എന്നും കലാപ ഭൂമിയാണ് സിറിയ. ജീവനും ഭക്ഷണത്തിനുമായി കേഴുന്ന അഭയാര്‍ഥി ദൃശ്യങ്ങള്‍ നമ്മള്‍ എന്നും കാണാറുണ്ട്. രാസായുധവും ബോംബ് ആക്രമങ്ങളിലും നൂറുകണക്കിനു ആളുകളാണ് ഓരോ യുദ്ധത്തിലും മരിച്ചു വീഴുന്നത്. എന്നാല്‍ യുദ്ധത്തിന്റെ ഭീതിയില്‍ നിന്നും അഭയാര്‍ഥി ക്യാമ്പുകളില്‍ കുടിയേറുന്നവര്‍ക്കും നേരിടേണ്ടിവരുന്നത് അതിലും വലിയ ദുരിതമാണെന്നു വെളിപ്പെടുത്തല്‍. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും അന്താരാഷ്ട്ര ചാരിറ്റി കേന്ദ്രങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഐക്യരാഷ്ട്രസഭയുടേത് അടക്കമുളള അന്താരാഷ്ട്ര മെഡിക്കല്‍ ക്യാംപുകള്‍ നടത്തുന്നവരാണ് സ്ത്രീകളെ ചൂഷണം ചെയ്യുന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെയും പേരില്‍ സഹാമെത്തിക്കുന്ന പുരുഷന്മാര്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു. സ്ത്രീ ശരീരമായി മാത്രം മാറുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല. വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട് ഈ ലൈംഗിക അടിമത്തത്തിന്. യുദ്ധത്തിന്റെ മറവില്‍ നടക്കുന്ന ലൈംഗിക ആരാജകത്വങ്ങള്‍ക്ക് ഇരയാവുകയാണ് സിറിയന്‍ യുവതികള്‍. പെണ്ണിനും മണ്ണിനും വേണ്ടി അടികൂടിയ ചരിത്രം നമുക്ക് മുന്‍പില്‍ കഥകളായി നിറഞ്ഞു നില്‍ക്കുമ്പോള്‍ ആരെയും വേദനിപ്പിച്ചുകൊണ്ട് തനിക്കും കുഞ്ഞുങ്ങള്‍ക്കും ഒരു നേരത്തെ ആഹാരത്തിനും മരുന്നിനുമായി മാനം പണയം വയ്ക്കേണ്ടി വരുന്ന അമ്മമാര്‍. സിറിയയില്‍ നിന്നും പുറത്തുവരുന്ന വിവരങ്ങള്‍ ആരുടേയും കണ്ണ് നനയ്ക്കും.
മുറ്റത്തെ കോൺക്രീറ്റും ഇന്റർലോക്കും ഒഴിവാക്കാം, അങ്ങനെ പറയാൻ ചില കാരണങ്ങളുണ്ട്
ലൈംഗിക ബന്ധത്തിന് തയ്യാറായില്ലെങ്കില്‍ ചാരിറ്റി സംഘത്തിലെ പുരുഷന്മാര്‍ മരുന്നുകളും ഭക്ഷണവും അടക്കം പിടിച്ചുവെക്കുന്നതായി അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാരണത്താല്‍ സ്ത്രീകള്‍ വിതരണ കേന്ദ്രങ്ങളിലേക്ക് പോകാനും സഹായങ്ങള്‍ സ്വീകരിക്കാനും തയ്യാറാകുന്നില്ലഎന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അഭയാര്‍ത്ഥികളെ സഹായിക്കുന്ന സംഘത്തിലെ വനിതാ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷണം ലഭിക്കാനായി ‘ലൈംഗിക സേവനം’ നല്‍കാന്‍ സ്ത്രീകളും പെണ്‍കുട്ടികളും ഉദ്യോഗസ്ഥരെ ചുരുങ്ങിയ കാലത്തേക്ക് വിവാഹം ചെയ്യേണ്ടിവന്നതിനും സഹായങ്ങളുമായി എത്തുന്നവര്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ടെലിഫോണ്‍ നമ്ബറുകള്‍ ആവശ്യപ്പെട്ടതിനും സേവനങ്ങള്‍ക്ക് പകരമായി രാത്രി ചെലവഴിക്കാനാവശ്യപ്പെടുകയും ചെയ്തതിനും ഉദാഹരണങ്ങള്‍ ഉണ്ടെന്ന് ‘വോയ്സ് ഓഫ് സിറിയ 2018’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നു വര്‍ഷം മുമ്പ് തന്നെ സിറിയയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗികാരോപണമുയര്‍ന്നിരുന്നു. രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ ഇപ്പോഴും അത് തുടരുന്നുണ്ടെന്നാണ് ബി.