ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള 27 കാരനായ സൈനികനായ അവിനാഷ് സാബ്ലെ കടന്നു പോയ കഠിനമായ ജീവിതത്തിനൊടുവിൽ ലോകത്തിന് നെറുകയിൽ എത്തിയിരിക്കുകയാണ്. കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഇനത്തിൽ ഒരു ഇന്ത്യൻ താരം മെഡൽ നേടിയപ്പോൾ പിറന്നത് ചരിത്രമാണ്. വർഷങ്ങളായി കെനിയ കൈപ്പിടിയിലാക്കിയിരുന്ന സ്ഥാനമാണ് അവിനാഷ് കഠിനമായ പരിശ്രമത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.
കെനിയ അല്ലാതൊരു രാജ്യം മെഡൽ നേടുന്നത് അവിനാഷിലൂടെയാണ്. അതിന്റെ എല്ലാ ക്രെഡിറ്റും ഇന്ത്യൻ ആർമിക്കാണ്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള 27 കാരനായ അവിനാഷ് സാബിൾ ഒരു സൈനികനാണ്. കഠിനമായ ബുദ്ധിമുട്ടുകളുടെയും അലസതയുടെയും ഭാര പ്രശ്‌നങ്ങളുടെയും ജീവിതത്തിൽ നിന്നും സ്റ്റീപ്പിൾ ചേസിൽ റെക്കോർഡ് സ്വന്തമാക്കാനുള്ള അവന്റെ യാത്രയിൽ അവന് കൂട്ടായി നിന്നത് ഇന്ത്യൻ ആർമിയാണ്.
ആറ് വർഷം മുമ്പ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് അവിനാഷ് ഓട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. ഏറ്റവും പിന്നോക്കം നിൽക്കുന്നതും വരൾച്ച ബാധിതവുമായ ജില്ലയിൽ നിന്നായിരുന്നു അവിനാഷ് വന്നത്. കർഷക കുടുംബത്തിൽ നിന്നും സൈന്യത്തിലെത്തിയ അവിനാഷിനെ ലോകമറിയുന്ന കായികതാരമായി മാറ്റിയത് സൈന്യം ആണ്.
സിയാച്ചിൻ, രാജസ്ഥാൻ എന്നീ രണ്ട് പ്രദേശങ്ങളിൽ സേവനമനുഷ്ഠിച്ചത് യുവാവിന് ഗുണകരമായി. അദ്ദേഹം സൈന്യത്തിന്റെ അത്ലറ്റിക് പ്രോഗ്രാമിൽ ചേരുകയും ക്രോസ്-കൺട്രി മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. സർവീസസ് ടീമിന്റെ ഭാഗമാകുന്നതിന് മുമ്പ് ഒരു വർഷത്തെ പരിശീലനം മാത്രമായിരുന്നു ഇദ്ദേഹത്തിന് ലഭിച്ചിരുന്നത്. എന്നാൽ, വ്യക്തിഗത ദേശീയ ക്രോസ്-കൺട്രി ചാമ്പ്യൻഷിപ്പിൽ അവിനാഷ് അഞ്ചാം സ്ഥാനത്തെത്തി. പക്ഷെ, പരിക്കേറ്റതിനെത്തുടർന്ന് അദ്ദേഹം കുറച്ച് അവധിയെടുത്തു. ഇതിനിടെ ശരീരഭാരം വർദ്ധിച്ചിരുന്നു. ഒരു ഇടവേളയും സ്ഥിരമല്ലെന്ന് തെളിയിച്ച് കൊണ്ട് കൂടുതൽ ശക്തനായി അവിനാഷ് തിരിച്ചെത്തി.
2017-ൽ 15 കിലോ ഭാരം കുറച്ച സാബിൾ വീണ്ടും ഓടാൻ തുടങ്ങി. അവിനാഷിന്റെ കഠിനപ്രയത്നം സൈനിക പരിശീലകൻ അംരീഷ് കുമാറിന്റെ കണ്ണിൽ പെടുകയും സ്റ്റീപ്പിൾ ചേസ് വിഭാഗത്തിൽ അവിനാഷിനെ ഉൾപ്പെടുത്തുകയും ചെയ്തു. പരിശീലനത്തിലെ അവന്റെ അസാധ്യമായ കുതിപ്പ് അവിനാഷിന് ഗുണം ചെയ്തു. ആ വർഷത്തെ ഫെഡറേഷൻ കപ്പിൽ മികച്ച വേഗതയിൽ ഫിനിഷ് ചെയ്ത സാബിൾ ദേശീയ റെക്കോഡിലേക്ക് കണ്ണുവെച്ചെങ്കിലും അന്നത് നേടിയെടുക്കാനായില്ല. 2018 ൽ ഭുവനേശ്വറിൽ നടന്ന മത്സരത്തിൽ ദേശീയ റെക്കാർഡ് സാബിൾ തകർത്തു. 2020ലെ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയതോടെ 1952-ൽ ഗുൽസാര സിംഗ് മാനിന് ശേഷം ഒളിമ്പിക്‌സ് സ്റ്റീപ്പിൾ ചേസ് ഇനത്തിൽ ഓടുന്ന ആദ്യ ഇന്ത്യക്കാരനായി സാബിൾ മാറി. 2022 ലെ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ 8:11:20 എന്ന ദേശീയ റെക്കോർഡ് മറികടന്നാണ് സാബിൾ വെള്ളി നേടിയത്.
Post Your Comments