മനോജ്
ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള സിപിഎം സംസ്ഥാന സമ്മേളനം ഇപ്പോള്‍ തൃശൂരില്‍ നടക്കുകയാണ്. സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണെങ്കിലും മറ്റ് ഭാരവാഹികളുടെ സ്ഥിതി പരുങ്ങലിലാണ്. നേതാക്കളുടെ ആഡംബര ജീവിതവും മക്കള്‍ വിവാദവും തുടങ്ങി ഷുഹൈബിന്‍റെ കൊലപാതകം വരെ വിവിധ വിഷയങ്ങളില്‍ ഉത്തരം മുട്ടി നില്‍ക്കുന്ന നേതാക്കള്‍ അണികള്‍ക്ക് മുന്നില്‍
കാര്യങ്ങള്‍ വിശദികരിക്കാന്‍ ഏറെ പാടുപെടും. പുറമേ എല്ലാം ഭദ്രമെന്ന് നടിക്കുന്ന മന്ത്രിമാര്‍ പോലും പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് രഹസ്യമായി സമ്മതിക്കുന്നുണ്ട്.
You may also like: സിപിഐഎം പാര്‍ട്ടികോണ്‍ഗ്രസ് ബലപരീക്ഷണ വേദിയാകും;ബിനോയ് കോടിയേരി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ബംഗാള്‍ ഘടകം
സോളാര്‍ പദ്ധതിയുടെ പേരില്‍ നടന്ന അഴിമതിയും വിവാദങ്ങളുമാണ് യുഡിഎഫ് സര്‍ക്കാരിനെ കടപുഴക്കിയെറിഞ്ഞത്. തല്‍ഫലമായി എല്‍ഡിഎഫിന് അധികാരത്തിലേക്ക് അനായാസമായ വാക്കോവര്‍ കിട്ടുകയും ചെയ്തു. പക്ഷെ സ്ഥാനമേറ്റ് രണ്ടു വര്‍ഷം തികയും മുമ്പേ പിണറായി സര്‍ക്കാരും സമാനമായ സാഹചര്യങ്ങളില്‍ കൂടിയാണ് കടന്നു പോകുന്നത്. ഇപി ജയരാജന്‍റെ ബന്ധുജന നിയമനവും എകെ ശശീന്ദ്രന്‍റെ ഫോണ്‍ കെണി വിവാദവും തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവും എല്‍ഡിഎഫ് സര്‍ക്കാരും മുന്‍ സര്‍ക്കാരില്‍ നിന്ന് ഒട്ടും വ്യത്യസ്ഥമല്ലെന്ന പ്രതിതിയുണ്ടാക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഡിജിപി ജേക്കബ് തോമസ് കൈക്കൊണ്ട അഴിമതി വിരുദ്ധ നടപടികള്‍ക്കും പ്രസ്താവനകള്‍ക്കും ശക്തമായ പിന്തുണയാണ് സിപിഎം നല്‍കിയത്. പുതിയ സര്‍ക്കാര്‍ സ്ഥാനമേറ്റതിന് ശേഷം അദ്ദേഹത്തെ തന്ത്രപ്രധാനമായ വിജിലന്‍സ് ഡിജിപി സ്ഥാനത്ത് അവരോധിക്കാനുംപാര്‍ട്ടി മടിച്ചില്ല. പക്ഷെ അധികം വൈകാതെ കാര്യങ്ങള്‍ മാറി. ബന്ധുജന നിയമന വിവാദത്തില്‍ പ്രതികൂല റിപ്പോര്‍ട്ട് നല്‍കിയതോടെ സിപിഎമ്മിലെ കണ്ണൂര്‍ ലോബിയുടെ നോട്ടപ്പുള്ളിയായി മാറിയ ജേക്കബ് തോമസിനെ അധികം വൈകാതെ ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് മാനേജ്മെന്‍റിന്‍റെ തലപത്തേക്ക് സ്ഥലം മാറ്റി.
തുടര്‍ന്ന് ഓഖി ദുരന്ത സമയത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്‍റെ പേരില്‍ സസ്പെന്‍ഷനിലാകുകയും ചെയ്തു. അധികാരത്തില്‍ ഇരിക്കുമ്പോള്‍ഒരു നയവും പ്രതിപക്ഷത്തെത്തുമ്പോള്‍ മറ്റൊരു നയവും എന്നതാണ് സിപിഎമ്മിനെ കുറിച്ച്എതിരാളികള്‍ പൊതുവേ ഉന്നയിക്കുന്ന ആക്ഷേപം. അത് ശരിയാണെന്ന് ജേക്കബ് തോമസിന്‍റെ അനുഭവം അടിവരയിട്ടുറപ്പിച്ചു.