ബി.സിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അത്തരം ചൂഷണങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് യു.എന്‍ ഏജന്‍സികളും സന്നദ്ധത സംഘടനകളും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സിറിയയില്‍ അവരുടെ ഏജന്റുമാരാണ് സ്ത്രീകളെ പീഡിപ്പിക്കുന്നത്. ലൈംഗിക പീഡനം ഭയന്ന് പല സിറിയന്‍ സ്ത്രീകളും സഹായ വിതരണ കേന്ദ്രങ്ങളിലേക്ക് പോകാറില്ല. ശരീരം കാഴ്ചവെച്ചാണ് തങ്ങള്‍ വീടുകളിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റു കൊണ്ടുവരുന്നതെന്ന് ആളുകള്‍ സംശയിക്കുമെന്ന ഭീതിയാണ് അവരെ പിന്തിരിപ്പിക്കുന്നത്.
സിറിയയിലെ ഏജന്റുമാര്‍ നടത്തുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും പല അന്താരാഷ്ട്ര ഏജന്‍സികളും കണ്ണടക്കുകയാണ്. കാരണം അന്താരാഷ്ട്ര പ്രവര്‍ത്തകര്‍ക്ക് പ്രവേശനം ലഭിക്കുന്നതില്ലെന്നതുകൊണ്ട് സിറിയയിലെ ചില അപകടകരമായ മേഖലകളിലേക്ക് സഹായമെത്തിക്കാന്‍ ഏജന്റുമാരെയാണ് ഇവര്‍ ആശ്രയിക്കുന്നത്. സിറിയയിലെ നിരവധി പ്രവിശ്യകളില്‍ സഹായത്തിന്റെ മറവില്‍ ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന് യു.എന്‍ പോപ്പുലേഷന്‍ ഫണ്ടും കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ മാത്രമല്ല പുരുഷന്മാരുടെ സംരക്ഷണമില്ലാത്ത വിധവകളും വിവാഹമോചിതരും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. മാര്‍ച്ച് 2015ല്‍ ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍നിന്നാണ് ഇത്തരം ആരോപണങ്ങള്‍ കേട്ടുതുടങ്ങിയതെന്ന് ഒരു അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ ഉപദേശകയായ ഡാനിയേല സ്‌പെന്‍സര്‍ പറയുന്നു. സന്നദ്ധ പ്രവര്‍ത്തകരില്‍നിന്നുണ്ടായ കയ്‌പേറിയ അനുഭവം ചില സ്ത്രീകള്‍ തന്നോട്ട് നേരിട്ട് പറഞ്ഞതായും അവര്‍ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലുകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസിലാകുന്നത് ലോകം എത്രമാറിയാലും സ്ത്രീ ഒരു ഉപഭോഗ വസ്തുമാത്രമാണെന്ന ചിന്തയാണ് പുരുഷന്മാര്‍ക്ക് ഉള്ളത്. അവരുടെ ലൈംഗിക സുഖ ഭോഗങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യുമ്പോള്‍ അവരുടെ ദൈന്യത ആരെങ്കിലും ഓര്‍ക്കുമോ? ഇതില്‍ നിന്നും ഒരു മോചനം സിറിയന്‍ യുവതികള്‍ക്ക് എന്നുണ്ടാകും.
അനിരുദ്ധന്‍
Post Your Comments