ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ഗുരുതര ആരോപണവുമായി ഭാര്യ രംഗത്ത്. മുഹമ്മദ് ഷമിക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധങ്ങളുണ്ടെന്ന് ഭാര്യ ഹസിന് ജഹാന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ തെളിവെന്നോളം ഹസിന് ജഹാന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ ഷമി നടത്തിയ രഹസ്യചാറ്റിന്റെ ഫോട്ടോകളും പുറത്തുവന്നു. എന്നാല്‍ അല്‍പ്പസമയത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കപ്പെട്ടു.
ഇതോടെ ക്രിക്കറ്റ് ലോകത്ത് വീണ്ടും വിവാദങ്ങള്‍ ഉയരുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബൗളിങ് നിരയിലെ ശക്തനാണ് മുഹമ്മദ് ഷമി. ഇദ്ദേഹത്തിന് നിരവധി സ്ത്രീകളുമായി ഒരേ സമയം ബന്ധമുണ്ടെന്നാണ് ഭാര്യ ഹസിന് ജഹാന്റെ ആരോപണം. തനിക്ക് കടുത്ത പീഡനം ഏല്‍ക്കാറുണ്ടെന്നും ഭാര്യ പറഞ്ഞു. എബിപി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഹസിന് ജഹാന് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
മുഹമ്മദ് ഷമി നിരവധി സ്ത്രീകളുമായി രഹസ്യമായി ചാറ്റ് ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ടുകളും ഹസിന് ജഹാന് പുറത്തുവിട്ടു. ഷമിയുടെ സഹോദരന് തന്നെ മര്‍ദ്ദിക്കാറുണ്ടെന്ന് ഹസിന് ജഹാന് പറയുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ മാതാവും പീഡിപ്പിക്കാറുണ്ട്. തന്നെ കൊല്ലാനും ഒരുതവണ ശ്രമിച്ചെന്നും ഹസിന് ജഹാന് പറയുന്നു.ഇക്കാര്യത്തില്‍ പ്രതികരണം തേടി മാധ്യമങ്ങള്‍ മുഹമ്മദ് ഷമിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
ഉത്തര്‍പ്രദേശുകാരനാണ് മുഹമ്മദ് ഷമി. ഇപ്പോള്‍ കൊല്‍ക്കത്തയിലാണ് താമസം. ഭാര്യയും മകളും ഒപ്പമുണ്ട്. കുല്‍ദീപ് എന്ന വ്യക്തിയാണ് ഷമിക്ക് സ്ത്രീകളെ എത്തിക്കുന്നതെന്നും ഭാര്യ ഇന്ത്യ ടിവിയോട് പറഞ്ഞു. മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞതോടെ പ്രതികരണവുമായി ഷമി രംഗത്തെത്തി. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചു.
Post Your Comments