KeralaLatest NewsNews

തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തിച്ച ആയുർവേദത്തിന് നന്ദി പറഞ്ഞ് ഫ്രഞ്ച് പെൺകുട്ടി

വൈക്കം: ജീവിതത്തിലേക്കു തിരിച്ചെത്തിച്ച കേരളത്തിനും ആയുര്‍വേദത്തിനും നന്ദി പറഞ്ഞ് ലൂണ എന്ന ഫ്രഞ്ച് പെണ്‍കുട്ടി. ഹൃദ്രോഗവും ജനിതക വൈകല്യവും മൂലം വീല്‍ച്ചെയറിലേക്ക് ഒതുങ്ങിയിരുന്ന ലൂണയെ കൈപിടിച്ചു നടത്തിയതു വൈക്കം വല്ലകത്തെ ശ്രീകൃഷ്ണ ആയുര്‍വേദ കേന്ദ്രത്തിലെ ചികിത്സയാണ്. ഹൃദയത്തിന് ഘടനാവൈകല്യം ഉണ്ടാക്കുന്ന ട്രങ്കസ് ആര്‍ട്ടിരിയോസസ് എന്ന രോഗവുമായാണു ലൂണ ജനിച്ചത്. മൂന്നാം മാസത്തിലും ഏഴാം വയസ്സിലും രണ്ടു ശസ്ത്രക്രിയകൾ നടത്തി.

ജീവിതം സാധാരണ നിലയിലേക്ക് എത്തുമ്പോഴാണ് എഫ്.എസ്.എച്ച്‌. മസ്കുലാര്‍ ഡിസ്ട്രോഫി എന്ന ജനിതക വൈകല്യവും ലൂണയ്ക്കുണ്ടെന്ന് പാരീസിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ലൂണയുടെ മാതാവ് ക്ലയര്‍ മകളെയും കൂട്ടി പല ചികിത്സകളും പരീക്ഷിച്ചെങ്കിലും മുഖത്തെയും തോളിലെയും കൈകാലുകളിലെയും മാംസപേശികള്‍ ശോഷിച്ചു പ്രവര്‍ത്തശേഷി നഷ്ടപ്പെടുന്ന മസ്കുലാര്‍ ഡിസ്ട്രോഫി എന്ന രോഗത്തിന് ആശ്വാസം കണ്ടെത്തിയില്ല.

ലൂണയുടെ ചലനശേഷി നാള്‍ക്കുനാള്‍ മോശമായിക്കൊണ്ടിരുന്നു. പൂര്‍ണമായും വീല്‍ചെയറിനെ ആശ്രയിക്കേണ്ട അവസ്ഥയിലേക്കുമെത്തി. ഈ അവസ്ഥയിലാണ് മിഷേല്‍ എന്ന ഫ്രഞ്ച് ആയുര്‍വേദ വിദഗ്ധ മൂലം വല്ലകത്തെ ശ്രീകൃഷ്ണ ആയുര്‍വേദ ചികിത്സാകേന്ദ്രത്തിലെ ഡോ. വിജിത്ത് ശശിധറിനടുത്തേക്ക് ലൂണ എത്തിയത്.ഈ സമയം മൂന്നാമതൊരു ഹൃദയശസ്ത്രക്രിയ കൂടി വേണ്ടി വരുമെന്ന് ഫ്രാന്‍സിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. 2017 ഫെബ്രുവരിയിലാണ് ലൂണയും മാതാവും കേരളത്തിലെത്തിയത്.

ശ്രീകൃഷ്ണ ആയുര്‍വേദ കേന്ദ്രത്തിലെത്തി ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം മടങ്ങുമ്പോള്‍ കൈകാലുകള്‍ക്ക് ബലവും ചലനശേഷിയും വര്‍ധിച്ചതായും നട്ടെല്ലിനുണ്ടായിരുന്ന വളവ് കുറഞ്ഞ് വരുന്നതായും ബോധ്യപ്പെട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ ചികിത്സകള്‍ക്കായി ലൂണ വീണ്ടും ഇവിടെയെത്തി. ഇപ്പോള്‍ പരസഹായമില്ലാതെ സ്വന്തം ജീവിതം നയിക്കാന്‍ പ്രാപ്തയാണ് ലൂണ. ശോധനചികിത്സയും പഞ്ചകര്‍മയുമാണ് പ്രധാനമായും ലൂണയ്ക്ക് നല്‍കിയതെന്ന് ഡോ. വിജിത്ത് ശശിധര്‍ പറഞ്ഞു. ആയുര്‍വേദ ചികിത്സയിലൂടെ ലൂണയ്ക്കുണ്ടായ പുരോഗതി എഫ്.എസ്.എച്ച്‌. മസ്കുലാര്‍ ഡിസ്ട്രോഫി മൂലം ദുരിതമനുഭവിക്കുന്ന അനേകര്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button