷ്ക്രിയ മരണത്തിനുള്ള അവകാശം സുപ്രീംകോടതി അനുവദിച്ചിരുന്നു. രണ്ട് സുപ്രധാന കോടതിവിധികള്‍ ഇതുമായി ബന്ധപ്പെട്ട് മുന്‍പ് ഉണ്ടായിട്ടുണ്ട്. 1996-ല്‍ ഗ്യാന്‍ കൗര്‍ കേസില്‍ സുപ്രീംകോടതി പറഞ്ഞത് ജീവിക്കാനുള്ള അവകാശത്തില്‍ മരിക്കാനുള്ള അവകാശം ഉള്‍പ്പെടുന്നില്ലായെന്നാണ്. എന്നാല്‍ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തില്‍ അന്തസ്സോടെ മരിക്കാനുള്ള അവകാശം ഉള്‍പ്പെടുന്നെന്ന് പരമോന്നത നീതിപീഠം കൂട്ടിച്ചേര്‍ത്തു. 2011-ല്‍ ഒരു മുംബൈ ആശുപത്രിയില്‍ നാലുദശകങ്ങളിലധികമായി ജീവച്ഛവമായി കഴിയുന്ന അരുണ ഷാന്‍ബോഗ് എന്ന നഴ്സിനെ മരിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി അവര്‍ക്ക് നിഷ്ക്രിയ ദയാവധത്തിന് അനുമതി നല്‍കിയിരുന്നു.
വൈദ്യശാസ്ത്രമേഖല രണ്ടുരീതിയിലുള്ള ദയാവധം നിഷ്കര്‍ഷിക്കുന്നു. ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധ്യതയില്ലെന്ന് ഉറപ്പാക്കിയ രോഗികളെ മരുന്ന് കുത്തിവെച്ച് മരിക്കാന്‍ അനുവദിക്കുന്നതാണ് ആദ്യ രീതി. സോഡിയം പെന്റോതല്‍ പോലെയുള്ള മരുന്ന് കുത്തിവെയ്ക്കുന്നതോടെ രോഗി ഉറക്കത്തിലേക്ക് വീഴും. അത് വേദനരഹിതമായ അന്ത്യനിദ്രയാവുകയും ചെയ്യും. രക്ഷപ്പെടില്ലെന്നുറപ്പുള്ള രോഗിയുടെ ചികിത്സയും ജീവന്‍രക്ഷാ ഉപകരണങ്ങളും പിന്‍വലിക്കുന്നതാണ് രണ്ടാമത്തെ രീതി. ഇത്തരം രോഗികള്‍ മരുന്നിനോടും രക്ഷാ ഉപകരണങ്ങളോടും പ്രതികരിക്കുന്നില്ലെന്ന് ഉറപ്പായ ശേഷമാണ് മരണം അനുവദിക്കുക. അതാണ് കോടതി ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.
സുപ്രീം കോടതിയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അസുഖം മൂലം ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്ത അവസ്ഥയുണ്ടാവുമ്പോള്‍ ദയാവധം അനുവദിക്കണം എന്ന് കാട്ടി ഒരാള്‍ക്ക് മുന്‍കൂട്ടി മരണപത്രം എഴുതിവെക്കാം. രോഗിയുടെ നേരത്തേയുള്ള സമ്മതപത്രം ഉണ്ടെങ്കില്‍ ജീവന്‍രക്ഷാ ഉപാധികള്‍ പിന്‍വലിച്ചുകൊണ്ട് ദയാവധം അനുവദിക്കുന്നത് പരിഗണിക്കാം. സമ്മതം പത്രം എഴുതിവെച്ച ആളിന്റെ ബന്ധു ദയാവധം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കണം. തീരുമാനമെടുക്കാന്‍ ഹൈക്കോടതി ജില്ലാ മജിസ്ട്രേറ്റിനെ നിയോഗിക്കും. ജില്ലാ മജിസ്ട്രേറ്റ് ഒരു മെഡിക്കല്‍ബോര്‍ഡ് രൂപവത്ക്കരിക്കണം. ഈ മെഡിക്കല്‍ ബോര്‍ഡായിരിക്കണം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം മരണങ്ങളെ ദയാവധമായി കണക്കാക്കുമെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മെഡിക്കല്‍ ഉപകരണങ്ങള്‍കൊണ്ട് ജീവന്‍ നിലനിര്‍ത്തുന്നവരുടെ കാര്യത്തില്‍ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷിന്റെ നേതൃത്വത്തിലുള്ള കോമണ്‍ കോസ് എന്ന എന്‍.ജി.ഒ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ വിഷയം ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തത്. മെഡിക്കൽ ബോർഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ നിഷ്ക്രിയദയാവധം നടത്താന്‍ കോടതി നിർദ്ദേശിക്കുന്നു.
നടി സിന്ധു മേനോനെതിരെ കേസ്; സഹോദരന്‍ അറസ്റ്റില്‍
Post Your Comments