Latest NewsNewsInternational

കടലില്‍ അപകടകരമായ മാറ്റങ്ങള്‍ : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

ഗ്രീന്‍ലന്‍ഡിലെയും അന്റാര്‍ട്ടിക്കിലെയും മഞ്ഞുപാളികള്‍ വന്‍തോതില്‍ ഉരുകുന്നത് കടല്‍ നിരപ്പുയരുന്നതിന്റെ വേഗം വര്‍ധിപ്പിക്കുന്നുവെന്നാണ് സാറ്റലൈറ്റ് ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴത്തെ നിരക്കില്‍ കടല്‍നിരപ്പുയര്‍ന്നാല്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൂമിയിലാകെ ശരാശരി രണ്ടടിയോളം ഉയരത്തില്‍ കടല്‍നിരപ്പെത്തുമെന്ന് അമേരിക്കയിലെ നാഷണല്‍ അക്കാദമിക് ഓഫ് സയന്‍സിലെ ഗവേഷകര്‍ പറയുന്നു. 25 വര്‍ഷത്തെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്.

കടല്‍നിരപ്പുയരുന്നതിന്റെ വേഗതയില്‍ വ്യക്തമായ വര്‍ദനവ് കണക്കുകളില്‍ കാണാനാകുമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ഇരു ധ്രുവപ്രദേശങ്ങളിലെയും മഞ്ഞുപാളികള്‍ ഉരുകുന്നതിന്റെ വേഗതയുമായി ഇത് നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ആഗോളതാപനമാണ് ഇതിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണമെന്നും ഗവേഷകര്‍ പറയുന്നു. ഗൗരവമായി കാണേണ്ട പ്രതിഭാസമാണിതെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ കൊളറാഡോ സര്‍വ്വകലാശാലയിലെ പ്രഫസറായ സ്റ്റീവ് നെറം പറയുന്നു.

കഴിഞ്ഞ 25 വര്‍ഷത്തിനിടെയില്‍ കടല്‍നിരപ്പിലുണ്ടായത് ഏഴര സെന്റിമീറ്റര്‍ വര്‍ധനവാണ്. ഇതില്‍ 55 ശതമാനം വെള്ളം ചൂടാകുന്നതു മൂലം വികസിക്കുന്നതിലൂടെ സംഭവിച്ചതാണ്. 45 ശതമാനത്തോളം വര്‍ധനവിനു കാരണമായത് ഇരു ധ്രുവ പ്രദേശങ്ങളിലെയും മഞ്ഞുപാളികള്‍ ഉരുകുന്നതാണ്. ഈ രണ്ട് പ്രതിഭാസങ്ങള്‍ക്കും പ്രധാനമായി കാരണമാകുന്നത് ആഗോളതാപനമാണെന്നതാണ് മറ്റൊരു നിര്‍ണ്ണായകമായ വസ്തുത. കൂടാതെ 1993ല്‍ മഞ്ഞുപാളികള്‍ ഉരുകുന്ന തോതിന്റെ മൂന്നിരട്ടിയിലാണ് ഇപ്പോള്‍ മഞ്ഞുപാളികള്‍ ഉരുകുന്നതെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

മൂവായിരത്തോളം വര്‍ഷങ്ങളായി ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ വലിയ തോതിലുള്ള മാറ്റം കടല്‍നിരപ്പില്‍ ഉണ്ടായിട്ടില്ല. ഇതിനു ശേഷമാണ് കടല്‍നിരപ്പില്‍ ശ്രദ്ധേയമായ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഈ വര്‍ധനവിനു പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന മാറ്റങ്ങളും മനുഷ്യരുടെ ഇടപെടലുകളും കാരണമാണ്. എന്നാല്‍ പ്രകൃതിയിലെ സ്വഭാവിക കാരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യരുടെ ഇടപെടല്‍ മൂലമുള്ള കാരണങ്ങള്‍ ഏറെ വലുതാണെന്നു മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button