കണ്ണൂർ: ഷുഹൈബ് വധത്തിൽ ആകാശിന്റെ പുതിയ മൊഴി പാർട്ടിയെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഡമ്മി പ്രതികളെ നൽകാമെന്ന് നേതൃത്വം ഉറപ്പ് നൽകിയെന്നും ക്വട്ടേഷൻ നൽകിയത് ഡിവൈഎഫ്ഐ നേതാവെന്നുമാണ് ആകാശിന്റെ പുതിയ മൊഴി. യൂത്ത് കോൺഗ്രസ് നേതാവായ ശുഹൈബിന്റെ കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്ന് സിപിഎം നേതാക്കൾ ആവർത്തിച്ച് പറയുന്നതിനിടെയാണ് ആകാശിന്റെ ഈ മൊഴി. എന്നാൽ ടി പി കേസ് പ്രതികൾ ഈ കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നു വരുത്തി തീർക്കാനായി ആകാശിനോ കൊണ്ട് പറയിക്കുകയാണ് ഈ മൊഴി എന്നാണു കണ്ണൂരിലെ കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
ആകാശിന്റെ മൊഴി പ്രകാരം കൊല നടത്താൻ പോകുമ്പോൾ തന്നെ ഡമ്മി പ്രതികളെ ഏർപ്പാടാക്കാമെന്ന ഉറപ്പു ലഭിച്ചിരുന്നുവെന്നും കൊല നടത്തിയത് താൻ ആണെന്ന് സമ്മതിക്കുന്നത് പോലെയുമാണ് മൊഴി. പ്രതികളെ നൽകിയാൽ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിക്കില്ല. അക്കാര്യം പാർട്ടി നോക്കിക്കൊള്ളുമെന്ന ഉറപ്പും ലഭിച്ചു. ശുഹൈബിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് പ്രാദേശിക ഡിവൈഎഫ്ഐ നേതാവാണെന്നും ആകാശ് മൊഴി നൽകി. മർദ്ദിച്ചാൽ പോരേയെന്ന് ചോദിച്ചപ്പോൾ വെട്ടണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു.
ഭരണമുണ്ടെന്നും പാർട്ടി സഹായിക്കുമെന്നും നേതൃത്വം ഉറപ്പ് നൽകിയിരുന്നു. കൊലക്കു ശേഷം താനും റിജിലും നാട്ടിലേക്ക് തന്നെ പോയി. മരണം ഉറപ്പായതിന് ശേഷമാണ് തങ്ങൾ ഒളിവിൽ പോയതെന്നും മൊഴിയിൽ പറയുന്നു. സംഭവത്തിന് ശേഷം രണ്ടു വണ്ടിയിലാണ് പോയത്.കുട്ടത്തിലുള്ള ഡിവൈഎഫ്ഐ പ്രവർത്തകനാണ് ആയുധങ്ങൾ കൊണ്ടുപോയത്. എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്നും മൊഴിയിൽ പറയുന്നു. എന്നാൽ ഈ മൊഴിയുടെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്ന് ഇനിയും വ്യക്തതയില്ല.
Post Your Comments