മനസാക്ഷിയുള്ള ഒരു മനുഷ്യന് ഉറക്കം നഷ്ടമായിട്ടു കഴിഞ്ഞ രണ്ടു ദിവസമായി. അല്ല ഈ സമൂഹത്തില്‍ മനസാക്ഷിയുള്ള വ്യക്തികള്‍ ഉണ്ടോ എന്ന് തിരിച്ചു ചോദിയ്ക്കാന്‍ ആഗ്രഹിച്ചു പോകുന്നു. കാരണം അങ്ങനെയുള്ള സംഭവങ്ങളാണ് ഇപ്പോള്‍ സമൂഹത്തില്‍ വലിയ രീതിയില്‍ നടക്കുന്നത്. പ്രകൃതി വിരുദ്ധ പീഡനം മുതല്‍ സമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ തോത് വര്‍ദ്ധിച്ചു വരുകയാണ്. അത്തരം സംഭവങ്ങള്‍ നിത്യമായത്തോടെ അതിനെതിരെയുള്ള പ്രതിഷേധങ്ങളും കുറഞ്ഞു തുടങ്ങി. അതോടെ പുതിയ പുതിയ വിഷയങ്ങള്‍ ഉയര്‍ന്നു വന്നു
കേന്ദ്രത്തെ തൊട്ടതിനും പിടിച്ചതിനും വിമര്‍ശിക്കാന്‍ മുന്നിട്ടു നില്‍ക്കുകയും എവിടെ ന്യൂനപക്ഷവിരുദ്ധ സംഭവം ഉണ്ടായാലും അതെല്ലാം ബിജെപിക്കാരാണ് ചെയ്തതെന്ന് വരുത്തിതീര്‍ക്കാനും പെടാപാട് പെടുന്ന കേരള രാഷ്ട്രീയത്തിലെ ശകുനിമാര്‍ കേരളത്തില്‍ നടന്ന ആദിവാസി പീഡനം കണ്ടില്ലന്നുണ്ടോ?. കഴിഞ്ഞ അറുപത് വര്‍ഷമായി ഇടതന്മാരും വലതന്മാരും മാറി മാറി ഭരിച്ച ഈ കേരളത്തില്‍ അന്നും ഇന്നും കുപ്പകുഴിയില്‍ കഴിയേണ്ടി വന്ന ആദിവാസി വിഭാഗങ്ങളെ ഈ രാഷ്ട്രീയ എമാന്മാര്‍ക്ക് അറിയില്ല. അവര്‍ക്കായി നീക്കി വയ്ക്കുന്ന ഫണ്ടുകള്‍ കട്ട് മുടിക്കാന്‍ മുന്നിട്ടിറങ്ങുന്നവരും അറിഞ്ഞില്ല. വിശപ്പിന്റെ വിളി അവര്‍ കേള്‍ക്കില്ല.
ആദിവാസിമേഖലയ്ക്കായി ചെലവഴിച്ച കോടികളുടെ കണക്ക് പുറത്തുവിട്ട് യുവമോര്‍ച്ച; ഇതൊക്കെ എവിടെ പോയി?
ഒരു നേരത്തെ ആഹാരത്തിനായി സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചു അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ പരിഷ്കൃത സമൂഹം തള്ളിക്കൊല്ലുകയും സെല്ഫിയെടുത്ത് ആഘോഷിക്കുകയും ചെയ്യുന്നത് നമ്മള്‍ കണ്ടു കഴിഞ്ഞു. മാനസിക നില തെറ്റിയ ഒരു യുവാവിനെ യാതൊരു ദയയും കൂടാതെ തല്ലിക്കൊന്ന കേരളീയ സമൂഹത്തില്‍ ജീവിക്കുന്നുവെന്ന് പറയാന്‍ നാണമില്ലേ? അങ്ങ് ഉത്തര്‍ പ്രദേശിലോ മറ്റും നടക്കുമ്പോള്‍ ഭരണ പക്ഷത്തെ കുറ്റം പറയുകയും ഇന്ത്യയില്‍ ജീവിക്കുന്നുവെന്ന് പറയാന്‍ നാണക്കേടാണെന്നും പറഞ്ഞു കൊണ്ട് പ്രതിഷേധത്തിനായി തെരുവില്‍ ഇറങ്ങിയ സാമൂഹിക രാഷ്ട്രീയ നേതാക്കന്മാര്‍ ഇപ്പോള്‍ എവിടെ പോയി. എല്ലാവരും പ്രതിഷേധിച്ചു ഫേസ് ബുക്കില്‍… തങ്ങളുടെ കണ്ണുനീര്‍ വാക്കുകളാക്കി അവിടെ അര്‍പ്പിച്ച് അവര്‍ അടുത്ത വിഷയവും തേടിപ്പോയി. എന്നാല്‍ എല്ലാം ശരിയാക്കാന്‍ കച്ചകെട്ടി ഇറങ്ങിയ സിപിഎം(ഐ) സംഘടനകളും ഭരണ ചക്രം തിരിയ്ക്കുന്നവരും അങ്ങനെ ചെയ്‌താല്‍ മാത്രം മതിയോ?
