കേരളാ ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ എത്തിച്ച പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു സി.കെ വിനീത്. ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ വിനീതിനെ ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ടീമില്‍ നിലനിര്‍ത്തിയിരുന്നു. ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തതും വിനീത് എത്തിയതിന് ശേഷമായിരുന്നു. സീസണിന്റെ പാതിവഴിയിലാണ് വിനീത് ടീമിനൊപ്പം ചേര്‍ന്നത്.
ഈ വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഡ്രാഫ്റ്റിന് മുന്നോടിയായി കേരളാ ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തിയ രണ്ട് താരങ്ങളില്‍ ഒരാളാണ് വിനീത്. എന്നാല്‍ ഈ സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. നാല് ഗോളുകള്‍ അടിച്ചെങ്കിലും അത്ര മികച്ച കളിയായിരുന്നില്ല താരം പുറത്തെടുത്തത്. എന്നാല്‍ അടുത്ത സീസണില്‍ വിനീത് ഫോമിലേക്ക് തിരിച്ചെത്തുമെന്നും പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
വിനീതും, ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പരസ്പര ധാരണയില്‍ പിരിയാന്‍ തീരുമാനിച്ചെന്നും, അടുത്ത സീസണില്‍ വിനീത് ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റേതെങ്കിലും ക്ലബ്ബുകളില്‍ കളിക്കാനാണ് സാധ്യതയെന്നും ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സീസണില്‍ ഒരു കോടി രൂപ പ്രതിഫലമാണ് ബ്ലാസ്റ്റേഴ്സ് വിനീതിന് നല്‍കുന്നത്. കരാര്‍ കാലാവധിയില്‍ ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് വിനീത് ടീം വിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇത് വരെ വന്നിട്ടില്ല.
Post Your Comments