ന്യൂഡല്‍ഹി : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വേരോട്ടമുറപ്പിച്ച ബി.ജെ.പി.യുടെ അടുത്ത ലക്ഷ്യം കർണ്ണാടകം. ത്രിപുര നല്‍കിയ വിജയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സഹായകരമാകുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി ദേശീയനേതൃത്വം. വലതുപക്ഷരാഷ്ട്രീയവും ഇടതുപക്ഷരാഷ്ട്രീയവും തമ്മില്‍ ആദ്യമായി നേരിട്ട് ഏറ്റുമുട്ടിയ ത്രിപുരയില്‍ വന്‍വിജയം നേടാനായത് ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയും ആശയപരമായ പ്രചാരണത്തിന് ഗുണകരമാകുമെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്.
മതേതരത്വത്തിന് വെല്ലുവിളി, അസഹിഷ്ണുതാവാദം, ന്യൂനപക്ഷങ്ങളുടെ ഭീതി തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തുന്ന ഇടതുപാര്‍ട്ടികള്‍ക്ക് അവരുടെ തട്ടകത്തില്‍ തിരിച്ചടിനല്‍കാന്‍ സാധിച്ചതാണ് ബിജെപിക്ക് ഊർജ്ജം നൽകുന്നത്. കര്‍ണാടകത്തില്‍ ഇടതുപാര്‍ട്ടികള്‍ക്ക് ഭരണസ്വാധീനമില്ലെങ്കിലും ആശയപരമായ സ്വാധീനമുണ്ട്. ഇടത് ആശയങ്ങള്‍ പേറുന്ന സാമൂഹികസംഘടനകളുടെയും സന്നദ്ധസംഘടനകളുടെയും പ്രവര്‍ത്തനമേഖലകൂടിയാണ് കര്‍ണാടക. ബി.ജെ.പി.ക്ക് വേരോട്ടമുള്ള കര്‍ണാടകത്തില്‍ കടുത്തപോരാട്ടം നടത്താന്‍ ഈ ആത്മവിശ്വാസം സഹായകമാകുമെന്ന് നേതൃത്വം കരുതുന്നു.
നിയമസഭാതിരഞ്ഞെടുപ്പില്‍ മാത്രമല്ല, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും കര്‍ണാടകത്തില്‍നിന്നുള്ള മികച്ച പ്രാതിനിധ്യം ബി.ജെ.പി. ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് 28 ലോക്സഭാ സീറ്റുകളാണുള്ളത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ പരമ്ബരാഗത ബി.ജെ.പി. സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാവുമെന്നും ആ ക്ഷീണം ഹിന്ദി ബെല്‍റ്റിന് പുറത്തെ സംസ്ഥാനങ്ങളില്‍നിന്ന് നികത്തണമെന്നുമാണ് അമിത് ഷാ യുടെ നിർദ്ദേശം എന്നാണ് റിപ്പോർട്ട്. ഈ മേഖലകളില്‍ നിന്നായി 180 സീറ്റുകളാണ് ബി.ജെ.പി.യുടെ ലക്ഷ്യം.
Post Your Comments