Latest NewsKeralaNews

പ്രതിമ തകര്‍ക്കല്‍: കടുത്ത വിയോജിപ്പ്‌ രേഖപ്പെടുത്തി പ്രധാനമന്ത്രി; കര്‍ശന നടപടിയെന്ന് അമിത് ഷാ

ന്യൂഡല്‍ഹി•ത്രിപുരയിലും തമിഴ്നാട്ടിലും പ്രതിമകള്‍ തകര്‍ക്കപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിനെ വിളിച്ച് കടുത്ത വിയോജിപ്പ്‌ രേഖപ്പെടുത്തി. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ അഡ്വൈസറിയിലാണ് ഇക്കാര്യം പറയുന്നത്.

ത്രിപുരയില്‍ രണ്ട് ലെനിന്‍ പ്രതിമകളും തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമയും ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് ഈ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

അതേസമയം, പ്രതിമ തകര്‍ക്കലിനെതിരെ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായും രംഗത്തെത്തിയിട്ടുണ്ട്. അടുത്തിടെ പ്രതിമകള്‍ തകര്‍ത്ത സംഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. ഒരു പാര്‍ട്ടി എന്ന നിലയില്‍ ഒരാളുടെയും പ്രതിമ തകര്‍ക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

തമിഴ്നാട്ടിലെയും ത്രിപുരയിലെയും പാര്‍ട്ടി ഘടകങ്ങളുമായി സംസാരിച്ചു. ബി.ജെ.പിയുമായി ബന്ധമുള്ള ഏതെങ്കിലും വ്യക്തിയ്ക്ക് പ്രതിമകള്‍ തകർക്കുന്നതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ പാര്‍ട്ടി കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അമിത് ഷാ വ്യക്തമാക്കി.

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഇരു സംസ്ഥാനങ്ങളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി സംസാരിച്ചതായും ഇത്തരം സംഭവങ്ങളില്‍ പ്രധാനമന്ത്രി കടുത്ത വിയോജിപ്പ്‌ രേഖപ്പെടുത്തിയതായും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ കത്തില്‍ ആഭ്യന്തര മന്ത്രാലയം പറയുന്നു.

ഉപരാഷ്ട്രപതിയും രാജ്യ സഭാ ചെയമാനുമായ എം.വെങ്കയ്യ നായിഡുവും പ്രതിമ തകര്‍ക്കലിനെ വിമര്‍ശിച്ചു. സംഭവത്തെ ചൊല്ലിയുള്ള ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞിരുന്നു.

അതിനിടെ,കൊല്‍ക്കത്തയില്‍ സംഘ് പ്രത്യയശാസ്ത്രജ്ഞന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ ഒരു സംഘം ആളുകള്‍ കരിയോയില്‍ ഒഴിക്കുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തു. സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തമിഴ്നാട്ടില്‍ പെരിയാര്‍ പ്രതിമകള്‍ തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റ്‌ ചെയ്ത സംഭവത്തില്‍ തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ എച്ച്.രാജ മാപ്പ് പറഞ്ഞു. തന്റെ ഫേസ്ബുക്ക്‌ അഡ്മിന്‍മാര്‍ തന്റെ അനുമതിയില്ലാതെ ഒപ്പിച്ച പണിയാണിതെന്നാണ് രാജയുടെ വിശദീകരണം. പോസ്റ്റിനെക്കുറിച്ച് അറിഞ്ഞ ഉടനെ അത് നീക്കം ചെയ്തെന്നും രാജ പറയുന്നു.

വെല്ലൂരില്‍ പെരിയാര്‍ പ്രതിമ തകര്‍ക്കപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് രാജ്യയുടെ മാപ്പപേക്ഷ വരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി ടൌണ്‍ സെക്രട്ടറി മുത്തുകുമാരനേയും ഫ്രാന്‍സ് എന്നോരാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button