ആലുവ: നിയമ വിദ്യാർഥിനിയായ വീട്ടമ്മയ്ക്കു വനിതാ ദിനത്തിൽ നഗരത്തിലെ ഓട്ടോ ഡ്രൈവറുടെ ക്രൂരമർദനം. വീട്ടമ്മ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആലങ്ങാടു കളപ്പറമ്പത്തു ജോസഫിന്റെ ഭാര്യ നീത (37)യാണ് മുഖമാകെ മുറിവേറ്റ നിലയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഓട്ടോ ഡ്രൈവർ മുഖം പിടിച്ചു ബലമായി നിലത്ത് ഉരച്ചപ്പോഴാണു മുറിവുണ്ടായത്. താഴത്തെ നിരയിലെ ഒരു പല്ല് ഇളകി നിൽക്കുകയാണ്. തലയ്ക്കും ക്ഷതമുണ്ട്.
മകളുടെ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച കാര്യങ്ങൾക്കു തൃശൂരിൽ പോയി മടങ്ങുകയായിരുന്നു നീത. ബസിറങ്ങി ഓട്ടോ വിളിച്ചു രണ്ടു കിലോമീറ്ററോളം അകലെയുള്ള റെയിൽവേ സ്റ്റേഷനിലേക്കു പോകുമ്പോഴാണു സംഭവം. രാവിലെ റെയിൽവേ സ്റ്റേഷനിൽ വച്ചിട്ടു പോയ സ്കൂട്ടർ എടുക്കാനായിരുന്നു ഓട്ടോവിളിച്ചത്.സ്റ്റേഷനിൽ എത്തിയപ്പോൾ ഡ്രൈവർ 40 രൂപ ആവശ്യപ്പെട്ടു. ചില്ലറയായി 35 രൂപയേ ഉണ്ടായിരുന്നുള്ളൂ. 40 രൂപ തന്നെ കിട്ടണമെന്നു ഡ്രൈവർ പറഞ്ഞു. അപ്പോൾ 500 രൂപ നോട്ടു നൽകി.
എന്നെ വണ്ടിയിലിരുത്തിക്കൊണ്ടു ചില്ലറ വാങ്ങാൻ ഡ്രൈവർ ഓട്ടോ അടുത്ത കവലയിലേക്ക് ഓടിച്ചു. അവിടെ കടയിൽനിന്നു ചില്ലറ വാങ്ങിയ ശേഷം 450 രൂപ ബാക്കി തന്നു. എന്നാൽ 10 രൂപ കൂടി ചോദിച്ചപ്പോഴാണ് പ്രശ്നമുണ്ടായത്. നീത പറയുന്നു. അയാൾ അസഭ്യവർഷം ചൊരിഞ്ഞു. തിരികെ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കു പോകുന്നതിനു പകരം ഓട്ടോ മുനിസിപ്പൽ ഓഫിസ് റോഡിലേക്ക് ഓടിച്ചു. ബഹളംവച്ചപ്പോൾ അടുത്തുള്ള സ്കൂൾ വളപ്പിലേക്ക് ഓട്ടോ കയറ്റി വണ്ടിയിൽനിന്നു വലിച്ചു താഴെയിട്ടു, കരണത്തടിച്ചു. ദേഹത്ത് ഇടിച്ചു. മുഖം തറയിൽ ഉരച്ചു.
ഇതിനിടെ ഡ്രൈവറുടെ വിരലിൽ ഞാൻ കടിച്ചു. തുടർന്നാണ് അയാൾ എന്നെ ഇട്ടിട്ടു പോയത്.അവശനിലയിലായ നീത മറ്റൊരു ഓട്ടോ വിളിച്ചു സ്നേഹിതയായ അഭിഭാഷകയുടെ ഓഫിസിലെത്തി, അവരെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഓട്ടോയുടെ നമ്പറും നൽകി. മാണ്ഡ്യ ലോ കോളജിൽ നാലാം സെമസ്റ്റർ വിദ്യാർഥിനിയാണു നീത. പ്ലാന്ററായ ഭർത്താവ് ജോസഫ് വിദേശ യാത്രയിലാണ്. സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയ ഓട്ടോഡ്രൈവർ പൊലീസ് നിരീക്ഷണത്തിലാണ്.
Post Your Comments