ഇത് ഒരു സംഭവം ആണോ? ആള്‍ക്കൂട്ടം നിയമം കയ്യിലെടുത്ത് അഴിഞ്ഞാടുന്ന സംഭവങ്ങള്‍ ഒന്നിലധികം തവണയായി. എന്നിട്ടും അനങ്ങാത്ത കേരള പോലീസ്! എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുമ്പോള്‍ പൊലീസ് നോക്കുകുത്തിയാകുന്നു. മൂന്ന് മാസത്തിനിടെ ഇത്തരം ഇരുപതിലേറെ സംഭവങ്ങളുണ്ടായിട്ടും പ്രതികളെ പിടിച്ചത് നാലെണ്ണത്തില്‍ മാത്രം. ദൃശ്യങ്ങളുണ്ടായിട്ടു പോലും തെളിവുകളില്ലെന്ന പേരില്‍ അന്വേഷണം അവസാനിപ്പിക്കുന്നതാണ് അട്ടപ്പാടിയിലേത് പോലുള്ള ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന ആക്ഷേപം ശക്തമാകുന്നു.
വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ടവിചാരണയുടെ ഇരകളിലൊന്ന് മാത്രമാണ് അട്ടപ്പാടിയിലെ മധുവെന്ന് കഴിഞ്ഞ മൂന്ന് മാസത്തെ കണക്കുകള്‍ തെളിയിക്കും. ഇതരസംസ്ഥാന തൊഴിലാളിയെ കണ്ണൂരില്‍ ആള്‍ക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചത് ഈ അടുത്ത കാലത്താണ്. തിരുവനന്തപുരം വലിയതുറയില്‍ ട്രാന്‍സ്ജെന്ററെ വസ്ത്രംവലിച്ച് കീറി മര്‍ദിച്ചതും ഇതൊനോപ്പം ഓര്‍ക്കണം. ഇതിനെല്ലാം പോലീസിനും ന്യായമുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പേരില്‍ ഇതെല്ലം ക്ഷമിക്കാന്‍ കഴിയുമോ? വൈപ്പിനില്‍ സ്ത്രീയെ തല്ലിച്ചതച്ചത് ഓര്‍മ്മയില്ലേ.. എന്നാല്‍ അവിടെ സ്ത്രീകള്‍ തന്നെയാണ് മറ്റൊരു സ്ത്രീയ്ക്ക് നേരെ ആക്രമണം നടത്തിയത് എന്നതും നമ്മള്‍ ഇതിനൊപ്പം ആലോചിക്കേണ്ടി വരും .
ഇത്തരം മനസാക്ഷിയില്ലാത്ത മര്‍ദനങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ പോലീസും ആഭ്യന്തര വകുപ്പും ചെയ്യുന്നതെന്ത്? കേസെടുത്ത് അവസാനിപ്പിക്കുക മാത്രമാണ് പൊലീസ് ചെയ്യുന്നത്. മൂന്ന് മാസത്തിനിടെയുണ്ടായ അക്രമങ്ങളില്‍ പ്രതിയെ പിടിച്ചത് നാല് കേസുകളില്‍ മാത്രം. ക്രൂരമര്‍ദനത്തിന് ദൃശ്യങ്ങള്‍ തെളിവായ കണ്ണൂരിലെയും തിരുവനന്തപുരത്തെയും കേസുകളില്‍ പോലും പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി പൊലീസ് രക്ഷപ്പെടുത്തി. ഇതരസംസ്ഥാന തൊഴിലാളികളും മാനസിക വിഭ്രാന്തിയുള്ളവരുമടക്കം ചോദിക്കാനും പറയാനും ആരുമില്ലാത്തവരാണ് ആള്‍ക്കൂട്ടത്തിന്റെ ഇരകള്‍. അവര്‍ പരാതി നല്‍കുന്നില്ലെന്നും സാക്ഷിപറയാന്‍ ആരും തയാറാകുന്നില്ലെന്നൊക്കെയാണ് അറസ്റ്റ് ചെയ്യാത്തതിന് പൊലീസിന്റെ ന്യായം. സ്വമേധയാ കേസെടുത്ത് മാതൃക ശിക്ഷ നല്‍കി ഇത്തരം അക്രമങ്ങള്‍ക്ക് തടയിടാമെന്നിരിക്കെയാണ് നിയമം കയ്യിലെടുക്കരുതെന്ന പതിവ് ഉപദേശം നല്‍കി പൊലീസ് നോക്കുകുത്തിയാകുന്നത്. പരാജയമാകുന്ന അഭ്യന്തരവകുപ്പും പോലീസ് മേധാവികളും എന്തിനെന്ന ചോദ്യം ഉയര്‍ത്തികൊണ്ട് ഇത്തരം ആക്രമണങ്ങള്‍ ഓരോ കേരളീയന്റെ മുന്നിലും നില്‍ക്കുന്നു.
മാപ്പും അപമാനവും കണ്ണുനീരും ന്യൂസ് വാല്യു തരുന്നത് വരെ സ്റ്റാറ്റസ് ആക്കുന്ന മലയാളികള്‍ ഇനി എന്ന് മാറും. ഒരു വ്യക്തി പ്രശ്നവും ജനകീയമായി മാറി ഒരു അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദമായി മാറുകയും എല്ലാവര്ക്കും തുല്യ നീതി നടപ്പാകുകയും ചെയ്യുന്ന ഒരു ഭരണം എന്നുണ്ടാകും. ആരും ചോദിക്കാന്‍ ഇല്ലാത്തവനോടു കാണിക്കുന്ന ഈ കാടത്ത നിയമം എന്നവസാനിക്കും….
രശ്മിഅനില്‍
Post Your Comments