ന്യൂഡല്‍ഹി : വരാനിരിക്കുന്ന സാമ്പത്തിക വർഷം മുതൽ ഇപിഎഫ് നിക്ഷേപത്തിനു ലഭിക്കുന്ന പലിശനിരക്ക് 0.1 ശതമാനം കുറയ്ക്കുന്നു. ഇപിഎഫ് കേന്ദ്ര ട്രസ്റ്റ് ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം. കഴിഞ്ഞവര്‍ഷം 8.65 ശതമാനം പലിശ ലഭിച്ച സ്ഥാനത്ത് ഇക്കൊല്ലം 8.55 ശതമാനം മാത്രമേ ലഭിക്കൂ
ചുരുങ്ങിയത് 10 ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഇപിഎഫ് പദ്ധതി നടപ്പാക്കാന്‍ തീരുമാനമായി. 10 വര്‍ഷം മുമ്പ് കേന്ദ്ര ട്രസ്റ്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തതാണ് ഇത്. ഇപ്പോഴാണ് നിയമം ഭേദഗതിചെയ്ത് നടപ്പാക്കുന്നത്. നിലവില്‍ കുറഞ്ഞത് 20 ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ഇപിഎഫ് പദ്ധതി.
പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന സ്ത്രീജീവനക്കാരുടെ പിഎഫ് വിഹിതം എട്ടു ശതമാനമായി കുറയ്ക്കാനുള്ള ഭേദഗതി നിര്‍ദേശം പിന്‍വലിക്കണമെന്ന് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് യോഗത്തില്‍ അധ്യക്ഷനായ തൊഴില്‍ മന്ത്രി സന്തോഷ് ഗങ്വാര്‍ അറിയിച്ചു.
സ്ത്രീജീവനക്കാരുടെ ഇപിഎഫ് വിഹിതം എട്ടു ശതമാനമായി കുറച്ചാല്‍ കൂടുതല്‍ തൊഴിലവസരം ഉണ്ടാകുമെന്ന സര്‍ക്കാര്‍ വാദം അപമാനകരമാണെന്ന് എ കെ പത്മനാഭന്‍ (സിഐടിയു) യോഗത്തില്‍ പറഞ്ഞു. ഏതു മേഖലയിലെയും പിഎഫ് വിഹിതം വെട്ടിക്കുറയ്ക്കാന്‍ വഴിയൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തൊഴില്‍ നിയമഭേദഗതികള്‍ കൊണ്ടുവരേണ്ടത് തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്താണ്. ധനമന്ത്രി ബജറ്റില്‍ തൊഴില്‍ നിയമഭേദഗതികള്‍ പ്രഖ്യാപിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ട്രേഡ് യൂണിയന്‍ പ്രതിനിധികളും സര്‍ക്കാര്‍ നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
Post Your Comments