ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു നീരവ് മോദിയുടെ 523.72 കോടി രൂപയുടെ 21 വസ്തുവകകള്‍ കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 11,400 കോടി രൂപയുടെ തട്ടിപ്പുകേസില്‍ ഇതുവരെ 6,393 കോടി രൂപയുടെ വസ്തുവകകള്‍ കണ്ടുകെട്ടിയതായി ഇഡി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇതിനിടെ, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുനില്‍ മേത്ത, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.വി.ബ്രഹ്മാജി റാവു എന്നിവരെ സിബിഐ ചോദ്യംചെയ്തു. നേരത്തെ അറസ്റ്റിലായ 12 പേരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
മോദി, ആമി, മോദിയുടെ അമ്മാവനും ഗീതാഞ്ജലി ജെംസിന്റെ പ്രമോട്ടറുമായ മെഹുല്‍ ചോംസ്‌കി എന്നിവരോടു നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സമന്‍സ് അയച്ചിട്ടുണ്ട്. നഗരത്തില്‍ വര്‍ളി മേഖലയിലെ സമുദ്ര മഹല്‍ അപ്പാര്‍ട്‌മെന്റ്‌സില്‍ മൂന്നു ഫ്‌ളാറ്റുകള്‍ യോജിപ്പിച്ച 81.16 കോടി രൂപയുടെ പെന്റ്ഹൗസും അവിടെത്തന്നെ കടലിന് അഭിമുഖമായുള്ള 15.45 കോടി രൂപയുടെ ഫ്‌ളാറ്റും ഉള്‍പ്പെടെ നഗരത്തിലെ ആറു താമസസ്ഥലങ്ങളും പത്ത് ഓഫിസുകളും പുനെയിലെ രണ്ടു ഫ്‌ളാറ്റുകളും അലിബാഗിലെ ഫാം ഹൗസും സൗരോര്‍ജ പ്ലാന്റും അഹമ്മദ്‌നഗര്‍ ജില്ലയിലെ കര്‍ജത്തിലെ 135 ഏക്കര്‍ ഭൂമിയും ഉള്‍പ്പെടെ 21 വസ്തുവകകളാണു കണ്ടുകെട്ടിയത്.
സമുദ്രമഹല്‍ ഫ്‌ളാറ്റുകളും പുനെയിലെ രണ്ടു ഫ്‌ളാറ്റുകളും മോദിയുടെയും ഭാര്യ ആമിയുടെയും പേരിലും, നഗരത്തിലെ കാലഘോഡ, ഒപേറ ഹൗസ് മേഖലയിലെ വസ്തുവകകള്‍ മോദിയുടെ വജ്രവ്യാപാര സ്ഥാപനമായ ഡയമണ്ട് ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുള്ളതുമാണ്. അലിബാഗിലെ ബീച്ചിനു സമീപം കിഹിം മേഖലയിലെ ഫാം ഹൗസിനും ഭൂമിക്കും 42.70 കോടി രൂപയാണ് വില മതിക്കുന്നത്.
അഹമ്മദ്‌നഗര്‍ ജില്ലയിലെ കര്‍ജത്തിലുള്ള 53 ഹെക്ടര്‍ സോളര്‍ പ്ലാന്റിന് ഏകദേശം 70 കോടി രൂപയാണ് വിലമതിക്കുക. മുംബൈയിലെ ലോവര്‍ പരേലില്‍ മാര്‍ക്ക് ബിസിനസ് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുള്ള രണ്ട് ഓഫിസുകള്‍ക്ക് 80 കോടിയോളമാണ് വില മതിക്കുന്നത്.
അതേസമയം, നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും പാസ്‌പോര്‍ട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കി. നാലാഴ്ചത്തേക്ക്
പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്യുന്നുവെന്നും ഒരാഴ്ചയ്ക്കകം മറുപടി ലഭിച്ചില്ലെങ്കില്‍ റദ്ദാക്കുമെന്നും കാണിച്ചു നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണു റദ്ദാക്കല്‍ നടപടി.
Post Your Comments