കേരള-തമിഴ്‌നാട് അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് സംബന്ധിച്ച കരാര്‍ കേരള ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെയും തമിഴ്‌നാട് ഗതാഗതമന്ത്രി എം.ആര്‍. വിജയഭാസ്‌കറിന്റെയും സാന്നിധ്യത്തില്‍ ഒപ്പുവെച്ചു. ഇതുപ്രകാരം 49 റൂട്ടുകളിലായി 89 പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. നിലവില്‍ 33016.4 കിലോമീറ്ററാണ് തമിഴ്‌നാട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നത്. പുതിയ കരാറനുസരിച്ച് 8865 കിലോമീറ്റര്‍ കൂടുതലായി ഓടാന്‍ ധാരണയായിട്ടുണ്ട്. തമിഴ്‌നാട് ബസുകള്‍ക്ക് 8801 കിലോമീറ്ററും കേരളത്തില്‍ സര്‍വീസ് നടത്താം. തമിഴ്‌നാട് ബസുകള്‍ക്ക് 30 റൂട്ടുകളിലായി 54 സര്‍വീസുകളാണ് പുതുതായി ധാരണയായത്. 1976ലാണ് ആദ്യമായി തമിഴ്‌നാടുമായി അന്തര്‍സംസ്ഥാന കരാറില്‍ ഏര്‍പ്പെട്ടത്. പിന്നീട് 1979, 1984, 1995, 1998, 2008 വര്‍ഷങ്ങളില്‍ സപ്ലിമെന്ററി കരാറുകളുമുണ്ടായിരുന്നു.
എറണാകുളം-ചെന്നൈ, എറണാകുളം-പുതുച്ചേരി, ആര്‍ത്തുങ്കല്‍-വേളാങ്കണ്ണി, പാലക്കാട്-കോയമ്പത്തൂര്‍, ഇടുക്കി- കമ്പമേട്, കോട്ടയം-മധുര, തിരുവനന്തപുരം- ഊട്ടി, തിരുവനന്തപുരം- പേച്ചിപ്പാറ, തിരുവനന്തപുരം- കുളച്ചല്‍, തിരുവനന്തപുരം-തേങ്ങാപ്പട്ടണം, തിരുവനന്തപുരം -ആറ്റിന്‍കര തുടങ്ങി നിരവധി റൂട്ടുകളില്‍ പുതിയ സര്‍വീസുകളുണ്ടാകും. അതിര്‍ത്തി ജില്ലകളിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമായ സര്‍വീസുകളാകും ഇതെന്ന് ഇരുസംസ്ഥാനങ്ങളിലെയും മന്ത്രിമാര്‍ പറഞ്ഞു. വാരാന്ത്യ, ഉത്‌സവകാല, അവധിക്കാല സര്‍വീസുകള്‍ പുതുതായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഗതാഗതസൗകര്യത്തിനു പുറമേ ഇരുസംസ്ഥാനങ്ങള്‍ തമ്മിലുള്ള ആത്മബന്ധം ഉറപ്പിക്കാനും പുതിയ സര്‍വീസുകള്‍ സഹായിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
കേരള ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. പത്മകുമാര്‍, കെ.എസ്.ആര്‍.ടി.സി എം.ഡി എ. ഹേമചന്ദ്രന്‍, തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി. സത്യമൂര്‍ത്തി, എസ്.ഇ.ടി.സി എം.ഡി ആര്‍. അനന്തപത്മനാഭന്‍, ടി.എന്‍.എസ്.ടി.സി എം.ഡി മണി, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. വേലുസ്വാമി, എസ്.ഇ.ടി.സി ജനറല്‍ മാനേജര്‍ ആര്‍. പൊന്‍മുടി, ടി.എന്‍.എസ്.ടി.സി ജനറല്‍ മാനേജര്‍ തിരുവമ്പലം, ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അസി. സെക്രട്ടറി വി. സത്യനാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post Your Comments