തിരുവനന്തപുരം: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യയുടെ ഒന്‍പതംഗ സൈക്ലിങ് ടീമില്‍ രണ്ട് മലയാളി താരങ്ങളും. കോഴിക്കോട് തിരുവമ്പാടി പുതുപ്പറമ്പില്‍ അലീന റെജിയും തിരുവനന്തപുരം തുണ്ടത്തില്‍ സനു രാജുമാണ് ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച കേരളത്തിന്റെ അഭിമാന താരങ്ങള്‍. മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരില്‍ നിന്നാണ് ആസ്ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഈ വര്‍ഷം നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലേക്കുള്ള ടീമിനെ തിരഞ്ഞെടുത്തത്. അഞ്ച് വനിതകളും നാല് പുരുഷന്മാരും ഉള്‍പ്പെട്ടതാണ് ഇന്ത്യന്‍ ടീം.
നിരവധി ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് ഉജ്വല പ്രകടനം കാഴ്ചവച്ചാണ് അലീനയും സനുവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനൊരുങ്ങുന്നത്. 2012ല്‍ ഏറ്റവും മികച്ച കോച്ചിനുള്ള ദ്രോണാചാര്യ പുരസ്കാരം നേടിയ ചന്ദ്രന് ചെട്ടിയാരുടെ കീഴിലാണ് അലീനയും സനുവും സൈക്ലിങ് പരിശീലനം ആരംഭിച്ചത്. ഇന്ത്യയിലെ സൈക്ലിങ് താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരിയായ അലീന ട്രാക്ക് സൈക്ലിങ് ഇനങ്ങളിലാണ് മിന്നുന്ന പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ളത്. ഇന്ത്യന്‍ ടീമിലെ ഒന്നാം സ്ഥാനക്കാരിയായ ദിബോറ ഹെറോള്ഡുമൊത്താണ് ടീം ഇനങ്ങളില്‍ അലീന ഇറങ്ങുന്നത് എന്നതിനാല്‍ കേരള താരത്തിന്റെ കൂടി മികവില്‍ ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം
2016ല്‍ ദേശീയ ചാംപ്യനായ സനു എയര്‍ഫോഴ്സിന്റെ പ്രതിനിധിയായാണ് കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ എത്തിയത്. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ ദേശീയ തലത്തില്‍ മത്സരിക്കാനിറങ്ങിയ സനു ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയില്‍ പങ്കെടുത്ത് അന്താരാഷ്ട്ര തലത്തില്‍ ഓരോ സ്വര്‍ണം, വെള്ളി, രണ്ട് വെങ്കലം മെഡലുകള്‍ നേടിയിട്ടുണ്ട്. ദേശീയ തലത്തില്‍ 11 സ്വര്‍ണം എട്ട് വെള്ളി, നാല് വെങ്കലം മെഡലുകളും താരം കരിയറില്‍ സ്വന്തമാക്കിയിട്ടുണ്ട്.
Post Your Comments