NewsGulf

ബഹ്റൈനിൽ കാണാതായ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

മനാമ ; ബഹ്റൈനിൽ മൂന്നാഴ്ചയിലേറെയായി കാണാതായ ഫുട്ബോൾ കോച്ചിന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂർ സ്വദേശി ഒ.കെ.തിലകന്റെ (54) മൃതദേഹമാണ് മിനാ സൽമാനിൽനിന്നു ഹിദ്ദിലേക്കുള്ള പാലത്തിനടിയിൽ കണ്ടെത്തിയത്. പഴക്കം മൂലം തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നു മൃതദേഹം. . വസ്ത്രത്തിൽനിന്നു ലഭിച്ച താമസരേഖയിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.
അഞ്ചുവർഷം മുൻപ് ബഹ്റൈനിലെത്തിയ തിലകൻ ആദ്യം സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ശേഷം ഒന്നരവർഷം മുൻപ് ഇവിടെ ആരംഭിച്ച ഫുട്ബോൾ അക്കാദമിയിൽ പരിശീലകനായി.

ALSO READ ;സൗദിയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് കൂടുതല്‍ ജാഗ്രത നിര്‍ദേശവുമായി ട്രാഫിക് ഡയറക്ടറേറ്റ്

ഫെബ്രുവരി നാലു മുതലാണു ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് സ്പോൺസറായ ലതീഷ് ഭരതന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തിലകൻ ഉപയോഗിച്ചിരുന്ന രണ്ടു ഫോണുകളും സ്വിച്ച്ഓഫ് ചെയ്ത നിലയിലായിരുന്നു. ജനുവരി 22നു ശേഷം ഇദ്ദേഹം വീട്ടിലേക്കു വിളിച്ചിരുന്നില്ല. എംബിഎ ബിരുദധാരിയായ മകൾ ദർശനയെ ബഹ്റൈനിലേക്കു കൊണ്ടുവരാനിരിക്കുകയായിരുന്നു. ഇക്കാര്യമന്വേഷിച്ചു ദർശന ജനുവരി 31നു വാട്സാപ് സന്ദേശം അയച്ചിരുന്നു. ഫെബ്രുവരി ഒന്നിന് ഇതിനു മറുപടിയായി വീസ തയാറായെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ബഹ്റൈനിലെത്താമെന്നുമുള്ള സന്ദേശം അയച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

എൺപതുകളിൽ ടൈറ്റാനിയത്തിന്റെ മികച്ച കളിക്കാരനായിരുന്നു തിലകൻ. മോഹൻദാസ്–തിലകൻ–നന്ദകുമാർ എന്നിവരടങ്ങിയ പ്രതിരോധ നിര ടീമിന്റെ വിജയങ്ങളിൽ വലിയ പങ്കു വഹിച്ചു. കണ്ണൂർ ബ്രദേഴ്സ് ക്ലബ്ബിലും നാലുവർഷം കളിച്ചു. സംസ്ഥാന ജൂനിയർ ടീമിലും ഇദ്ദേഹം അംഗമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button