ആഴക്കടലിലെ ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന കാഴ്ചകളിലൊന്ന് എന്നാണ് ആ തടാകത്തിനെ ഗവേഷകര്‍ വിശേഷിപ്പിച്ചത്. ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ ആഴങ്ങളിലാണ് ‘ജിക്കൂസി ഓഫ് ഡിസ്‌പെയര്‍’ അഥവാ വിഷാദം നിറഞ്ഞ നീരുറവ എന്നു പേരിട്ടു വിളിക്കുന്ന ആ തടാകം. കടലിന്നടിയില്‍ നൂറടി ചുറ്റളവിലാണ് ഈ ‘കൊടും ഉപ്പുതടാക’മുള്ളത്. ചുറ്റിലുമുള്ള കടലിലെ ലവണാംശത്തേക്കാള്‍ അഞ്ചിരട്ടിയിലേറെയാണ് ഇവിടത്തെ ഉപ്പ്. ആഴമാകട്ടെ 12 അടിയോളം വരും. ഭൗമോപരിതലത്തില്‍ നിന്ന് 3300 അടി താഴെയാണ് ഈ തടാകം. നൂറടി ചുറ്റളവില്‍ തികച്ചും വ്യത്യസ്തമായ ആവാസവ്യവസ്ഥയാണിവിടെ. ഇതിലേക്കു ചെന്നുപെട്ടാല്‍ നിമിഷങ്ങള്‍ക്കകം മനുഷ്യന്‍ മരിച്ചു വീഴും.
മനുഷ്യന്‍ മാത്രമല്ല ഏതു ജീവിയാണെങ്കിലും കടലിന്നിടയിലെ ആ ‘നിഗൂഢ’ തടാകത്തില്‍ പെട്ടുപോയാല്‍ ചത്തു മലച്ചു വീഴും. തടാകം നിറയെ അത്തരത്തില്‍ ചത്തുകിടക്കുന്ന ജീവികളുടെ മൃതദേഹങ്ങളാണ്. ജീവനോടെ അവിടെ കാര്യമായൊന്നിനെയും കാണാനാകില്ല. 98 ശതമാനം വരുന്ന അവിടത്തെ ജീവിവര്‍ഗങ്ങളും കണ്ണു കൊണ്ടു പോലും കാണാനാകാത്ത വിധം സൂക്ഷ്മജീവികളാണ്. ലവണാംശം കൂടിയതല്ല ഇവിടെ ജീവികളുടെ ശവപ്പറമ്പാക്കുന്നത്. മറിച്ച് സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്താല്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മീഥെയ്‌നും ഹൈഡ്രജന്‍ സള്‍ഫൈഡുമാണ് വില്ലന്മാര്‍. തടാകത്തിന്നടിയില്‍ നിന്ന് ഇവ സൃഷ്ടിക്കുന്ന കുമിളകള്‍ക്കൊപ്പം ഉപ്പും മുകളിലേക്കു പൊങ്ങി വരുന്നതു കാണാം.
ബാക്ടീരിയ, ചെറിയ വിരകള്‍, കൊഞ്ച് തുടങ്ങിയവയാണ് തടാകത്തില്‍ നിലനില്‍ക്കുന്ന ഒരേയൊരു ജീവിവര്‍ഗം. ഈ തടാകത്തെപ്പറ്റി വര്‍ഷങ്ങളായി ഗവേഷകര്‍ക്കറിയാം, ഇപ്പോള്‍ ഇതിനെപ്പറ്റിയുള്ള പഠനം ശക്തമാക്കാനൊരുങ്ങുകയാണെന്നു മാത്രം. അതിനും കാരണമുണ്ട്. ഇത്തരം വിഷാംശം നിറഞ്ഞ ചുറ്റുപാടിനെ ജീവികള്‍ എങ്ങനെ അതിജീവിക്കുന്നു എന്നാണു ഗവേഷകര്‍ക്ക് അറിയേണ്ടത്. ശാരീരികമായോ ജനിതകപരമായോ ഉള്ള എന്തു പ്രത്യേകതയാണ് ഇതില്‍ ജീവികളെ സംരക്ഷിക്കുന്നതെന്നും മനസ്സിലാക്കണം. ഇതിനു വേണ്ടി തടാകത്തിലെ ഓരോ സൂക്ഷ്മജീവിയുടെയും സാംപിളുകള്‍ ശേഖരിച്ച് പഠനം ആരംഭിച്ചു കഴിഞ്ഞു. ലക്ഷ്യം മറ്റൊന്നുമല്ല, സൗരയൂഥത്തിലെ വിദൂരഗ്രഹങ്ങളിലേക്കുള്ള മനുഷ്യന്റെ യാത്രയില്‍ ദുഷ്‌കരവും വിഷമയവുമായ ചുറ്റുപാടുകളെ അതിജീവിക്കാന്‍ സഹായിക്കുന്ന ഒരു കിടിലന്‍ സൂത്രവിദ്യ കടലിന്നടിയിലെ തടാകത്തില്‍ ഒളിച്ചിരിപ്പുണ്ട്, അത് കണ്ടെത്തണം. വിഷാദം നിറഞ്ഞ നീരുറവ സന്തോഷം നിറഞ്ഞ ഒരു കണ്ടെത്തല്‍ വൈകാതെത്തന്നെ ശാസ്ത്രലോകത്തിനു സമ്മാനിക്കുമെന്നു കരുതാം.
Post Your Comments