KeralaLatest NewsNews

മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ യന്ത്രമനുഷ്യന്‍: ഉദ്ഘാടനം തിങ്കളാഴ്ച

തിരുവനന്തപുരം•കേരള വാട്ടര്‍ അതോറിറ്റി ഇന്നവേഷന്‍ സോണിന്റെ ആഭിമുഖ്യത്തില്‍ രൂപകല്‍പന ചെയ്ത ആള്‍നൂഴി (മാന്‍ഹോള്‍) ശുചിയാക്കുന്ന യന്ത്ര മനുഷ്യന്റെ അനാച്ഛാദനവും പ്രവര്‍ത്തനോദ്ഘാടനവും തിങ്കളാഴ്ച (ഫെബ്രുവരി 26) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് നാലിന് വെള്ളയമ്പലം ജലഭവന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവമന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിക്കും.

ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്നോടിയായി തിരുവനന്തപുരം നഗരത്തിലെ ആള്‍നൂഴികള്‍ ശുചിയാക്കുന്നത് ‘ബന്‍ഡിക്കൂട്ട്’ എന്നുപേരിട്ട ഈ യന്ത്രമനുഷ്യനെ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി മാത്യു ടി. തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

You may also like: മാന്‍ഹോളിലിറങ്ങി ജോലി ചെയ്യാന്‍ ഇനി യന്ത്ര മനുഷ്യര്‍

ആള്‍നൂഴി വൃത്തിയാക്കുന്ന തൊഴിലിന് മാന്യത കൈവരുത്തുകയെന്നതും യന്ത്രമനുഷ്യന്റെ ഉപയോഗം കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. ശുചീകരണതൊഴിലാളികളുടെ തൊഴില്‍ സംരക്ഷിച്ചുകൊണ്ടുതന്നെ ജോലി എളുപ്പമാക്കുകയാണ് ലക്ഷ്യം. യന്ത്രത്തിന്റെ യൂസര്‍ ഇന്‍ര്‍ഫേസ് കൂടുതല്‍ ലളിതമാക്കുംവിധം ഭാവിയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങളുണ്ടാകും.

ജല അതോറിറ്റി എം.ഡി എ. ഷൈനമോള്‍ സ്വാഗതവും ജന്റോബോട്ടിക്‌സ് സി.ഇ.ഒ എം.കെ. വിമല്‍ ഗോവിന്ദ് റിപ്പോര്‍ട്ടും അവതരിപ്പിക്കും. മേയര്‍ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, അഡീ. ചീഫ് സെക്രട്ടറി ടോം ജോസ്, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഡയറക്ടര്‍ ഡോ. സജി ഗോപിനാഥ്, വാര്‍ഡ് കൗണ്‍സിലര്‍ ഐഷാ ബേക്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീന ആശയങ്ങളെ പ്രായോഗിക ഉത്പന്നങ്ങളായി മാറ്റുന്നതിന് ജലവിഭവ വകുപ്പ് സ്റ്റാര്‍ട്ടപ്പ് മിഷനുമായി കൈകോര്‍ത്താണ് കേരള വാട്ടര്‍ അതോറിറ്റി ഇന്നവേഷന്‍ സോണ്‍ രൂപീകരിച്ചത്. ആദ്യസംരംഭമായാണ് ജന്റോബോട്ടിക്‌സ് എന്ന യുവസംരംഭക സ്ഥാപനമാണ് റോബോട്ട് നിര്‍മിച്ചത്. പൈപ്പ് പൊട്ടല്‍, കുഴലുകള്‍ക്കുള്ളിലുണ്ടാകുന്ന തടസ്സങ്ങള്‍ എന്നിവ മൂലം ജലവിതരണത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരവും ഇന്നവേഷന്‍ സോണിന്റെ പരിഗണനയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button