ഫോണ്‍ കെണി വിവാദത്തില്‍ പരാതിക്കാരി മൊഴി മാറ്റിയതിനെ തുടര്‍ന്ന് കുറ്റ വിമുക്തനായ എകെ ശശീന്ദ്രന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തിയെങ്കിലും ആ ആനുകൂല്യം പക്ഷെ ഇപി ജയരാജന് ലഭിച്ചില്ല. വിജിലന്‍സ് പിന്നീട് നിരപരാധിയെന്ന് കണ്ടെത്തിയെങ്കിലും അദ്ദേഹം ഇപ്പോഴും പടിക്ക് പുറത്തു തന്നെയാണ്. കണ്ണൂര്‍ ലോബിയിലെ ചേരിപ്പോരാണ് മന്ത്രിസഭയിലേക്കുള്ള ജയരാജന്‍റെ മടങ്ങിവരവിന് തടസമെന്ന് കരുതുന്നവര്‍ ഏറെയാണ്. തോമസ് ചാണ്ടിയുടെയും നിലമ്പൂര്‍ എംഎല്‍എ അന്‍വറിന്‍റെയും പേരില്‍ വന്ന ഭൂമി കയ്യേറ്റ ആരോപണങ്ങള്‍ ഉറച്ച ഇടതുപക്ഷ അനുയായികള്‍ക്കിടയില്‍ പോലും
അവമതിപ്പുണ്ടാക്കി.
കോടിയേരി ബാലകൃഷ്ണന്‍റെ മക്കളുടെ പേരില്‍ വന്ന ആരോപണങ്ങള്‍ പാര്‍ട്ടിയിലെ വിഭാഗിയതയുടെ നാളുകള്‍ അവസാനിച്ചിട്ടില്ലെന്ന സൂചന നല്‍കി. ദുബായ് ബിസിനസ്സുകാരന്‍ മര്‍സൂഖി നല്‍കിയ കത്ത് സീതാറാം യെച്ചൂരി തന്നെയാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതെന്ന് മര്‍സൂഖിയുടെ അഭിഭാഷകന്‍ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് ബാന്ധവത്തിനു വേണ്ടി ബംഗാള്‍ ഘടകത്തിന്‍റെ പിന്തുണയോടെ ജനറല്‍ സെക്രട്ടറി കേന്ദ്ര കമ്മിറ്റിയില്‍ ഏറെ വാദിച്ചെങ്കിലും കേരള ഘടകത്തിന്‍റെ എതിര്‍പ്പ് മൂലമാണ് അത് നടക്കാതെ പോയത്. എതിര്‍ നീക്കത്തിന് ചുക്കാന്‍ പിടിച്ച കോടിയേരിയെ യെച്ചൂരി ഒതുക്കാന്‍ ശ്രമിച്ചതാണെന്നാണ് ഒരു വിഭാഗം പറയുന്നത്. മക്കള്‍ വിവാദത്തിന്‍റെ പേരില്‍ കോടിയേരിയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാന്‍ യെച്ചൂരി ആഗ്രഹിച്ചെങ്കിലും പിണറായിയെ മുന്നില്‍ നിര്‍ത്തി ഔദ്യോഗിക പക്ഷം ശക്തമായി പ്രതിരോധിച്ചത് കൊണ്ട് പിന്മാറേണ്ടി വന്നു.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്‍റെ കൊലപാതകത്തെ കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്. മക്കള്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി പാര്‍ട്ടി മനപൂര്‍വ്വം ആസൂത്രണം ചെയ്തതാണ് കൊലപാതകം എന്നാണ് പ്രതിപക്ഷം പറയുന്നത്. വസ്തുതകള്‍ എന്ത് തന്നെയായാലും ടിപി ചന്ദ്രശേഖരന്‍ വധക്കേസ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ഇനിയും മുക്തമാകാത്ത സിപിഎമ്മിനെ ഷുഹൈബിന്‍റെ കൊലപാതകം ഏറെക്കാലം വേട്ടയാടും.
സിപിഎം അക്രമ രാഷ്ട്രീയത്തിന്‍റെ വക്താക്കളാണെന്നും കണ്ണൂരിലെ സ്ഥിതി കാശ്മീരിനെക്കാള്‍ മോശമാണെന്നുമൊക്കെയാണ് ബിജെപി ദേശിയതലത്തില്‍ പ്രചരിപ്പിക്കുന്നത്. കണ്ണൂരിലെ രാഷ്രീയ കൊലപാതകങ്ങളില്‍ എല്ലാ പാര്‍ട്ടികള്‍ക്കും തുല്യ പങ്കാണുള്ളതെങ്കിലും മിക്ക സംഭവങ്ങളിലും സിപിഎം ഒരു വശത്തുണ്ട്. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ ഉത്തരവാദിത്ത്വബോധത്തോടെ പെരുമാറേണ്ട പാര്‍ട്ടി നിഷ്ടൂരമായ കൊലപാതകങ്ങളിലും അക്രമങ്ങളിലും ഭാഗഭാക്കാകുന്നത് ഏതൊരു ജനാധിപത്യ വിശ്വാസിയേയും വേദനിപ്പിക്കും. അംഗത്വത്തില്‍ വര്‍ദ്ധനവുണ്ടായെങ്കിലും അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണെന്ന് സിപിഎം സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നത് ഇതിനോട് ചേര്‍ത്ത് വായിക്കാം. അടിസ്ഥാന ഇടതുപക്ഷ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് കോടീശ്വരന്മാരുടെ മടിശീലക്കും കൊട്ടേഷന്‍ സംഘങ്ങളുടെ ഗുണ്ടാശക്തിക്കും പിന്നാലെ പോകുന്നത് പാര്‍ട്ടിയെ ചെളിക്കുണ്ടില്‍ താഴ്ത്തുമെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ഈ ഗുരുതരമായ പ്രതിസന്ധിയെ അതിജീവിക്കാന്‍ സിപിഎമ്മിന് കഴിയുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Post Your Comments